ന്യൂഡല്‍ഹി: നിരോധിത തീവ്രവാദി സംഘടനയായ 'സിമി'യുടെ പ്രധാന പ്രവര്‍ത്തകന്‍ 22 വര്‍ഷത്തിന് ശേഷം ഡല്‍ഹി പോലീസിന്റെ പിടിയിലായി. സിമിയുടെ മാഗസിന്‍ എഡിറ്ററുടെ ചുമതലയടക്കം വഹിച്ചിരുന്ന ഹനീഫ് ഷെയ്ഖിനെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം മഹാരാഷ്ട്രയിലെ ബുസാവലില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ നേരത്തെ യു.എ.പി.എ. ചുമത്തിയിരുന്നു. 2001-ല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയും കേസെടുത്തിരുന്നു. 2002-ല്‍ ഡല്‍ഹി കോടതി പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചിരുന്നു. 

To advertise here,

കേരളത്തില്‍ ഉള്‍പ്പെടെ സിമി യോഗങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ പ്രധാനപങ്കുവഹിച്ചയാളാണ് ഹനീഫ്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി, കര്‍ണാടക എന്നിവിടങ്ങളിലും ഇയാള്‍ സിമി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. 

ഡിപ്ലോമ വിദ്യാഭ്യാസമുള്ള ഹനീഫ് ഷെയ്ഖ് 1997-ലാണ് സിമിയില്‍ അംഗമാകുന്നത്. പിന്നാലെ മുഴുവന്‍സമയ സിമി പ്രവര്‍ത്തകനായി. നിരവധി യുവാക്കളെയാണ് ഇയാള്‍ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തത്. 2001-ല്‍ സിമി തലവനായിരുന്ന സാഹിദ് ബദര്‍ ഇയാളെ സിമി പ്രസിദ്ധീകരണമായ 'ഇസ്ലാമിക് മൂവ്‌മെന്റി'ന്റെ എഡിറ്ററായി നിയമിച്ചു. മാഗസിന്റെ ഉര്‍ദു എഡിഷനായിരുന്നു ഹനീഫ് കൈകാര്യംചെയ്തിരുന്നത്. തുടര്‍ന്ന് വിദ്വേഷമുയര്‍ത്തുന്ന നിരവധി ലേഖനങ്ങള്‍ ഹനീഫ് പ്രസിദ്ധീകരിച്ചു. ഡല്‍ഹിയിലെ സിമി ആസ്ഥാനത്ത് ഹനീഫിനായി പ്രത്യേകമുറിയും അനുവദിച്ചിരുന്നു. 

2001-ല്‍ സിമി നിരോധനത്തിന് പിന്നാലെ പോലീസ് വ്യാപകമായ റെയ്ഡ് നടത്തിയെങ്കിലും ഹനീഫ് ഷെയ്ഖ് അടക്കമുള്ള ചിലര്‍ ഒളിവില്‍പോയി. പിന്നീട് പോലീസിനെ വെട്ടിച്ച് പലയിടങ്ങളിലായാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. 

സിമിയുടെ നിരോധനത്തിന് ശേഷം ചില പ്രവര്‍ത്തകര്‍ ചേര്‍ന്ന് മറ്റുചില സംഘടനകള്‍ രൂപവത്കരിച്ചിരുന്നു. പോലീസിനെ വെട്ടിച്ച് ഒളിവില്‍കഴിഞ്ഞിരുന്ന ഹനീഫ്, ഇക്കാലയളവില്‍ ഈ സംഘടനകളിലും പ്രവര്‍ത്തിച്ചു. മഹാരാഷ്ട്രയിലെ വിവിധയിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. 

സിമി മാഗസിനില്‍ പ്രസിദ്ധീകരിച്ചിരുന്ന 'ഹനീഫ് ഹുദായി' എന്ന പേര് മാത്രമായിരുന്നു ഇയാളെക്കുറിച്ച് പോലീസിന് കിട്ടിയ പ്രാഥമികവിവരം. അതിനാല്‍ത്തനെ ഇയാളെ തിരിച്ചറിയാനും പോലീസ് ഏറെ പണിപ്പെട്ടു. കഴിഞ്ഞ നാലുവര്‍ഷമായി പോലീസ് ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. ഇതിനിടെയാണ് മുഹമ്മദ് ഹനീഫ് എന്ന പേരില്‍ ബുസാവലില്‍ താമസിക്കുന്നതായി വിവരം ലഭിച്ചത്. പ്രതി ബുസാവലിലെ ഉര്‍ദുമീഡിയം സ്‌കൂളില്‍ അധ്യാപകനായി ജോലിചെയ്യുകയാണെന്നും പോലീസ് സ്ഥിരീകരിച്ചു. തുടര്‍ന്ന് ഫെബ്രുവരി 22-ാം തീയതിയാണ് പ്രതിയെ തന്ത്രപൂര്‍വം പോലീസ് പിടികൂടിയത്.