
കണ്ണൂര്‍: കുറ്റവാസനയോടും ആസൂത്രണമനോഭാവത്തോടെയും കുറ്റകൃത്യം നേരിട്ട് നടപ്പില്‍വരുത്തിയ ആളാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയെന്ന് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്. കുറ്റകൃത്യം ചെയ്തതിലൂടെ പ്രതിയുടെ ക്രിമിനല്‍ മനോഭാവമാണ് വെളിവായതെന്നും റിപ്പോര്‍ട്ടിലുണ്ട്. യാത്രയയപ്പ് ചടങ്ങിലേക്ക് ദിവ്യയെ ആരും ക്ഷണിച്ചിട്ടില്ലെന്ന് സംഘാടകര്‍ മൊഴി നല്‍കിയിട്ടുണ്ട്. ചടങ്ങിനെത്തിയ ഇവര്‍ക്ക് കസേര ഒഴിഞ്ഞുകൊടുക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കളക്ടറേറ്റിലെ ഇന്സ്പെക്ഷന് വിഭാഗത്തില്‍ പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ട് യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്ന് സീനിയര്‍ സൂപ്രണ്ടിന്റെ മൊഴിയുണ്ട്. നവീന്‍ ബാബുവിനെ സാമൂഹികമധ്യത്തില്‍ ഇകഴ്ത്തി മാനഹാനിവരുത്തി ആത്മഹത്യയിലേക്ക് നയിച്ച ആളാണ് പ്രതി. ദിവ്യയുടെ പേരില്‍ നിലവിലുള്ള വിവിധ കേസുകളുടെ വിവരവും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജാമ്യാപേക്ഷയില്‍ കളക്ടറുടെ മൊഴി പ്രധാന വാദമാകും
തലശ്ശേരി: തനിക്ക് തെറ്റുപറ്റിയെന്ന് എ.ഡി.എം. കെ. നവീന്‍ ബാബു പറഞ്ഞുവെന്ന കളക്ടര്‍ അരുണ്‍ കെ. വിജയന്റെ മൊഴി പി.പി. ദിവ്യ നല്കിയ ജാമ്യാപേക്ഷയില്‍ പ്രധാനവാദമായി ഉയര്‍ന്നുവരും. പറ്റിയ തെറ്റ് ദിവ്യയുടെ ആരോപണവുമായി ബന്ധപ്പെട്ട തെറ്റാകാനാണ് സാധ്യതയെന്ന് ദിവ്യയ്ക്കുവേണ്ടി ജാമ്യാപേക്ഷ നല്കിയ അഡ്വ. കെ. വിശ്വന് പറഞ്ഞു.
ജീവിതത്തില്‍ പറ്റിയ മറ്റ് തെറ്റുകളെക്കുറിച്ച് അപ്പോള്‍ പറയാന്‍ സാധ്യത കുറവാണ്. ഇത് സംബന്ധിച്ച് വ്യക്തത വരുത്തേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ ഉത്തരവില്‍ കളക്ടറുടെ മൊഴി അര്ധോക്തിയില് നിര്‍ത്തി. എന്താണ് തെറ്റെന്ന് പറയുന്നില്ല. പ്രശാന്തനെ ജോലിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവും ജാമ്യാപേക്ഷയോടൊപ്പം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
കൈക്കൂലി നല്‍കിയതിനാണ് പ്രശാന്തനെ സസ്പെന്‍ഡ് ചെയ്തത്. ഇത് ദിവ്യയുടെ ആരോപണം ശരിവെക്കുന്നതാണ്. പ്രശാന്തന് ആക്ഷേപം ഉന്നയിച്ചത് കൊണ്ടാണ് എ.ഡി.എമ്മിനെതിരേ ദിവ്യ ആരോപണം ഉന്നയിച്ചത്. പ്രശാന്തന് വിജിലന്‍സിനും അന്വേഷണ ഉദ്യോഗസ്ഥനും മൊഴി നല്‍കിയിരുന്നു. ഇത് മറച്ചുവെക്കുകയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ പ്രധാന സാക്ഷിയായ പ്രശാന്തന്റെ മൊഴി കേസ് ഡയറിയുടെ ഭാഗമായി വന്നില്ല. കൈക്കൂലി നല്‍കിയെന്ന് പ്രശാന്തന് പറഞ്ഞത് കേസില്‍ നിര്‍ണായകമാണ്. 14-ന് ഉച്ചയ്ക്ക് 12-ന് പ്രശാന്തന് ഡിവൈ.എസ്.പി ഓഫീസില്‍ പോയി. ഇതിന്റെ വിവരം ലഭിക്കാന്‍ വിവരാവകാശനിയമ പ്രകാരം അപേക്ഷ നല്‍കിയെങ്കിലും ലഭിച്ചില്ലെന്നും അഭിഭാഷകന് പറഞ്ഞു. പ്രശാന്തന് ഓഫീസില്‍ പോയതിന്റെ തെളിവായി സി.സി.ടി.വി. ദൃശ്യം സംരക്ഷിക്കാന്‍ കണ്ണൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് മുമ്പാകെ ഹര്‍ജി നല്‍കിയിട്ടുണ്ട്.
സ്ഥലം തരംമാറ്റാനുള്ള അപേക്ഷ വൈകിച്ചു എന്നതിന്റെ പേരില്‍ നവീന്‍ ബാബു ഉള്‍പ്പടെയുള്ള റവന്യൂ ഉദ്യോഗസ്ഥര്ക്കെതിരേ കുറ്റിയാട്ടൂരിലെ ഗംഗാധരന് മുമ്പു നല്കിയ പരാതിയും ഇതോടൊപ്പം വരേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദ് മുമ്പാകെയാണ് ജാമ്യാപേക്ഷ നല്‍കിയത്. വെള്ളിയാഴ്ച കോടതി പരിഗണിച്ചേക്കും.
Content Highlights: pp divyas criminal attitude revealed says in remand report
Published: 31 Oct 2024, 08:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented