തിരുവല്ല: കെഎസ്ആർടിസി ബസ്‌സ്റ്റാൻഡിൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ യുവാവിന്റെ തല പെൺകുട്ടിയുടെ സുഹൃത്ത് അടിച്ചുപൊട്ടിച്ചു. ചങ്ങനാശ്ശേരി സ്വദേശി വിഷ്ണു(27)വിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ 10-ന് തിരുവല്ല കെഎസ്ആർടിസി ബസ്‌സ്റ്റാൻഡിന്‌ സമീപമായിരുന്നു സംഭവം.

To advertise here,

സ്റ്റാൻഡിൽ ബസ് കാത്തുനിന്നിരുന്ന പെൺകുട്ടിയോട് വിഷ്ണു അശ്ലീലഭാഷ പ്രയോഗിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി സുഹൃത്തായ യുവാവിനെ ഫോണിൽ വിളിച്ച് വിവരം പറഞ്ഞു. ഇതിനുപിന്നാലെ സ്ഥലത്തെത്തിയ യുവാവും വിഷ്ണുവുംതമ്മിൽ സ്റ്റാൻഡിനുപുറത്ത് വാക്കേറ്റമായി. വിഷ്ണു പാന്റ്‌സിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന താഴടങ്ങുന്ന ഇരുമ്പുചങ്ങലയുപയോഗിച്ച് പെൺകുട്ടിയുടെ സുഹൃത്തായ യുവാവിനെ മർദിക്കാനൊരുങ്ങി. ചങ്ങല പിടിച്ചുവാങ്ങിയ യുവാവ് അതേചങ്ങലയുപയോഗിച്ച് യുവാവിന്റെ തലയ്ക്കടിക്കുകയായിരുന്നു.

വിഷ്ണുവിന്റെ ഇടതുനെറ്റിയിൽമുറിവേറ്റു. പോലീസെത്തി ഇരുവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും, പരാതിയില്ലാത്തതിനാൽ കേസെടുത്തില്ല.