ഇസ്ലാമാബാദ്: പാകിസ്താനി ടിക് ടോക് താരം സന യൂസഫ് ഇസ്ലാമാബാദിലെ വീട്ടിൽ വെടിയേറ്റ് മരിച്ചു. ടിക് ടോക് വീഡിയോകളിലൂടെ പ്രശസ്തയായ പതിനേഴുകാരിയായ സനയ്ക്ക് ഒട്ടേറെ ആരാധകർ ഉണ്ടായിരുന്നു. വീട്ടിനകത്ത് അതിക്രമിച്ചു കയറിയ അജ്ഞാതൻ സനയ്ക്കു നേരെ വെടിയുതിർത്ത ശേഷം രക്ഷപ്പെട്ടു. 

To advertise here,

ഇൻസ്റ്റാഗ്രാമിൽ അഞ്ച് ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള സന പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ചിത്രൽ സ്വദേശിയാണ്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് (പിഐഎംഎസ്) മാറ്റി. പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സമൂഹമാധ്യമങ്ങളിൽ സജീവമായതിന്റെ പേരിൽ സന ബന്ധുക്കളിൽനിന്ന് എതിർപ്പുകൾ നേരിട്ടിരുന്നുവെന്ന റിപ്പോർട്ടുകളുണ്ട്. അതുകൊണ്ട് തന്നെ ദുരഭിമാനക്കൊലയാണെന്നുള്ള ആരോപണം സജീവമാണ്. 

മാസങ്ങൾക്കു മുമ്പ് 15 വയസ്സുള്ള ക്വറ്റയിൽനിന്നുള്ള ഹിറ എന്ന പെൺകുട്ടി ടിക് ടോക്കിൽ സജീവമായതിന്റെ പേരിൽ പിതാവിന്റെയും അമ്മാവന്റെയും വെടിയേറ്റ് മരിച്ചിരുന്നു. ഹിറയുടെ പിതാവ് അൻവറുൽ ഹഖ് മകളുടെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ നിർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനു വഴങ്ങാത്തതാണ് കൊലയിലേക്കു നയിച്ചത്.

2016-ൽ പാകിസ്താനി സോഷ്യൽ മീഡിയ താരമായ ഖണ്ഡീൽ ബലൂച്ചിനെ സഹോദരൻ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയിരുന്നു. ഖണ്ഡീൽ ബലൂച്ച് പാകിസ്താൻ ക്രിക്കറ്റ് ടീമിന് വേണ്ടി നഗ്നതാപ്രദർശനം നടത്താമെന്നു വാഗ്ദാനം ചെയ്തതും വാലന്റൈൻസ് ഡേയിൽ ചുവന്ന ഗൗൺ ധരിച്ചതും ഒട്ടേറെ പേരെ പ്രകോപിതരാക്കിയിരുന്നു.