ജോധ്പൂർ: ആത്മീയനേതാവും യുവസന്യാസിനിയുമായ സാധ്വി പ്രേം ബൈസയുടെ മരണത്തിൽ ദുരൂഹത. രാജസ്ഥാനിലെ ജോധ്പൂരിലെ ആരതിനഗർ ആശ്രമത്തിലെ അന്തേവാസിയാണ് ഇവർ. വെള്ളിയാഴ്ച വൈകുന്നേരമാണ് പ്രേം ബൈസയെ ബൊരാനന്ദ ആശ്രമത്തിൽനിന്ന് പിതാവ് വീരം നാഥും മറ്റൊരു സഹായിയും ചേർന്ന് ജോധ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ബോധരഹിതയാണെന്നാണ് ഡോക്ടർമാരോട് പിതാവ് പറഞ്ഞത്. എന്നാൽ, ആശുപത്രിയിൽ എത്തിയപ്പോഴേക്കും അവർ മരണപ്പെട്ടിരുന്നു.

To advertise here,

രക്ഷിക്കാൻ എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും സാധിച്ചില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. സാധ്വി പ്രേം ബൈസയുടെ മരണത്തിന് മണിക്കൂറുകൾക്ക് ശേഷം അവരുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ പ്രത്യക്ഷപ്പെട്ടതാണ് ഇപ്പോൾ വലിയ വിവാദമായിരിക്കുന്നത്. താൻ ഈ ലോകത്തോട് എന്നെന്നേക്കുമായി വിട പറയുന്നുവെന്നും തന്റെ മരണശേഷം തീർച്ചയായും നീതി ലഭിക്കുമെന്നും അവർ കുറിച്ചു.

‘സനാതന ധർമ്മത്തിന്റെ പ്രചാരണത്തിനായി ഞാൻ ഓരോ നിമിഷവും ജീവിച്ചു... എന്റെ ജീവിതകാലം മുഴുവൻ, ആദി ജഗദ്ഗുരു ശങ്കരാചാര്യരുടെയും ലോകത്തിലെ യോഗി ഗുരുക്കന്മാരുടെയും ബഹുമാനപ്പെട്ട സന്യാസിമാരുടെയും അനുഗ്രഹങ്ങൾ എനിക്ക് ലഭിച്ചു. ആദി ഗുരു ശങ്കരാചാര്യർക്കും രാജ്യത്തെ നിരവധി മഹാത്മാക്കൾക്കും ഋഷിമാർക്കും ഞാൻ കത്തുകൾ എഴുതി, അഗ്നിപരീക്ഷണത്തിന് അഭ്യർത്ഥിച്ചു, എന്നാൽ, പ്രകൃതിയെന്താണ് കരുതിവെച്ചിരുന്നത്? ഞാൻ ഈ ലോകത്തോട് എന്നെന്നേക്കുമായി വിട പറയുന്നു, എന്നാൽ എനിക്ക് ദൈവത്തിലും ബഹുമാനപ്പെട്ട സന്യാസിമാരിലും ഋഷിമാരിലും പൂർണ്ണ വിശ്വാസമുണ്ട്. എന്റെ ജീവിതകാലത്ത് ലഭിച്ചില്ലെങ്കിലും, എന്റെ മരണശേഷം എനിക്ക് തീർച്ചയായും നീതി ലഭിക്കും.' കുറിപ്പിൽ പറയുന്നു.

പോസ്റ്റ് മുൻകൂട്ടി ഷെഡ്യൂൾ ചെയ്ത് പ്രസിദ്ധീകരിച്ചതാണോ മാറ്റാരെങ്കിലും പിന്നീട് ചെയ്തതാണോ എന്ന് അധികൃതർ അന്വേഷിക്കുകയാണ്. പോസ്റ്റിൽ ആത്മഹത്യയാണെന്ന സൂചനയാണെങ്കിലും ദുരൂഹതയുണ്ടെന്നാണ് വിവിധ രാഷ്ട്രീയ കക്ഷികളുടെ ആരോപണം. എൻഎൽപി നേതാവും ജാട്ട് നേതാവുമായ ഹനുമാൻ ബേനിവാൾ മരണത്തെക്കുറിച്ച് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടു.

സാധ്വിയുടെ പിതാവും ഗുരുവുമായ നാഥ് മകൾക്ക് പനിയുണ്ടെന്ന് പറഞ്ഞ് ആശുപത്രിയിലെ കോമ്പൗണ്ടറെ വിളിച്ചു. കോമ്പൗണ്ടർ കുത്തിവയ്പ്പ് നൽകിയ ശേഷം അവൾ അബോധാവസ്ഥയിലായി. പിന്നീടാണ് ആശുപത്രിയിൽ എത്തിക്കുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് വാഗ്ദാനം ചെയ്‌തെന്നും എന്നാൽ, പിതാവ് അത് നിരസിച്ച് സ്വന്തം കാറിൽ കൊണ്ടുപോയെന്നും ഡോക്ടർ പ്രവീൺ ജെയിൻ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

മകൾക്ക് വളരെക്കാലമായി ജലദോഷവും ചുമയും ഉണ്ടായിരുന്നു എന്നാണ് നാഥ് പറയുന്നത്. പോലീസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, കോമ്പൗണ്ടറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ മെഡിക്കൽ ഉപകരണങ്ങളും പിടിച്ചെടുത്തു.

കഴിഞ്ഞ മാസങ്ങളിൽ സാധ്വി പ്രേം ബൈസ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു, അവരുടെ ഒട്ടേറെ വീഡിയോകൾ വൈറലായി. പിതാവിനെ ഉൾപ്പെടുത്തി എഡിറ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ച ഒരാൾക്കെതിരെ അവർ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ഭീഷണിപ്പെടുത്താനും അപകീർത്തിപ്പെടുത്താനും ഉപയോഗിച്ചുവെന്ന് അവർ പോലീസിൽ പരാതി നൽകി. പരാതിയെത്തുടർന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ജാമ്യത്തിലിറങ്ങിയ ശേഷം, പ്രതിയുടെ കുടുംബം മാപ്പ് ചോദിച്ചതായും സാധ്വി ക്ഷമിച്ചതായും റിപ്പോർട്ടുകളുണ്ട്.

എന്നാൽ, ജയിലിൽനിന്ന് പുറത്തിറങ്ങിയ ശേഷം അതേ വ്യക്തി വീണ്ടും വീഡിയോ എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതായി ആരോപണങ്ങളുണ്ട്. ഇത് സാധ്വിക്ക് നേരെ വീണ്ടും പരിഹാസങ്ങൾ, അസഭ്യമായ കമന്റുകൾ, കടുത്ത മാനസിക സമ്മർദ്ദം എന്നിവയ്ക്ക് കാരണമായി. നിരന്തരമായ ഓൺലൈൻ പീഡനങ്ങളും മാനസിക സമ്മർദ്ദവുമാണോ അവരെ ഈ കടുത്ത നടപടിക്ക് പ്രേരിപ്പിച്ചത് എന്നതും ചോദ്യചിഹ്നമാണ്‌.

മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് സ്വാധിയുടെ അനുയായികളുടെ ആരോപണം. ആശ്രമത്തിലെ സിസിടിവി ദൃശ്യങ്ങൾ നഷ്ടപ്പെട്ടതായും അവർ അവകാശപ്പെട്ടു. പോസ്റ്റ്‌മോർട്ടത്തിന് അവരുടെ പിതാവ് ആദ്യം സമ്മതിക്കാതിരുന്നത് കൂടുതൽ സംഘർഷങ്ങൾക്ക് ഇടയാക്കി,  പിതാവിന് മരണത്തിൽ പങ്കുണ്ടെന്ന് ഒരു വിഭാഗം സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ച മഹാത്മാഗാന്ധി ആശുപത്രിയിലാണ് അവരുടെ പോസ്റ്റ്‌മോർട്ടം നടത്തിയത്.

സോഷ്യൽ മീഡിയയിലെ പരിഹാസങ്ങൾ, ബ്ലാക്ക് മെയിലിംഗ്, ആത്മഹത്യാക്കുറിപ്പിന്റെ ആധികാരികത എന്നിവയുൾപ്പെടെ എല്ലാ കോണുകളിൽനിന്നും അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.