ആലപ്പുഴ : എസ്.ഡി.പി.ഐ. നേതാവായിരുന്ന മണ്ണഞ്ചേരി സ്വദേശി അഡ്വ. കെ.എസ്. ഷാനിനെ കൊലപ്പെടുത്തിയ കേസ് ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് മൂന്നാംകോടതി വെള്ളിയാഴ്ച പരിഗണിക്കും.11 ബി.ജെ.പി. - ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ പ്രതികളായ സംഭവത്തില്‍ രണ്ടു കേസുകളാണ് ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് മൂന്നാംകോടതിയില്‍ നിലവിലുണ്ടായിരുന്നത്.

To advertise here,

എന്നാല്‍, ആദ്യം പിടിയിലായ ഒന്‍പതു പ്രതികളുടെ കേസും പിന്നീട് പിടിയിലായ രണ്ടു പ്രതികളുടെ കേസും ഒന്നിച്ചു വിചാരണചെയ്യാന്‍ കഴിഞ്ഞ 11-ന് സെഷന്‍സ് കോടതി ഉത്തരവിട്ടു. കേസില്‍ ആഭ്യന്തരവകുപ്പ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചിട്ടുണ്ട്. 143 സാക്ഷികളുണ്ട്. 483 പേജുകളുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. മണ്ണഞ്ചേരി സ്വദേശി രാജേന്ദ്രപ്രസാദ്, അവലൂക്കുന്ന് സ്വദേശി വിഷ്ണു, കാട്ടൂര്‍ സ്വദേശി അഭിമന്യു, പൊന്നാട് സ്വദേശി സനന്ദ്, ആര്യാട് വടക്ക് സ്വദേശി അതുല്‍, കോമളപുരം സ്വദേശി ധനീഷ്, മണ്ണഞ്ചേരി സ്വദേശി ശ്രീരാജ്, പൊന്നാട് സ്വദേശി പ്രണവ്, കൊല്ലം ക്ലാപ്പന സ്വദേശി ശ്രീനാഥ്, കൊക്കോതമംഗലം സ്വദേശി മുരുകേശന്‍, കാട്ടൂര്‍ സ്വദേശി രതീഷ് എന്നിവരാണ് പ്രതികള്‍.

കുറ്റപത്രം സമര്‍പ്പിച്ചശേഷമാണ് ശ്രീനാഥും മുരുകേശനും അറസ്റ്റിലാകുന്നത്. അതുകൊണ്ടാണ് രണ്ടു കേസുകളുണ്ടായത്. ഷാനിനെ കൊലപ്പെടുത്തിയതിന്റെ പിറ്റേദിവസമാണ് രഞ്ജിത്ത് ശ്രീനിവാസനെ വീട്ടില്‍ക്കയറി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നത്.

2021 ഡിസംബര്‍ 18-നു സന്ധ്യയ്ക്കാണ് ഷാന്‍ കൊല്ലപ്പെട്ടത്. വൈകുന്നേരം ഏഴരയോടെ മണ്ണഞ്ചേരിയില്‍ വെച്ചാണ് എസ്.ഡി.പി. ഐ. സംസ്ഥാന സെക്രട്ടറിയായ കെ.എസ്. ഷാനെ ആക്രമിച്ചത്. മണ്ണഞ്ചേരി പൊന്നാടുള്ള വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുമ്പോള്‍ കാറിലെത്തിയ സംഘം ഷാനെ വെട്ടി വീഴ്ത്തുകയായിരുന്നു. നാല്‍പ്പതിലധികം വെട്ടേറ്റ ഷാനിന്റെ കഴുത്തിനേറ്റ വെട്ടായിരുന്നു മരണകാരണം.