കൊല്ലം: ക്വാറി വാങ്ങുന്നയാളുടെ ഏജന്റെന്നപേരിൽ റവന്യൂ അണ്ടർ സെക്രട്ടറിയെത്തി നടത്തിയ അന്വേഷണത്തിൽ കൊട്ടാരക്കര തഹസിൽദാർ അടക്കം നാലുപേർ കുടുങ്ങി. കൊട്ടാരക്കര തഹസിൽദാർ അജികുമാർ, ഡെപ്യൂട്ടി തഹസിൽദാർ അനിൽകുമാർ, ഡ്രൈവർ മനോജ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്‌. ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവർ തസ്തികയിൽ ജോലിനോക്കുന്ന മനോജിനെ പിരിച്ചുവിടാനും ഉത്തരവായി.

To advertise here,

ഒരാഴ്ചമുൻപ്‌ മന്ത്രി കെ.രാജന് ലഭിച്ച പരാതിയെ തുടർന്നാണ് വേഷംമാറിയുള്ള ഓപ്പറേഷനും നടപടിയും. കൊട്ടാരക്കര തഹസിൽദാരും ഓഫീസിലെ താത്‌കാലിക ഡ്രൈവറും ചേർന്ന് ഒരുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി കുളക്കട സ്വദേശി മന്ത്രിക്ക് പരാതി നൽകി. ഉടൻതന്നെ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. കുമ്മിൾ വില്ലേജിൽ ക്വാറി വാങ്ങുന്നയാളുടെ ഏജന്റാണെന്ന വ്യാജേന റവന്യൂ അണ്ടർ സെക്രട്ടറി തഹസിൽദാരെ സമീപിച്ചു. എല്ലാവരെയും സഹായിക്കുന്ന നിലപാടാണ് തനിക്കുള്ളതെന്നും താൻ കാശ് വാങ്ങാറുണ്ടെന്നും തഹസിൽദാർ സമ്മതിച്ചു.

വാങ്ങാനുദ്ദേശിക്കുന്ന ക്വാറിയുടെ കരമടച്ച രസീത് തനിക്ക് വാട്സാപ്പ് ചെയ്താൽ വിശദവിവരങ്ങൾ അറിയിക്കാമെന്ന് ഡെപ്യൂട്ടി തഹസിൽദാർ അനിൽകുമാർ പറഞ്ഞു. കേസുകളും എതിർപ്പുമുണ്ടെങ്കിലും പ്രശ്നം പരിഹരിക്കാവുന്നതാണെന്നും അതിന് എന്താണ് ചെയ്യേണ്ടതെന്ന് പറയാമെന്നും ഡെപ്യൂട്ടി തഹസിൽദാർ അറിയിച്ചതായാണ് റിപ്പോർട്ടിലുള്ളത്. തഹസിൽദാർക്ക് ഏഴരലക്ഷം രൂപയും ഡെപ്യൂട്ടി തഹസിൽദാർ അടക്കമുള്ള ഉദ്യോഗസ്ഥർക്ക് രണ്ടരലക്ഷം രൂപയും ചേർത്ത് ആകെ 10 ലക്ഷം രൂപ നൽകണമെന്ന് ഡ്രൈവർ മനോജ് ഫോണിലൂടെ അറിയിച്ചു. വില്ലേജ് ജീവനക്കാർക്ക് നൽകേണ്ട ചെറിയ തുക ഇതിനുപുറമേ ഉണ്ടെന്നും പറഞ്ഞു. 

ക്വാറി തുടങ്ങാൻ മാത്രമുള്ളതാണെന്നും തുടങ്ങിയാൽ മാസം ഒന്നരലക്ഷം രൂപമുതൽ രണ്ടുലക്ഷം രൂപവരെ തഹസിൽദാർക്ക് എത്തിക്കണമെന്നും മനോജ് പറഞ്ഞതായി റിപ്പോർട്ടിലുണ്ട്. അണ്ടർ സെക്രട്ടറി ‘ഏജന്റാ’യി തഹസിൽദാരുമായി നടത്തിയ സംഭാഷണത്തിൻറെ വീഡിയോ ദൃശ്യങ്ങളും ഫോൺ സംഭാഷണത്തിൻറെ റെക്കോഡും ഡ്രൈവർ മനോജ് നടത്തിയ സംഭാഷണത്തിൻറെ ഓഡിയോ റെക്കോഡും തെളിവായി സമാഹരിച്ചിട്ടുണ്ട്.

അഴിമതിക്കാർക്കെതിരേ കർശന നടപടി

റവന്യൂവകുപ്പിലെ അഴിമതി സംബന്ധിച്ച് ഒട്ടേറെ പരാതികളാണ് ഉയർന്നുവരുന്നത്. പൊതുജനങ്ങൾക്ക് അഴിമതി സംബന്ധിച്ച് നേരിട്ട് മന്ത്രിക്കുതന്നെ പരാതി നൽകാം. പരാതിക്കാരന്റെ വിവരങ്ങൾ വെളിപ്പെടുകയില്ല. പരാതിയിൽ കഴമ്പുണ്ടെന്നുകണ്ടാൽ മുഖംനോക്കാതെ ശക്തമായ നടപടി സ്വീകരിക്കും. വകുപ്പിനെ അഴിമതിമുക്തമാക്കും.

-കെ.രാജൻ,
റവന്യൂമന്ത്രി.