
കൊച്ചി: സിസ്റ്റർ അഭയയെ കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതി ജീവപര്യന്തം ശിക്ഷിച്ചത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മൂന്നാംപ്രതി സിസ്റ്റർ സെഫി ഹൈക്കോടതിയിൽ അപ്പീൽ നൽകി. കേസിൽ പ്രധാനപ്പെട്ട കാര്യങ്ങൾ പരിശോധിക്കുന്നതിൽ സി.ബി.ഐ. കോടതിക്ക് വീഴ്ചയുണ്ടായെന്നു കാട്ടിയാണ് സീനിയർ അഭിഭാഷകൻ പി. വിജയഭാനു വഴി അപ്പീൽ നൽകിയിരിക്കുന്നത്.
ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അടുത്തദിവസം അപ്പീൽ പരിഗണിച്ചേക്കും. ഒന്നാംപ്രതി ഫാ. തോമസ് കോട്ടൂർ നൽകിയ അപ്പീലിൽ സി.ബി.ഐ.ക്ക് നോട്ടീസ് നൽകാൻ നിർദേശിച്ചിരുന്നു.
അപ്പീലിൽ പറയുന്നത്
• അഭയ കൊല്ലപ്പെട്ട രാത്രിയിൽ ഒന്നാം പ്രതിയായ ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും പരസ്പരം കണ്ടതായി തെളിവില്ല.
• ആ രാത്രി ഇരു പ്രതികളും തമ്മിൽ എന്തെങ്കിലും പ്രവൃത്തിയിൽ ഏർപ്പെട്ടതിനും തെളിവില്ല.
• അന്ന് അഭയ ഇരുവരെയും ഒരുമിച്ചു കണ്ടതിനും തെളിവില്ല.
• അഭയയുടെ ശരീരത്തിലുണ്ടായിരുന്ന മുറിവുകൾ പ്രതികൾ ഉണ്ടാക്കിയതാണെന്നതിനും തെളിവില്ല.
• അഭയയെ പ്രതികളാണ് കിണറ്റിൽ തള്ളിയതെന്നതിനും തെളിവില്ല.
ഹൈമനോപ്ലാസ്റ്റി നടത്തിയെന്ന കണ്ടെത്തൽ തെറ്റ്
സിസ്റ്റർ സെഫി കന്യകയാണെന്നു തെളിയിക്കാൻ ഹൈമനോപ്ലാസ്റ്റി ശസ്ത്രക്രിയ നടത്തിയെന്ന സി.ബി.ഐ. കോടതിയുടെ കണ്ടെത്തൽ അപ്പീലിൽ ചോദ്യംചെയ്യുന്നുണ്ട്. കന്യാചർമം കൃത്രിമമായി വെച്ചുപിടിപ്പിക്കാൻ ഹൈമനോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്കു വിധേയയായിട്ടുണ്ടെന്നു പറയാൻ കഴിയില്ലെന്നാണ് പ്രോസിക്യൂഷൻ സാക്ഷിയായ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫൊറൻസിക് വിഭാഗം മേധാവി ഡോ. രമ നൽകിയ മൊഴി. ആ ശസ്ത്രക്രിയയുടെ പേര് എന്താണെന്നു പറയാൻപോലും തനിക്കറിയില്ലെന്നും അവർ മൊഴിനൽകിയിരുന്നു.
മറ്റൊരു പ്രോസിക്യൂഷൻ സാക്ഷിയായിരുന്ന ആലപ്പുഴ മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ലളിതാംബിക നൽകിയ മൊഴിയിൽ കന്യാചർമത്തിന് തകരാറില്ലെന്നാണു മൊഴിനൽകിയത്. ഹൈമനോപ്ലാസ്റ്റി നടത്തിയിട്ടുണ്ടാകുമെന്നും അവർ മൊഴിനൽകിയിരുന്നു.
Content Highlights:abhaya case sister sefi submitted appeal in highcourt
Published: 28 Jan 2021, 02:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented