ചണ്ഡീഗഡ്: പിണങ്ങി കഴിയുകയായിരുന്ന ഭാര്യയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനെത്തിയ യുവാവിനെ ഭാര്യയുടെ സഹോദരൻ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. പഞ്ചാബിലെ തർൺതരൻ ജില്ലയിൽ ജൂൺ 13-നാണ് സംഭവം നടന്നത്. അമൃത്സർ ജില്ലയിലെ ലോപോകെ സ്വദേശിയായ ലവ്പ്രീത് സിങ്ങാണ് മരിച്ചത്. രക്ഷിക്കാൻ ശ്രമിച്ച ഭാര്യയുടെ സഹോദരി ഗുരുജിത് കൗർ പൊള്ളലേറ്റ് ദിവസങ്ങൾക്ക് ശേഷം ആശുപത്രിയിൽ വെച്ച് ചികിത്സയിലിരിക്കെ മരിച്ചു.

To advertise here,

ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. സിസടിവി ദൃശ്യങ്ങളിൽ ലവ്പീതും പ്രതിയായ സജൻ സിംഗും തമ്മിൽ ആദ്യം വാക്കേറ്റവും പിടിവലിയും നടക്കുന്നത് കാണാം. പിന്നാലെ സജൻ സിംഗ് പെട്രോൾ ലവ്പ്രീതിന്റെ ദേഹത്തൊഴിച്ച് തീകൊളുത്തുന്നതും ദൃശ്യങ്ങളിലുണ്ട്. തീ പടർന്നതോടെ ലവ്പ്രീതും സമീപത്തുണ്ടായിരുന്ന ഗുരുജിത് കൗറും രക്ഷപ്പെടാൻ ഓടിയെങ്കിലും ഇരുവർക്കും ഗുരുതരമായി പൊള്ളലേറ്റു. സംഭവസ്ഥലത്തുണ്ടായവരാണ് ഇവരെ രക്ഷിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്.

ലവ്പ്രീത് ആക്രമണത്തിന് പിന്നാലെ മരണപ്പെട്ടു. ഗുരുജിത് കൗർ ഏതാനും ദിവസങ്ങൾക്ക് ശേഷം ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയതായി പോലീസ് അറിയിച്ചു. സംഭവത്തിൽ കൊലക്കുറ്റം ചുമത്തി സജൻ സിംഗിനെ അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് ലവ്പ്രീതിന്റെ ഭാര്യ സന്ദീപ് കൗറിനെയും പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 9 മാസം മുമ്പാണ് ലവ്പ്രീതും സന്ദീപ് കൗറും വിവാഹിതരായത്. കുടുംബവഴക്കിനെ തുടർന്ന് സന്ദീപ് കൗർ വിവാഹത്തിന് പിന്നാലെ സ്വന്തം വീട്ടിലേക്ക് മടങ്ങി താമസിക്കുകയായിരുന്നു. ഭാര്യയെ തിരിച്ചുകൊണ്ടുപോകാനാണ് ലവ്പ്രീത്് ജൂൺ 13-ന് ഭാര്യവീട്ടിലെത്തിയതെന്ന് പോലിസ് അറിയിച്ചു.