
ജയ്പുര്‍: വീട്ടിനുള്ളില്‍നിന്ന് തുരങ്കമുണ്ടാക്കി ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ഭൂഗർഭ പൈപ്പ്‌ലൈനില്‍നിന്ന് വന്‍തോതില്‍ ഡീസല്‍ മോഷ്ടിച്ചു. രാജസ്ഥാനിലെ ബാഗ്രു മേഖലയിലാണ് സംഭവം. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഡീസല്‍മോഷണം പിടിച്ചത്. സംഭവത്തില്‍ മോഷണസംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തു.
ശ്രാവണ്‍ എന്നയാളുടെ നേതൃത്വത്തിലാണ് ഡീസല്‍മോഷണസംഘം പ്രവര്‍ത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡി(എച്ച്പിസിഎല്‍)ന്റെ പൈപ്പ്‌ലൈന്‍ തുരന്നാണ് ഇവര്‍ ഡീസല്‍മോഷ്ടിച്ചിരുന്നത്. ഇതിനായി വാടകയ്‌ക്കെടുത്ത വീട്ടിനുള്ളില്‍ 25 അടിയോളം നീളത്തിൽ ഭൂഗര്‍ഭ തുരങ്കം നിര്‍മിച്ചതായും ഈ തുരങ്കത്തിനുള്ളിലൂടെയാണ് പൈപ്പ്‌ലൈനിന് സമീപത്തെത്തി ഡീസല്‍ മോഷണം നടത്തിയതെന്നും പോലീസ് പറഞ്ഞു.
മിനറല്‍ വാട്ടര്‍ ബോട്ട്‌ലിങ് യൂണിറ്റിനെന്ന് പറഞ്ഞ് ഒന്നരമാസം മുന്‍പാണ് പ്രതികള്‍ വീട് വാടകയ്‌ക്കെടുത്തിരുന്നത്. എന്നാല്‍, വീട്ടിനുള്ളില്‍നിന്ന് പൈപ്പ്‌ലൈനിന് സമീപത്തേക്ക് തുരങ്കം നിര്‍മിക്കുകയായിരുന്നു ഇവര്‍ ആദ്യംചെയ്തത്. തുരങ്കം പൈപ്പ്‌ലൈനിന് സമീപത്തെത്തിയതോടെ പൈപ്പ്‌ലൈന്‍ തുരന്ന് ഡീസല്‍ മോഷണവും ആരംഭിച്ചു. ഇങ്ങനെ മോഷ്ടിക്കുന്ന ഡീസല്‍ കരിഞ്ചന്തയിലെത്തിച്ച് വില്‍പ്പന നടത്തുകയായിരുന്നു പ്രതികളുടെ രീതിയെന്നും പോലീസ് പറഞ്ഞു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് ഡീസല്‍മോഷണം പിടിക്കപ്പെട്ടത്. വീട്ടിലുണ്ടായിരുന്ന രാജേഷ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയുംചെയ്തു. എന്നാല്‍, സംഘത്തിന്റെ തലവനായ ശ്രാവണ്‍ ഉള്‍പ്പെടെയുള്ളവര്‍ ഒളിവിലാണെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു. ശ്രാവണ്‍ നേരത്തേയും സമാനമായ കുറ്റത്തിന് അറസ്റ്റിലായിട്ടുണ്ട്. ഈ കേസില്‍ പുറത്തിറങ്ങിയതിന് ശേഷമാണ് തന്റെ കൂട്ടാളികളെ ഒപ്പംകൂട്ടി ഇയാള്‍ വീണ്ടും പുതിയ മോഷണം ആരംഭിച്ചതെന്നും പോലീസ് പറഞ്ഞു. വാടകവീട്ടില്‍നിന്ന് പ്രതികള്‍ ഉപയോഗിച്ചിരുന്ന ഒരു പിക്കപ്പ് വാനും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൈപ്പ്‌ലൈനിന്റെ തകരാറിലായ ഭാഗങ്ങള്‍ പരിശോധിക്കാന്‍ വിദഗ്ധസംഘവും ഫൊറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
Content Highlights: Diesel theft via underground tunnel from HPCL pipeline in Jaipur. Police arrest one
Published: 11 Jun 2025, 09:54 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented