ന്യൂഡല്‍ഹി: ഇന്ത്യയിലെത്തിയ പാകിസ്താനി യുവതി സീമ ഹൈദര്‍ സിനിമ നടിയാകുന്നു. 'ജാനി ഫയര്‍ഫോക്‌സ്' നിര്‍മിക്കുന്ന 'എ ടെയ്‌ലര്‍ മര്‍ഡര്‍ സ്റ്റോറി' എന്ന സിനിമയിലാണ് സീമയ്ക്ക് അവസരം ലഭിച്ചിരിക്കുന്നത്. ഈ സിനിമയില്‍ 'റോ' ഉദ്യോഗസ്ഥയായാണ് സീമ വേഷമിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജാനി ഫയര്‍ഫോക്‌സ് സംഘം സീമ ഹൈദറിനെയും ഭര്‍ത്താവ് സച്ചിനെയും നേരിട്ടുകണ്ടു സംസാരിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഉദയ്പുരില്‍ തയ്യല്‍ക്കാരനായ കനയ്യലാലിനെ തീവ്രവാദികള്‍ കൊലപ്പെടുത്തിയ സംഭവത്തെ അടിസ്ഥാനമാക്കിയാണ് 'എ ടെയ്‌ലര്‍ മര്‍ഡര്‍ സ്റ്റോറി' എന്ന സിനിമ നിര്‍മിക്കുന്നത്. ജയന്ത് സിന്‍ഹ, ഭരത് സിങ് എന്നിവരാണ് സംവിധായകര്‍. ഇരുവരും കഴിഞ്ഞദിവസം സീമ ഹൈദറിനെയും സച്ചിന്‍ മീണയെയും കണ്ടിരുന്നു. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ 'റോ'യുടെ ഉദ്യോഗസ്ഥയായാണ് സീമ ഹൈദര്‍ സിനിമയില്‍ അഭിനയിക്കുകയെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
അതിനിടെ, നോയിഡയിലെ പുതിയ വീട്ടിലേക്ക് താമസം മാറിയതിന് പിന്നാലെ ജീവിതച്ചെലവുകള്‍ക്കുള്ള പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതായി സീമയും സച്ചിനും കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഭക്ഷണത്തിനും മറ്റുകാര്യങ്ങളും ബുദ്ധിമുട്ടുണ്ടെന്നും ഇരുവരും വീഡിയോസന്ദേശത്തില്‍ അവകാശപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് സീമയെ തേടി സിനിമക്കാര്‍ എത്തിയിരിക്കുന്നത്.
പബ്ജി ഗെയിം വഴി മൊട്ടിട്ട പ്രണയത്തിനൊടുവില്‍ നോയിഡ സ്വദേശിയും കാമുകനുമായ സച്ചിനൊപ്പം(22) ജീവിക്കാനായാണ് സീമ ഹൈദര്‍ അനധികൃതമായി ഇന്ത്യയിലെത്തിയത്. ഒന്നരമാസം മുന്‍പ് നാലുകുട്ടികളുമായാണ് ഇവര്‍ നേപ്പാള്‍ അതിര്‍ത്തിവഴി ഇന്ത്യയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് സച്ചിനൊപ്പം നോയിഡയിലെ വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു. ഇതിനിടെ സച്ചിനെ നിയമപരമായി വിവാഹം കഴിക്കാനുള്ള മാര്‍ഗങ്ങള്‍ തേടിയതോടെയാണ് സീമ പാകിസ്താന്‍ സ്വദേശിയാണെന്നും അനധികൃതമായാണ് ഇന്ത്യയില്‍ താമസിക്കുന്നതെന്നും വ്യക്തമായത്. സീമയെയും ഇവരെ അനധികൃതമായി താമസിപ്പിച്ചതിന് കാമുകനായ സച്ചിനെയും പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ഇവര്‍ക്ക് പിന്നീട് ജാമ്യം ലഭിച്ചു. നിലവില്‍ സച്ചിനൊപ്പമാണ് സീമയും നാലുകുട്ടികളും താമസിക്കുന്നത്.
പാകിസ്താന്‍ ഏജന്റാണെന്ന സംശയത്തെ തുടര്‍ന്ന് സീമയെ യു.പി. പോലീസും ഭീകരവിരുദ്ധ സേനയും മണിക്കൂറുകളോളം ചോദ്യംചെയ്തിരുന്നു. ഇവരുടെ മൊബൈല്‍ഫോണുകളും മറ്റുരേഖകളും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
Content Highlights: seema haider pakistani woman will be act as raw officer in a indian movie
Published: 03 Aug 2023, 10:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented