പത്തംനംതിട്ട: 24-കാരന്‍ വയോധികയുടെ മാല മോഷ്ടിച്ചത് ഓണ്‍ലൈന്‍ റമ്മി കളിച്ചുണ്ടായ കടം തീര്‍ക്കാനെന്ന് പോലീസ്. കോട്ടയം സ്വദേശിയായ അമല്‍ അഗസ്റ്റിനാണ് റമ്മി വഴി നഷ്ടമായ മൂന്ന് ലക്ഷം രൂപ തിരിച്ചുപിടിക്കാനും ഇനിയും കളിക്കാനുള്ള പണം കണ്ടെത്താനുമായി മോഷണം നടത്തിയത്.

To advertise here,

പത്തനംതിട്ട നെടിയകാലയില്‍ നവംബര്‍ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്തംനംതിട്ട സ്വദേശിയായ 73കാരിയുടെ കഴുത്തില്‍ കത്തിവെച്ച ശേഷം ഭീഷണിപ്പെടുത്തി പ്രതി മാല മോഷ്ടിക്കുകയായിരുന്നു. സിസിടിവി തെളിവുകളുടെയും പ്രതി സഞ്ചരിച്ച സ്‌കൂട്ടര്‍ കേന്ദ്രീകരിച്ചും പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അമല്‍ അഗസ്റ്റിനെ പിടികൂടിയത്. 

'പ്രതി റമ്മി കളിക്ക് അടിമയായിരുന്നു. മറ്റൊരാള്‍ മോഷ്ടിച്ചതാണെന്ന തോന്നലുണ്ടാക്കി ഇതിനുമുന്‍പ് സ്വന്തം വീട്ടില്‍നിന്നും പ്രതി 35,000 രൂപ മോഷ്ടിച്ചിരുന്നു. ഇതും റമ്മി കളിക്കാണ് ഉപയോഗിച്ചത്. പിന്നെയും പണം പലരും ആവശ്യപ്പെട്ടപ്പോള്‍ പെട്ടെന്ന് പണം കണ്ടെത്താനായി മോഷണം നടത്തുകയായിരുന്നു', പോലീസ് പറഞ്ഞു. 

സ്ത്രീകള്‍ ഒറ്റയ്ക്കു നടത്തുന്ന കടകളിലും മോഷണം നടത്താനായി ഇയാള്‍ ശ്രമിച്ചിരുന്നു. ഇതിനുശേഷമാണ് ഒറ്റയ്ക്കു താമസിക്കുന്ന 73 കാരിയുടെ മാല മോഷ്ടിച്ചത്. കോട്ടയം സ്വദേശിയായ പ്രതിയും അച്ഛനും സഹോദരിയുടെ വീടിന്റെ അടുത്ത് റബര്‍ ടാപ്പിങ് ജോലിയുടെ ഭാഗമായി വാടകയ്ക്ക് വീടെടുത്ത് താമസിക്കുകയായിരുന്നു.