
ഷില്ലോങ്: ഹണിമൂൺ വധക്കേസിൽ മേഘാലയ പോലീസിനെ കുഴക്കിയ 'സഞ്ജയ് വർമ്മ'യുടെ ദുരൂഹത നീങ്ങി. ഭർത്താവ് രാജാ രഘുവംശിയെ ഹണിമൂണിനിടെ കാമുകൻ രാജ് കുശ്‌വാഹയുടെ സഹായത്തോടെ ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കി കൊലപ്പെടുത്തിയ സോനത്തിന്റെ ഫോണിൽ മൂന്നാഴ്ച്ചയ്ക്കിടെ ഇരുന്നൂറിലധികം കോളുകൾ പോയതും വന്നതും സഞ്ജയ് വർമ്മ എന്ന ഒരൊറ്റ പേരിലായിരുന്നു. കാമുകനായ കുശ്‌വാഹയുടെ പേര് വീട്ടുകാരിൽനിന്ന് മറച്ചുവെക്കാൻ സോനം, സഞ്ജയ് വർമ്മ എന്ന പേരിൽ സേവ് ചെയ്യുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
ഭർത്താവ് രാജാ രഘുവംശിയുടെ കൊലപാതക കേസിലെ പ്രധാന പ്രതിയായ സോനം, കുശ്‌വാഹയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് സംശയങ്ങൾ ഒഴിവാക്കാൻ ഈ പേര് ഉപയോഗിച്ചതായി കരുതുന്നു. പോലീസ് അന്വേഷണം തുടരുന്നതിനിടെ, സോനവും 'സഞ്ജയ് വർമ്മ'യും 39 ദിവസത്തിനുള്ളിൽ 239 കോളുകൾ പരസ്പരം വിളിച്ചതായി പോലീസ് വെളിപ്പെടുത്തി.
സഞ്ജയ് വർമ്മ എന്ന പേരുള്ള ആരെയും തനിക്കറിയില്ലെന്ന് സോനത്തിന്റെ സഹോദരൻ ഗോവിന്ദ് മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. 'സഞ്ജയ് വർമ്മയെക്കുറിച്ച് എനിക്കൊന്നും അറിയില്ല. ഈ കേസിൽ സഞ്ജയുടെ പേരും ഉയർന്നുവരുന്നതായി ഇന്ന് ഞാനും അറിഞ്ഞു,' അദ്ദേഹം പറഞ്ഞു. ബുധനാഴ്ച, മേഘാലയ പോലീസ് സംഘം ഇൻഡോറിലെത്തി സോനം രഘുവംശിയുടെയും അവരുടെ കാമുകനും സഹപ്രതിയുമായ രാജ് കുശ്വാഹയുടെയും കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു.
രഘുവംശിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് സോനത്തിന് കല്യാണത്തിന് മുൻപ് കുശ്‌വാഹയുമായി ഉണ്ടായിരുന്ന ബന്ധം മാത്രമാണോ അതോ മറ്റെന്തെങ്കിലും പ്രേരണ ഉണ്ടായിരുന്നോ എന്ന് കണ്ടെത്താൻ ശ്രമിക്കുകയാണ പോലീസ്. നേരത്തെ, മേഘാലയ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അന്വേഷണത്തിന്റെ ഭാഗമായി കുറ്റകൃത്യം നടന്ന സ്ഥലം പുനരാവിഷ്‌കരിച്ചിരുന്നു. പ്രതികളായ സോനത്തിന്റെയുംം രാജ് കുശ്‌വാഹ ഉൾപ്പെടെ മറ്റ് നാല് പേരുടെയും സാന്നിധ്യത്തിൽ കൊലപാതകം നടന്ന സ്ഥലം സോഹ്‌റയിൽ പുനരാവിഷ്‌കരിച്ചു.
രാജാ രഘുവംശി മെയ് 11-നാണ് സോനത്തെ വിവാഹം കഴിക്കുന്നത്. മെയ് 20-ന് ദമ്പതികൾ മേഘാലയയിലേക്ക് പോയി. മൂന്ന് ദിവസത്തിന് ശേഷം ഇരുവരെയും കാണാതായി. രാജാ രഘുവംശിയുടെ മൃതദേഹം ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ സോഹ്‌റയ്ക്ക് സമീപമുള്ള വെള്ളച്ചാട്ടത്തിനടുത്തുള്ള കൊക്കയിൽനിന്ന് ജൂൺ രണ്ടിന് കണ്ടെത്തി. ജൂൺ 9-ന് പുലർച്ചെ ഉത്തർപ്രദേശിലെ ഗാസിപ്പൂരിൽനിന്ന് സോനത്തെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്ന്, രാജ് കുശ്‌വാഹയെയും രാജാ രഘുവംശിയെ കൊലപ്പെടുത്തിയ വാടകക്കൊലയാളികളാണെന്ന് കരുതുന്ന മറ്റ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തു.
Content Highlights: Who is Sanjay Verma None: Honeymoon Murder Case Mystery Solved
Published: 19 Jun 2025, 07:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented