
പാലക്കാട്: മൂന്നാം ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കസ്റ്റഡിയിലെടുക്കാൻ പോലീസ് നീങ്ങിയത് എല്ലാ പഴുതുകളും അടച്ച്. പാലക്കാട്ടെ ഹോട്ടലിൽ നിന്ന് അർധരാത്രിയാണ് പോലീസ് രാഹുലിനെ കസ്റ്റഡിയിൽ എടുത്തത്. ഹോട്ടൽ ജീവനക്കാർക്കോ രാഹുലിനോ ആരെയെങ്കിലും ബന്ധപ്പെടാനുള്ള എല്ലാ സംവിധാനങ്ങളും പോലീസ് തടഞ്ഞിരുന്നു. എംഎൽഎ ആണെന്ന ബോധ്യം വേണമെന്നും അതുകൊണ്ടുതന്നെ ബലപ്രയോഗത്തിനും കയ്യാങ്കളിക്കും നിക്കാതെ കൂടെവരണം എന്നുമാണ് പോലീസ് രാഹുലിനോട് ആവശ്യപ്പെട്ടത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ലൈംഗികപീഡന കേസിൽ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. രണ്ടാമത്തെ കേസിൽ വിചാരണ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മൂന്നാമതും ഒരു യുവതി രാഹുലിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ക്രൂരമായ ബലാത്സംഗവും നിർബന്ധിത ഗർഭഛിദ്രവും സാമ്പത്തിക ചൂഷണവുമടക്കം ഗുരുതര ആരോപണങ്ങളാണ് യുവതി ഇ-മെയിൽ വഴി നൽകിയിരിക്കുന്ന പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.
പത്തനംതിട്ട തിരുവല്ല സ്വദേശിനിയാണ് പരാതിക്കാരി എന്നാണ് വിവരം. പാലക്കാട്ടെ കെപിഎം റീജൻസി ഹോട്ടലിലെ 2002-ാം നമ്പർ മുറിയിൽനിന്നും ശനിയാഴ്ച അർധരാത്രി 12.30-ഓടെയാണ് പ്രത്യേക പോലീസ് സംഘം രാഹുലിനെ കസ്റ്റഡിയിൽ എടുത്തത്. പാലക്കാട്ടെ നൂറണി ഗ്രാമത്തിലെ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനായാണ് രാഹുൽ ഇവിടെ ഹോട്ടലിൽ തങ്ങിയിരുന്നത്.
ബലാത്സംഗ പരാതി വന്നതിന് പിന്നാലെ രാഹുലിനോട് താമസിച്ചിരുന്ന ഫ്‌ലാറ്റിൽനിന്നും ഒഴിയണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനുശേഷം, മണ്ഡലത്തിൽ എത്തുമ്പോഴെല്ലാം കെപിഎം ഹോട്ടലിലായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ താമസിച്ചിരുന്നത്. പുതിയ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രത്യേക സംഘം രാഹുലിനെ രഹസ്യമായി നിരീക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇയാൾ ഹോട്ടലിൽ എത്തിയപ്പോൾ അന്വേഷണ സംഘവും രഹസ്യമായി അവിടെ എത്തിയിരുന്നു.
രാഹുലിനെ കസ്റ്റഡിയിൽ എടുക്കാനായി ഡിവൈഎസ്പി മുരളിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഹോട്ടലിൽ എത്തിയത്. രഹസ്യമായി നിരീക്ഷിച്ചിരുന്നെങ്കിലും രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിൽ എടുക്കാനാണ് തങ്ങൾ പോകുന്നത് എന്ന വിവരം അന്വേഷണ സംഘത്തെ നയിച്ചിരുന്ന ഡിവൈഎസ്പി മുരളിക്കും അദ്ദേഹത്തിന് ഇക്കാര്യത്തിന് നിയോഗിച്ച പാലക്കാട് എസ്പിക്കുമല്ലാതെ ജില്ലയിലെ മറ്റ് ഉദ്യോഗസ്ഥർക്കൊന്നും തന്നെ അറിയുമായിരുന്നില്ല.
ഒരുതരത്തിലും ഈ വിവരം രാഹുൽ മാങ്കൂട്ടത്തിൽ അറിയരുത് എന്ന നിർബന്ധം പോലീസിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, ഹോട്ടലിലെത്തിയ സംഘം ആദ്യംചെയ്തത് റിസപ്ഷനിലുണ്ടായിരുന്ന ജീവനക്കാരുടെ ഫോണുകൾ പിടിച്ചുവാങ്ങുകയാണ്. പിന്നാലെ രാഹുലിന്റെ മുറിയിലെത്തിയ അന്വേഷണസംഘം, കസ്റ്റഡിയിൽ എടുക്കാനാണ് തങ്ങൾ വന്നിരിക്കുന്നത് എന്ന കാര്യം അയാളെ അറിയിച്ചു. എന്നാൽ പോലീസിനൊപ്പം പോകാൻ രാഹുൽ കൂട്ടാക്കിയില്ല.
ഇത്തരത്തിൽ രാഹുൽ ഒരുവിധത്തിലും വഴങ്ങാതെ നിന്നതോടെ, ' ഒരു കയ്യാങ്കളിക്ക് നിൽക്കരുത്. ബലപ്രയോഗത്തിന് നിൽക്കരുത്. നിങ്ങളൊരു എംഎൽഎ ആണ്. സഹകരിക്കണം.' എന്ന് ഡിവൈഎസ്പി രാഹുൽ മാങ്കൂട്ടത്തിലിനോട് ആവശ്യപ്പെട്ടു. ഇതോടെയാണ് പോലീസിനോട് സഹകരിക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ തയ്യാറായത്. പിന്നാലെ, കേസിന്റെ കാര്യങ്ങൾ പറഞ്ഞുമനസിലാക്കിയാണ് രാഹുലിനെ കസ്റ്റഡിയിൽ എടുത്ത്, ഹോട്ടലിൽനിന്നും കൂട്ടിക്കൊണ്ട് പോയത്. പത്തനംതിട്ട എആർ ക്യാമ്പിലേക്കാണ് പോലീസ് സംഘം രാഹുലിനെ കൊണ്ടുപോയത്.
Content Highlights: Kerala MLA Rahul Mamkootathil taken into police custody late night over a third rape and exploitation complaint. Details of the arrest and charges.
Published: 11 Jan 2026, 05:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented