കൊച്ചി: അഭയ കേസിലെ ജാമ്യവ്യവസ്ഥ അനുസരിച്ച് പ്രതികളായ ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും ശനിയാഴ്ച എറണാകുളം സി.ബി.ഐ. ഓഫീസിലെത്തി. എന്നാല്‍, ആശയക്കുഴപ്പം പരിഹരിക്കാനാവാത്തതിനാല്‍ സി.ബി.ഐ. ഓഫിസില്‍ ഇരുവര്‍ക്കും ഒപ്പിടാന്‍ ആയില്ല. ഏത് ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകണമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ലെന്നും ആശയക്കുഴപ്പം തീര്‍ക്കാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ഇവരുടെ അഭിഭാഷകര്‍ പറഞ്ഞു.

To advertise here,

അഭയ കേസില്‍ ജാമ്യം കിട്ടിയത് ദൈവം തന്ന അവസരമായി കണക്കാക്കുന്നുവെന്ന് ഫാ. തോമസ് കോട്ടൂര്‍ പറഞ്ഞു. 2021 ഡിസംബര്‍ 23-നായിരുന്നു അഭയ കേസില്‍ പ്രതികളെ ഇരട്ട ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത്.

അഭയ കേസില്‍ ഫാ. തോമസ് കോട്ടൂരിന്റെയും സിസ്റ്റര്‍ സെഫിയുടെയും ശിക്ഷ നടപ്പിലാക്കുന്നത് നിര്‍ത്തിവച്ച് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ഇരുവരും ജയില്‍മോചിതരായത്. കേസില്‍ വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ചാണ് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വിചാരണക്കോടതിയുടെ ശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടെ ഹര്‍ജിയില്‍ തീര്‍പ്പാകും വരെ ഇരുവര്‍ക്കും ജാമ്യത്തില്‍ തുടരാം.