താമരശ്ശേരി: താമരശ്ശേരിയിൽ ജൂവലറിയുടെ ചുമർതുരന്ന് അകത്ത് കയറിയ മോഷ്ടാക്കൾ അമ്പതുപവൻ സ്വർണം കവർന്നു. ദേശീയപാതയോരത്ത് താമരശ്ശേരി പോലീസ് സ്റ്റേഷനും ഡിവൈ.എസ്.പി ഓഫീസിനും 25 മീറ്റർ സമീപത്തായി സ്ഥിതിചെയ്യുന്ന റന ഗോൾഡ് ജൂവലറിയിലാണ് ചൊവ്വാഴ്ച അർധരാത്രിക്കും ബുധനാഴ്ച പുലർച്ചെയ്ക്കും ഇടയിൽ മോഷണം നടന്നത്.

To advertise here,

ലോക്കർതകർത്ത് അതിനുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണക്കമ്മലുകളും മറ്റുമാണ് അപഹരിച്ചത്. 23 ലക്ഷം രൂപ വിലമതിക്കുന്ന 400 ഗ്രാം സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടതെന്ന് ജൂവലറി ഉടമ കൊടുവള്ളി ആവിലോറ ചീത്തപാറമ്മേൽ അബ്ദുസലാം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ബുധനാഴ്ച രാവിലെ എട്ടരയോടെ ജീവനക്കാർ ജൂവലറി തുറക്കാനെത്തിയപ്പോഴാണ് കവർച്ചനടന്ന വിവരം അറിയുന്നത്. ജൂവലറി പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുകൾനിലയിലേക്ക് കയറുന്ന കോണിപ്പടിയുടെ ഷട്ടർ പൂട്ടുതുറന്ന് ഉയർത്തി, വലതുവശത്തെ ഭിത്തിതുരന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. മുഖംമറച്ച മൂന്നുപേരാണ് കവർച്ച നടത്തിയതെന്നാണ് സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് പോലീസിന് ലഭിച്ച സൂചന. ഒരാൾ പുറത്തുനിന്നപ്പോൾ മറ്റുരണ്ടുപേർ ജൂവലറിക്കുള്ളിൽ കയറുകയായിരുന്നു. കോണിപ്പടിയുടെ ഭാഗത്തേക്കുള്ള ഷട്ടർ താഴ്ത്തിയിട്ടതിനാൽ ഭിത്തിതുരക്കുന്ന ശബ്ദവും ലോക്കർതകർക്കുന്ന ശബ്ദവും പുറമേക്ക്‌ കേട്ടില്ല. മോഷ്ടാക്കളിലൊരാൾ അകത്ത് കടന്നയുടൻ സി.സി.ടി.വി. ക്യാമറയ്ക്ക് മുകളിലേക്ക് പെയിന്റ്‌ സ്പ്രേ ചെയ്തു. പിന്നീട് ലോക്കറിന്റെ വാതിലിന്റെ പകുതിഭാഗം ഇലക്‌ട്രിക് കട്ടർ ഉപയോഗിച്ച് മുറിച്ചു. തുടർന്ന് അടിഭാഗത്തുണ്ടായിരുന്ന വലിപ്പുതുറന്ന് അതിനകത്തെ അമ്പതുപവനോളം സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. ലോക്കറിന്റെ അടിഭാഗംമാത്രമാണ് മുറിച്ചെടുത്തതെന്നതിനാൽ മുകൾഭാഗത്തെ രണ്ടറകളിൽ സൂക്ഷിച്ചിരുന്ന സ്വർണം കവരാൻ സംഘത്തിന് സാധിച്ചില്ല.

വിവരമറിഞ്ഞ് കോഴിക്കോട് റൂറൽ എസ്.പി. ഡോ. അരവിന്ദ് സുകുമാറിന്റെ നേതൃത്വത്തിൽ താമരശ്ശേരി ഡിവൈ.എസ്.പി. ഇൻചാർജ് പി. പ്രമോദ്, ഇൻസ്പെക്ടർ എ. സായൂജ് കുമാർ, പ്രിൻസിപ്പൽ എസ്.ഐ. കെ.എസ്. ജിതേഷ്, എസ്.ഐ. ബി. ബാബുരാജൻ, സ്പെഷ്യൽസ്ക്വാഡ് എസ്.ഐ. രാജീവ് ബാബു തുടങ്ങിയവർ ഉൾപ്പെട്ട പോലീസ് സംഘം സ്ഥലത്തെത്തി.