
പുണെ: മഹാരാഷ്ട്രയിൽ മൂന്ന് വയസ്സുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. 'ഈ കുറ്റകൃത്യം സമൂഹത്തിന്റെ മനസ്സാക്ഷിയെപ്പോലും നടുക്കുന്നതാണ്,' കേസിലെ പ്രതിയായ 65-കാരനായ ഭീംറാവു കാംബ്ലെയ്ക്ക് വധശിക്ഷ വിധിച്ചുകൊണ്ട് തിങ്കളാഴ്ച പുണെ കോടതി പറഞ്ഞു. തട്ടിക്കൊണ്ടുപോകൽ, പീഡനം, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പുണെ ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്.ആർ. സാലുങ്കെ ഈ വിധി പ്രസ്താവിച്ചത്.
ഈ കുറ്റകൃത്യം അങ്ങേയറ്റം ക്രൂരവും 'അപൂർവങ്ങളിൽ അപൂർവവും' ആണെന്ന് വിശേഷിപ്പിച്ച കോടതി പ്രതി യാതൊരുവിധത്തിലുള്ള ദയയും അർഹിക്കുന്നില്ലെന്നും വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങളുടെയും അൻപത്തിയഞ്ചോളം സാക്ഷികളുടെ മൊഴികളുടെയും അടിസ്ഥാനത്തിൽ വളരെ വേഗത്തിലാണ് കോടതി വിചാരണ പൂർത്തിയാക്കിയത്. സമൂഹ മനസ്സാക്ഷിയെ നടുക്കിയ ഈ സംഭവം ക്രൂരമായ ലൈംഗിക വൈകൃതത്തിന്റെ പ്രതിഫലനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
മെയ് ഒന്നിന് പുണെ ജില്ലയിലെ നസ്രാപൂർ ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്വേഷണ റിപ്പോർട്ടുകൾ പ്രകാരം; ലഘുഭക്ഷണങ്ങൾ നൽകാമെന്നും നവജാത പശുക്കിടാവിനെ കാണിച്ചുതരാമെന്നും പറഞ്ഞ് പ്രലോഭിപ്പിച്ചാണ് കാംബ്ലെ കുട്ടിയെ സംഭവം നടന്ന സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് കുട്ടിയെ കാലിത്തൊഴുത്തിന് സമീപമുള്ള ഒരു ഷെഡിലേക്ക് കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. അതിക്രമത്തിനിടെയാണ് കുട്ടി മരിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വായ മൂടിക്കെട്ടി നെഞ്ചിലും മറ്റും പരിക്കേൽപ്പിച്ചാണ് പ്രതി കുട്ടിയെ കൊലപ്പെടുത്തിയത് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കുട്ടി കാണാതായതോടെ വീട്ടുകാർ നടത്തിയ തിരച്ചിലിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പിന്നാലെയാണ് കുറ്റകൃത്യത്തെക്കുറിച്ച് പുറത്തറിഞ്ഞത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും കാംബ്ലെയാണ് കുട്ടിയെ കൂട്ടിക്കൊണ്ടുപോയത് എന്ന് മനസിലാക്കിയ പോലീസ് വൈകാതെ പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു.
വധശിക്ഷയുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ 12 പ്രധാന വിധികൾ ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ ഈ കേസ് 'അപൂർവങ്ങളിൽ അപൂർവം' എന്ന വിഭാഗത്തിൽ പെടുമെന്ന് വാദിച്ചത്. പ്രോസിക്യൂഷന്റെ വാദത്തോട് യോജിച്ച ജഡ്ജി, കുറ്റകൃത്യത്തിന്റെ ക്രൂരത പരിഗണിക്കുമ്പോൾ യാതൊരു വിട്ടുവീഴ്ചയ്ക്കും പഴുതില്ലെന്ന് നിരീക്ഷിച്ചു. കുട്ടിയുടെ ശരീരത്തിൽ ഉണ്ടായിരുന്ന പരിക്കുകളുടെ സ്വഭാവം ഈ പ്രവൃത്തിയുടെ തീവ്രതയും മനുഷ്യത്വമില്ലായ്മയും വ്യക്തമാക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
മുമ്പ് മറ്റൊരു ലൈംഗികാതിക്രമ കേസിൽ പ്രതിയായിരുന്ന കാംബ്ലെയ്ക്ക് ഇതിന്റെ നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നിട്ടും വിചാരണ വേളയിൽ അയാൾ യാതൊരു പശ്ചാത്താപവും പ്രകടിപ്പിച്ചില്ലെന്നും കോടതി വ്യക്തമാക്കി. ലൈംഗികാസക്തി തീർക്കുക എന്ന ലക്ഷ്യം മാത്രമാണ് പ്രതിക്ക് ഉണ്ടായിരുന്നതെന്നും അതിനായി, 'നിഷ്‌കളങ്കയായ, നിസ്സഹായയായ ഒരു കുഞ്ഞിനെ' ക്രൂരമായി പീഡിപ്പിക്കുകയും ശേഷം കൊലപ്പെടുത്തുകയായിരുന്നു എന്നും കോതി പറഞ്ഞു.
'ഈ കുറ്റകൃത്യം അങ്ങേയറ്റം ക്രൂരമായാണ് ചെയ്യപ്പെട്ടത്, ഇരയോട് മനുഷ്യത്വമില്ലാത്ത പെരുമാറ്റവും പീഡനവുമാണ് ഉണ്ടായത്. ലൈംഗികാസക്തി തീർക്കാനായി നടത്തിയ ഈ ക്രൂരതയിൽ കൊല്ലപ്പെട്ടത് നിഷ്‌കളങ്കയായ, നിസ്സഹായയായ ഒരു കുഞ്ഞാണ്.' പ്രതിയെ ശിക്ഷിച്ചുകൊണ്ട് ജഡ്ജി സാലുങ്കെ പറഞ്ഞു. പുണെ റൂറൽ പോലീസ് നടത്തിയ ദ്രുതഗതിയിലുള്ള അന്വേഷണമാണ് ഈ അന്തിമ വിധിയിലേക്ക് നയിച്ചത്. റെക്കോർഡ് സമയത്തിനുള്ളിൽ അന്വേഷണവും വിചാരണയും പൂർത്തിയാക്കിയതിന് അന്വേഷണ ഏജൻസികളെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അഭിനന്ദിച്ചു.
ഇത്തരം കുറ്റവാളികൾക്ക് സമൂഹത്തിൽ സ്ഥാനമില്ലെന്ന്, കോടതി വിധിയെ സ്വാഗതം ചെയ്തുകൊണ്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി പ്രസ്താവിച്ചു. ഇത്രയും വേഗം നീതി നടപ്പാക്കിയതിന് അദ്ദേഹം ജുഡീഷ്യറിയെ പ്രശംസിക്കുകയും, ഈ വിധി ക്രമസമാധാനത്തോടുള്ള ശക്തമായ പ്രതിബദ്ധതയുടെ പ്രതിഫലനമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഫഡ്നാവിസ് പുണെ എസ്പി സന്ദീപ് സിങ് ഗില്ലുമായും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അജയ് മിസാറുമായും സംസാരിക്കുകയും കേസ് കൈകാര്യം ചെയ്ത രീതിയിൽ അവരെ അഭിനന്ദിക്കുകയും ചെയ്തു.
കേസിൽ പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുന്നതിനായി പോലീസും പ്രോസിക്യൂഷനും നടത്തിയ ദ്രുതഗതിയിലുള്ള അന്വേഷണത്തെയും ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങളെയും പുണെ പോലീസ് സൂപ്രണ്ട് സന്ദീപ് സിങ് ഗില്ലും പ്രശംസിച്ചു. ആഴ്ചകൾക്കുള്ളിൽ തെളിവുകൾ ശേഖരിച്ചതും, 1200 പേജുള്ള വിശദമായ കുറ്റപത്രം സമർപ്പിച്ചതും, 55 സാക്ഷികളും മൊഴി നൽകിയെന്ന കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു. 'പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ നൽകണമെന്ന് പ്രതിഭാഗം അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ കേസിൽ യാതൊരുവിധ കരുണയോ ദയയോ കാണിക്കേണ്ടതില്ലെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു.' ഗിൽ പറഞ്ഞു.
'രാപ്പകൽ കഠിനാധ്വാനം ചെയ്തു. എല്ലാ ദിവസവും ഇൻ-ക്യാമറ വിചാരണകൾ നടന്നു. അന്വേഷണം പൂർത്തിയാക്കുക എന്നതായിരുന്നു ഞങ്ങളുടെ ദൗത്യം. ഇതൊരു ക്രമസമാധാന പ്രശ്‌നമായി മാറിയിരുന്നു. അതുകൊണ്ടുതന്നെ ഒരു പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ചു. ഏകദേശം 15 ദിവസത്തിനുള്ളിൽ തെളിവുകൾ ശേഖരിച്ചു. 1200 പേജുള്ള കൃത്യമായ കുറ്റപത്രം സമർപ്പിച്ചു. 55 സാക്ഷികളും മുന്നോട്ടുവന്നു, അവർക്ക് ഞാൻ നന്ദി പറയുന്നു. അതീവ ജാഗ്രതയോടെയാണ് അന്വേഷണം നടത്തിയത്, അതിന്റെ ഫലമായാണ് പ്രതിക്ക് വധശിക്ഷ ലഭിച്ചത്.' അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Convict Bhimrao Kamble sentenced to death by Pune fast-track court. The case involved the kidnapping, rape, and murder of a 3-year-old girl. Judgment delivered under the Bharatiya Nyaya Sanhita (BNS) and POCSO Act. The verdict marks a significant judicial outcome in Pune's legal history for 2026.
Published: 29 Jun 2026, 05:36 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented