ബെംഗളൂരു: സ്വർണം കടത്തിയതിന് അറസ്റ്റിലാകുന്നതിന് ഏകദേശം രണ്ട് വർഷം മുൻപ് താനും പങ്കാളിയും 2 കോടി രൂപയുടെ തട്ടിപ്പിന് ഇരയായെന്ന് കന്നഡ നടി രന്യ റാവു. തങ്ങളെ കബളിപ്പിച്ചത് ഉഗാണ്ട സ്വദേശിയായ ഏജന്റാണെന്നും പണം കൈമാറി ദിവസങ്ങളോളം കാത്തിരുന്നിട്ടും സ്വർണം ലഭിച്ചില്ലെന്നും രന്യ പറഞ്ഞതായി ഇഡി സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

To advertise here,

കഴിഞ്ഞ വർഷം മാർച്ച് മൂന്നിനായിരുന്നു  രന്യാ റാവു ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിക്കപ്പെട്ടത്. 14.8 കിലോ സ്വർണവും നടിയിൽ നിന്ന് പിടിച്ചെടുത്തിരുന്നു. ദുബായിൽനിന്ന് ബെംഗളൂരുവിലേക്ക് കടത്തിയ സ്വർണമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. 2024 മാർച്ച മുതൽ 2025 മാർച്ച് രന്യ റാവുവും കൂട്ടാളികളും ചേർന്ന് 127.28 കിലോ സ്വർണം ഇന്ത്യയിലേക്ക് അനധികൃതമായി കടത്തിയെന്നും ഈ സ്വർണം പിന്നീട് ഇടനിലക്കാരിലൂടെയും സ്വർണവ്യാപാരികളിലൂടെയും പ്രാദേശിക വിപണിയിൽ വിറ്റുവെന്നും ഇഡിയുടെ കുറ്റപത്രത്തിൽ പറയുന്നു.

രന്യയും പങ്കാളി തരുൺ രാജുവും കെനിയ, ടാൻസാനിയ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിലെ വിതരണക്കാരിൽ നിന്ന് നേരിട്ട് സ്വർണം കണ്ടെത്താൻ ശ്രമിച്ചിരുന്നു. ഇതിനായി ഇവർ 2023-ൽ ഒരു സ്ഥാപനം തുടങ്ങി. രന്യയും കൂട്ടാളിയും ഉഗാണ്ട ആസ്ഥാനമാക്കിയുള്ള 'ബെൻ' എന്ന ഏജന്റുമായി ബന്ധപ്പെട്ടു. ആദ്യം 5 കിലോ സ്വർണത്തിന്റെ ട്രയൽ, അതിനുശേഷം 50 കിലോയുടെ കരാർ എന്നിവയ്ക്ക് അവർ സമ്മതിച്ചു.

ഇടപാടിന് മുൻകൂറായി ഏകദേശം 23.5 ലക്ഷം രൂപ നൽകി. രണ്ട് തവണകളായി ഏകദേശം പത്തു ലക്ഷത്തോളം രൂപ നൽകി. പക്ഷേ ഏജന്റ് വാക്ക് പാലിച്ചില്ല.

2024 ജനുവരി 1-ന്, രാജു ഏജന്റിനെ കാണാനായി ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിലേക്ക് യാത്ര ചെയ്തു. അവിടെ വെച്ച് സ്വർണം കാണിക്കുകയും കൺസൈൻമെന്റ് വിട്ടുകിട്ടാൻ 1.7 കോടി രൂപ അധികമായി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബെന്നിന്റെ സുഹൃത്തുക്കൾ എന്ന് അവകാശപ്പെട്ടെത്തിയവർക്ക് പണം കൈമാറി. എന്നാൽ സ്വർണം നൽകിയില്ല.

ആഫ്രിക്കയിൽ പണം നഷ്ടപ്പെട്ടതോടെ ദുബായ് വിപണിയിൽ നിന്ന് സ്വർണം വാങ്ങി കടത്താനായിരുന്നും അടുത്ത നീക്കം. 2024 മുതൽ 2025 വരെ 127 കോടിയുടെ സ്വർണമാണ് കടത്തിയത്. അതിനിടെ മറ്റൊരു സ്വർണക്കടത്തുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിൽ രന്യയുടെ പേര് പോലീസിന്റെ ശ്രദ്ധയിലേക്ക് വന്നു.

അടിക്കടി വിദേശയാത്ര നടത്തുന്ന പതിവ് രന്യയ്ക്കുണ്ടായിരുന്നു. ആ സമയത്ത് രണ്ടാഴ്ചക്കിടെ നാലു തവണയാണ് രന്യ ദുബായ് യാത്ര നടത്തിയത്. എല്ലാ തവണയും ഒരേ വസ്ത്രം തന്നെയാണ് നടി ധരിച്ചിരുന്നത്. ഇതെല്ലാം ഡിആർഐ. സംഘത്തിന് സംശയത്തിന് കാരണമായി.

ദിവസങ്ങൾക്ക് ശേഷം നാട്ടിലെത്തിയ രന്യയെ കാത്ത് പോലീസ് കെമ്പഗൗഡ വിമാനത്താവളത്തിലുണ്ടായിരുന്നു. കസ്റ്റഡിയിലെടുത്ത രന്യയെ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോൾ ബെൽറ്റിലും വസ്ത്രത്തിനുള്ളിലും ചെരുപ്പിലും ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തി.

കർണാടകയിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ കെ. രാമചന്ദ്രറാവു രന്യയുടെ രണ്ടാനച്ഛനാണ്. ഇദ്ദേഹത്തിന്റെ പേര് പറഞ്ഞാണ് പലപ്പോഴും രന്യ പരിശോധനകളിൽ നിന്ന് രക്ഷപ്പെട്ടതെന്ന ആരോപണം ഉയർന്നു. സർണക്കടത്തിൽ പങ്കുണ്ടെന്ന ആരോപണങ്ങളെ രാമചന്ദ്രറാവു പാടെ നിരസിച്ചു.