മാവേലിക്കര: രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ വിധിപറഞ്ഞ മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയിൽ ചൊവ്വാഴ്ച രാവിലെ ആകാംക്ഷയുടെയും ആശങ്കയുടെയും നിമിഷങ്ങളായിരുന്നു. പത്തേമുക്കാലോടെ 14 പ്രതികളെയും വിലങ്ങണിയിച്ചു കോടതിയിലെത്തിച്ചു. 11 മണിക്കു തൊട്ടുമുൻപ്‌ കോടതികൂടുന്നതിനു മുന്നോടിയായുള്ള ബെല്ലുമുഴങ്ങി. കോടതി ഹാളിലുണ്ടായിരുന്ന അഭിഭാഷകരെല്ലാം എഴുന്നേറ്റു. ഒരുമിനിറ്റിനുശേഷം വീണ്ടും ബെല്ലുമുഴങ്ങി. കോടതികൂടുന്നതിനു മുന്നോടിയായി ഒറ്റത്തവണയാണ് സാധാരണ ബെല്ലടിക്കാറുള്ളത്. ആവർത്തിച്ചുള്ള ബെല്ലുകേട്ടത് അഭിഭാഷകരെയുൾപ്പെടെ അദ്‌ഭുതപ്പെടുത്തി. ഇതിനു പ്രത്യേകിച്ചു കാരണമൊന്നുമുണ്ടായിരുന്നില്ല. തുടർന്ന് അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവി കോടതിയിലെത്തി നടപടികളിലേക്കുകടന്നു.

To advertise here,
placeholder
ബി.ജെ.പി. ഒ.ബി.സി. മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രഞ്ജിത്ത് ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിലെ എല്ലാ പ്രതികൾക്കും വധശിക്ഷ കിട്ടിയ വിധിയറിഞ്ഞ് കോടതിയിൽനിന്നു പുറത്തുവന്ന രഞ്ജിത്തിന്റെ ഭാര്യ ലിഷാ രഞ്ജിത്ത്, ഭർത്താവിന്റെ ചിത്രമുള്ള മൊബൈൽഫോണിൽ സംസാരിക്കുന്നു. അമ്മ വിനോദിനി സമീപം

പ്രതിപ്പട്ടികയിലുള്ളവർക്ക് വിവിധ കുറ്റകൃത്യങ്ങളിലുള്ള ശിക്ഷ കോടതി വിധിച്ചുതുടങ്ങിയതോടെ പുറത്ത് നടപടികൾ ശ്രദ്ധിച്ചുകൊണ്ടുനിന്ന ദൃശ്യമാധ്യമ പ്രതിനിധികൾ ആശയക്കുഴപ്പത്തിലായി. ആറുമാസംമുതലുള്ള തടവുശിക്ഷ വിവിധ കുറ്റങ്ങളുടെ അടിസ്ഥാനത്തിൽ പ്രഖ്യാപിക്കുന്നുണ്ടായിരുന്നു. ഇതിനിടെ പ്രതികൾക്കു വധശിക്ഷ വിധിച്ചതായി കോടതിയിലുണ്ടായിരുന്ന ചില അഭിഭാഷകർ മാധ്യമപ്രവർത്തകർക്കു സൂചനനൽകി. കഴുത്ത്‌ തൂക്കുന്നതിന്റെ ആംഗ്യമാണ് അവർ കാട്ടിയത്.

ഇതോടെ പ്രതികൾക്കു വധശിക്ഷ വിധിച്ചതായി സൂചനലഭിച്ചു. പക്ഷേ, ആർക്കെല്ലാം എന്നതിലെ ആശയക്കുഴപ്പമൊഴിഞ്ഞില്ല. കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്തവർക്കു മാത്രമാണോ വധശിക്ഷയെന്നതായിരുന്നു സംശയം. 15 മിനിറ്റിനുശേഷമാണ് എല്ലാപ്രതികൾക്കും വധശിക്ഷയാണെന്ന വിവരം പുറത്തറിയുന്നത്. ഇതോടെയാണ് കോടതിക്കുപുറത്ത് ശിക്ഷയെപ്പറ്റി അറിയാൻ കാത്തുനിന്നവരിലേക്കും വിധിയെത്തുന്നത്. പോലീസിന്റെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ വിധിയെപ്പറ്റി ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് വിവരംനൽകാൻ തിരക്കുകൂട്ടുന്നതും കണ്ടു.

ജില്ലാ പോലീസ് മേധാവി ചൈത്രാ തെരേസ ജോണിന്റെ നേതൃത്വത്തിലെ പോലീസ് സംഘം അതീവ ജാഗ്രതയോടെയാണ് കോടതിമുറ്റത്ത് നിലയുറപ്പിച്ചിരുന്നത്. ജില്ലയിലെ ഡിവൈ.എസ്.പി.മാരുടെ മേൽനോട്ടത്തിൽ വലിയ പോലീസ് സന്നാഹമാണ് കോടതിയിലും പരിസരപ്രദേശങ്ങളിലും ഏർപ്പെടുത്തിയിരുന്നത്. മാധ്യമപ്രവർത്തകരെയും അഭിഭാഷകരെയും കോടതി ജീവനക്കാരെയും മാത്രമാണ് മുകൾനിലയിലെ കോർട്ട് ഹാളിലേക്കു കടത്തിവിട്ടത്.

ജയരാജിനു സംതൃപ്തി; പോലീസ് സേനയ്ക്ക് അഭിമാനം

രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ് അന്വേഷിച്ച ഡിവൈ.എസ്.പി. എൻ.ആർ. ജയരാജിനു വിധിയിൽ പൂർണസംതൃപ്തി. പോലീസ് സേനയ്ക്ക് അഭിമാനം നല്കുന്നതാണു വിധിയെന്ന് പോലീസ് മേധാവി ഷെയ്ക് ദർവേഷ് സാഹിബ്, ജില്ലാപോലീസ് മേധാവി ചൈത്രാ തെരേസ ജോൺ എന്നിവർ ജയരാജിനെ അറിയിച്ചു.കോടതിപ്പരിസരത്തുണ്ടായിരുന്ന എസ്.പി. നേരിട്ട് അഭിനന്ദിച്ചു.‘കേസന്വേഷണത്തിനു നേതൃത്വം നല്കിയ എൻ.ആർ. ജയരാജനോട് പ്രത്യേകം നന്ദിയുണ്ട്. വായ്ക്കരിയിടാൻപോലും പറ്റാത്തവിധം കൊലപ്പെടുത്തിയ രഞ്ജിത്തിന്റെ കൊലപാതകക്കേസിലെ പ്രതികളെ കൃത്യമായി അടയാളപ്പെടുത്താൻ അദ്ദേഹത്തിനും ടീമിനും കഴിഞ്ഞു’- രഞ്ജിത്തിന്റെ ഭാര്യ ലിഷ പറഞ്ഞു.

placeholder
എന്‍.ആര്‍.ജയരാജ്‌

ആലപ്പുഴ ഡിവൈ.എസ്.പി.യുടെ ചുമതല വഹിച്ചുകൊണ്ടുതന്നെയായിരുന്നു രഞ്ജിത്ത് വധക്കേസിലെ അന്വേഷണവും ജയരാജ് നടത്തിയത്. ഷാൻ വധക്കേസിനു മേൽനോട്ടം വഹിച്ചുതുടങ്ങുമ്പോഴായിരുന്നു ഇത്. ഇതോടെ ആലപ്പുഴയാകെ സംഘർഷാന്തരീക്ഷത്തിലായി. ക്രമസമാധാനപാലനം അതുകൊണ്ടുതന്നെ കടുകട്ടിയായി.

അതിനിടയിൽ കൊലപാതകങ്ങൾ നടന്ന രണ്ടുവീടുകളിലേക്കും മന്ത്രിമാരുടെയും പ്രമുഖ നേതാക്കളുടെയും വരവ്. ഇതിനെല്ലാം സുരക്ഷ ഉറപ്പാക്കണം. എല്ലാം കൃത്യമായി പാലിച്ചുകൊണ്ടുതന്നെ രഞ്ജിത്ത് വധക്കേസിലെ 15 പ്രതികളെയും വലയിലാക്കി. ഇതിനെല്ലാം അന്വേഷണസംഘത്തിലെ ഓരോ അംഗത്തിന്റെയും സഹായവും സേനാതലപ്പുത്തുള്ളവരുടെ പിന്തുണയുമാണ് അടിത്തറയായതെന്ന് ജയരാജ് പറഞ്ഞു. ആലപ്പുഴയിൽനിന്നു മാറിപ്പോകുന്ന ജയരാജ് തിരുവനന്തപുരം കന്റോൺമന്റ് എ.സി.പി.യായി അടുത്തയാഴ്ച ചുമതലയേൽക്കും.

‘നിരായുധനെ ക്രൂരമായി കൊലപ്പെടുത്തിയവർ ദയ അർഹിക്കുന്നില്ല’

നിരായുധനായ വ്യക്തിയെ സംഘംചേർന്നു കൊലപ്പെടുത്തിയവർ ദയ അർഹിക്കുന്നില്ലെന്ന് 14 പ്രതികൾക്കു വധശിക്ഷ വിധിച്ചുകൊണ്ടുള്ള ഉത്തരവിൽ കോടതി നിരീക്ഷിച്ചു.പ്രതികളുടെ പേരിലുള്ള കൊലപാതകം ഉൾപ്പെടെ 15 കുറ്റങ്ങൾ തെളിയിക്കപ്പെട്ടതായും വിധിയിൽ പറയുന്നു. പ്രതികൾ കുറ്റക്കാരാണെന്ന് ജനുവരി 20-നു വിധിച്ചിരുന്നു. പിന്നാലെ, പ്രതികൾക്കു നൽകേണ്ട ശിക്ഷയെപ്പറ്റി പ്രതിഭാഗം അഭിഭാഷകരുടെയും പ്രോസിക്യൂഷന്റെയും അഭിപ്രായവും കോടതി തേടിയിരുന്നു. പിന്നീട്, ശിക്ഷയെപ്പറ്റി പ്രതികളുടെ അഭിപ്രായവും കേട്ടു.

തുടർന്ന്, പ്രതികളുടെ മാനസികനിലയെപ്പറ്റിയും റിമാൻഡുകാലത്ത് ജയിലിലെ പെരുമാറ്റത്തെപ്പറ്റിയും ഇവരുടെ സാമൂഹിക പശ്ചാത്തലത്തെപ്പറ്റിയുമുള്ള റിപ്പോർട്ടുകൾ ബന്ധപ്പെട്ടവരോടു കോടതി ആവശ്യപ്പെട്ടു. ഇവയെല്ലാം പരിഗണിച്ചശേഷമാണ് ചൊവ്വാഴ്ച വിധി പ്രസ്താവിച്ചത്.

ഒരാളെ കൊന്നകേസിൽ ഇത്രയും പേർക്കു വധശിക്ഷ കേരളത്തിലാദ്യം

ആലപ്പുഴ : ഒരാളെ കൊലപ്പെടുത്തിയ കേസിൽ ഇത്രയധികംപേരെ വധശിക്ഷയ്ക്കു വിധിക്കുന്നതു കേരളചരിത്രത്തിലാദ്യമായാണ്. ഇത്രയധികംപേരെ ഒരുമിച്ചു വധശിക്ഷ വിധിച്ച മറ്റുകേസുകൾ പോലും അധികമില്ല. 2008-ൽ നടന്ന അഹമ്മദാബാദ് ബോംബുസ്ഫോടന കേസിൽ 38 പേർക്കു വധശിക്ഷ വിധിച്ചതാണ് ഇതുവരെയുള്ളതിൽ മുന്നിൽ.രാജീവ് ഗാന്ധി വധക്കേസിൽ 26 പേർക്കു തമിഴ്നാട് ടാഡ കോടതി വധശിക്ഷ വിധിച്ചിരുന്നു.

പിന്നീട്, സുപ്രീം കോടതി ഇതു നാലുപേർക്കാക്കി ചുരുക്കി. 2010-ൽ ബിഹാറിലെ ദളിത് കൂട്ടക്കൊലയിൽ 16 പ്രതികൾക്കു വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നു.ഗുജറാത്തിലെ ഗോധ്ര തീവണ്ടി ആക്രമണക്കേസിൽ 11 പേർക്കാണു വിചാരണക്കോടതി വധശിക്ഷ വിധിച്ചത്. അഹമ്മദാബാദ് സ്ഫോടന കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരിൽ മലയാളികളും ഉൾപ്പെട്ടിരുന്നു.

സാധാരണ രാഷ്ട്രീയക്കൊലപാതകമെന്ന വാദം കോടതി തള്ളി

കേരളത്തിൽ പലയിടങ്ങളിലായി രാഷ്ട്രീയക്കൊലപാതകങ്ങൾ നടന്നിട്ടുണ്ട്. ഇതൊന്നും അപൂർവങ്ങളിൽ അപൂർവമല്ല. രാഷ്ട്രീയപരമായ കാരണങ്ങളാലുണ്ടാകുന്ന പ്രകോപനം പെട്ടെന്നുള്ള കൊലപാതകത്തിൽ കലാശിക്കുകയാണ്- രഞ്ജിത്ത് ശ്രീനിവാസൻ വധം രാഷ്ട്രീയക്കൊലപാതകമാണെന്നു സ്ഥാപിക്കാൻ പ്രതിഭാഗം കോടതിയിൽ നിരത്തിയ വാദമുഖങ്ങളാണിത്. ഇതെല്ലാം തള്ളിക്കൊണ്ടാണ് കോടതി പ്രതികൾക്കു വധശിക്ഷ വിധിച്ചത്.

കേസിലെ പ്രതികൾ മുൻപ്‌ സമാനകേസുകളിലൊന്നും പ്രതികളായിട്ടില്ലെന്നും പ്രായം തീരെകുറഞ്ഞവരാണെന്ന വാദവും പ്രതിഭാഗം ഉന്നയിച്ചു.എന്നാൽ, സംഘടിത കുറ്റകൃത്യങ്ങൾചെയ്യാൻ ശേഷിയുള്ള പ്രസ്ഥാനത്തിന്റെ പിൻബലമുള്ള പ്രതികൾ മുൻപ്‌ ഇത്തരം കുറ്റങ്ങൾ ചെയ്തിട്ടുണ്ടാകാമെന്നും അതൊന്നും പിടിക്കപ്പെടാത പോയതാകാമെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്. ക്രൂരമായ കൊലപാതകം നടത്തിയവർ മനഃപരിവർത്തനംവന്ന് നല്ലനിലയിൽ ജീവിക്കുമെന്ന് ഉറപ്പില്ലെന്നും ഇവരെ മോചിപ്പിക്കുന്നത് സമൂഹത്തിനാകെ ആപത്താണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

എസ്.ഡി.പി.ഐ., പോപ്പുലർ ഫ്രണ്ട് എന്നിവയുടെ പിൻബലത്തോടെ വലിയ ആസൂത്രണം നടത്തിയാണ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവർത്തിച്ചു വാദിച്ചിരുന്നത്.പ്രോസിക്യൂഷന്റെ വാദം പൂർണമായും ശരിച്ചവെച്ചുകൊണ്ടാണ് പ്രതികൾക്കു പരമാവധി ശിക്ഷ വിധിച്ചിരിക്കുന്നതെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി. പടിക്കൽ പറഞ്ഞു.

പ്രതികളെ സെൻട്രൽ ജയിലിലേക്കു മാറ്റി

രഞ്ജിത് ശ്രീനിവാസൻ വധക്കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മുഴുവൻ പ്രതികളെയും തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കു മാറ്റി. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെയാണു വൻ സുരക്ഷയോടെ ഇവരെ തിരുവനന്തപുരത്തേക്കു കൊണ്ടുപോയത്. വിചാരണക്കാലയളവിൽ മാവേലിക്കര സ്പെഷ്യൽ സബ്ജയിലിലാണു പ്രതികളെ പാർപ്പിച്ചിരുന്നത്.

ജഡ്ജിയുടെ വസതിക്കു സുരക്ഷഏർപ്പെടുത്തി

രഞ്ജിത് ശ്രീനിവാസൻ വധക്കേസിൽ വിധി പറഞ്ഞ മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവിയുടെ ഔദ്യോഗിക വസതിക്കു സുരക്ഷ ഏർപ്പെടുത്തിയതായി കായംകുളം ഡിവൈ.എസ്.പി. അജയ്‌നാഥ് അറിയിച്ചു. ഒരു സബ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ പോലീസുകാർ 24 മണിക്കൂറും സുരക്ഷാച്ചുമതലയിൽ ഉണ്ടാകും.

വിധി തീവ്രവാദികൾക്കുള്ള താക്കീത് - ബി.ജെ.പി.

രഞ്ജിത്ത് ശ്രിനിവാസൻ കൊലക്കേസിൽ കോടതി എല്ലാ പ്രതികൾക്കും വധശിക്ഷ വിധിച്ചത് തീവ്രവാദികൾക്കുള്ള താക്കീതാണെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ. കേരളത്തിൽ തീവ്രവാദശക്തികൾക്ക് തഴച്ചുവളരാനുള്ള സാഹചര്യമൊരുക്കിയ സി.പി.എം.- കോൺഗ്രസ് നേതൃത്വമാണ് കൊലപാതകത്തിന്റെ കാരണക്കാർ. കേസന്വേഷണത്തിൽ സത്യസന്ധമായ നിലപാട് സ്വീകരിച്ച അന്വേഷണോദ്യോഗസ്ഥരും പ്രോസിക്യൂഷനും അഭിനന്ദനമർഹിക്കുന്നുവെന്നും എം.വി. ഗോപകുമാർ പറഞ്ഞു.