
ചേർത്തല: ചേർത്തലയിൽനിന്നു കാണാതായ റിട്ട. പഞ്ചായത്തു ജീവനക്കാരി ഹയറുമ്മ(ഐഷ) കേസിൽ സമഗ്ര അന്വേഷണത്തിനു പോലീസ്. ഇതിനായി ജില്ലാ പോലീസ് മേധാവി ചേർത്തല സ്‌റ്റേഷൻ ഓഫീസർ ജി. അരുണിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടറടങ്ങുന്ന ഒൻപതംഗ പ്രത്യേക സംഘത്തെ നിയോഗിച്ചു. സ്‌പെഷ്യൽ ബ്രാഞ്ചിൽ നിന്നും എസ്എസ് പിയിൽ നിന്നും പ്രത്യേക പരിശീലനം ലഭിച്ചവരെയാണ് സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവരുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
ഏറ്റുമാനൂരിൽനിന്നു കാണാതായ ജെയ്‌നമ്മ, ചേർത്തല സ്വദേശി ബിന്ദുപദ്മനാഭൻ എന്നിവർ കൊല്ലപ്പെട്ടതു പോലെ ഐഷയും കൊല്ലപ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. ജെയ്‌നമ്മക്കേസിൽ കൊലക്കുറ്റത്തിനു കേസെടുത്ത വസ്തു ഇടനിലക്കാരൻ പള്ളിപ്പുറം ചൊങ്ങംതറ കെ.എ. സെബാസ്റ്റ്യൻ റിമാൻഡിലാണ്. ബിന്ദുപദ്മനാഭൻ കേസിലും സെബാസ്റ്റ്യനെതിരേ കൊലക്കുറ്റത്തിനു കേസെടുക്കാൻ നടപടികളായി. ഐഷകേസിലും ഇയാളുടെ ബന്ധത്തിനു സൂചനകൾ ലഭിച്ചതായാണ് പ്രാഥമിക വിവരം.
'കളങ്കം' മാറ്റാൻ സെബാസ്റ്റ്യനെക്കുറിച്ച് സമഗ്രാന്വേഷണം
ബിന്ദുപദ്മനാഭൻ കേസിൽ ആദ്യഘട്ട അന്വേഷണം നടത്തിയ പോലീസിനെതിരേ രൂക്ഷ വിമർശനമുയർന്നിരുന്നു. അന്വേഷണം അട്ടിമറിച്ച് സെബാസ്റ്റ്യനു രക്ഷപ്പെടാൻ അവസരമൊരുക്കിയതായാണ് വിമർശനം. ഇതാണ് ജെയ്‌നമ്മ കൊലപാതകത്തിനടക്കം സാഹചര്യമൊരുക്കിയതെന്ന ആക്ഷേപങ്ങളും ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ പോലീസിന്റെ കളങ്കംമാറ്റാൻ സെബാസ്റ്റ്യനെക്കുറിച്ചുള്ള സമഗ്ര അന്വേഷണത്തിനു തന്നെയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ജെയ്‌നമ്മ, ബിന്ദുപദ്മനാഭൻ കേസുകൾ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ലോക്കൽ പോലീസിന് ഇടപെടൽ സാധ്യത നിലവിൽ ഐഷ കേസിൽ മാത്രമാണ്. ഇതോടെയാണ് സംശയനിഴലിലുള്ള സെബാസ്റ്റ്യന്റെ ഇടപെടലുകളെല്ലാം പരിശോധിക്കുന്നത്.
ഇയാളുടെയും ഇയാളുമായി ബന്ധപ്പെട്ടവരുടെയും സ്ഥലമിടപാടുകളും സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്. രജിസ്‌ട്രേഷൻ വകുപ്പുകൾവഴി വലിയതട്ടിപ്പുകൾ പലതും അരങ്ങേറിയിട്ടുള്ളതായും വകുപ്പിലെ പല ഉദ്യോഗസ്ഥരും കൂട്ടുനിന്നതായുള്ള വിവരവും പുറത്തുവരുന്നുണ്ട്. സെബാസ്റ്റ്യൻ ഇടനിലയായി പല സ്ഥലമിടപാടുകളിലും വമ്പൻ തിരിമറികളും നികുതിവെട്ടിപ്പുകളും നടന്നിരുന്നു. 2002 മുതൽ നടത്തിയിട്ടുള്ള ഇടപാടുകൾ പരിശോധിക്കുന്നുണ്ട്.
2013-ൽ ഇടപ്പള്ളിയിൽ ബിന്ദുപദ്മനാഭന്റെ പേരിലുണ്ടായിരുന്ന കോടികൾ വിലവരുന്ന ഭൂമി ഇയാൾ ആൾമാറാട്ടം നടത്തി വ്യാജരേഖകളുണ്ടാക്കി കച്ചവടം നടത്തിയിരുന്നു. ഇതിൽ കേസ് നടക്കുകയാണ്. ഇതിന്റെ അന്വേഷണത്തിലും അട്ടിമറികൾ നടന്നതായാണ് ആരോപണം. പ്രമാണം വ്യാജമാണെന്നു തെളിഞ്ഞെങ്കിലും ഇതു റദ്ദാക്കാനായിരുന്നില്ല.
2016 വരെ പെൻഷനെത്തി, ഐഷ വാങ്ങിയത് 2012 മേയ് വരെ
പഞ്ചായത്തിൽനിന്നു വിരമിച്ച ഐഷ 2012 മേയ് വരെ മാത്രമാണ് പെൻഷൻ വാങ്ങിയിരിക്കുന്നത്. മേയ് 13-നാണ് ഇവരെ കാണാതാകുന്നത്. അതിനാൽ മേയ് മാസത്തിൽത്തന്നെ ഇവർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇവർ ജീവിച്ചിരുന്നെങ്കിൽ പെൻഷൻതുക പിൻവലിക്കുമായിരുന്നു. ഇവരുടെ പെൻഷൻ 2016 വരെ ട്രഷറിയിലെ അക്കൗണ്ടിലേക്കെത്തിയിരുന്നു. ഇത് ആരും കൈപ്പറ്റിയിട്ടില്ല. ഇവർക്കുണ്ടായിരുന്ന വായ്പയിലേക്ക് ട്രഷറി അക്കൗണ്ടിൽനിന്നു പണം പോയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
Content Highlights: K.A. Sebastian, is the prime suspect in all missing and murder cases, police form special team
Published: 23 Aug 2025, 08:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented