കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തശേഷം ഗള്‍ഫിലേക്ക് കടന്ന പ്രതിയെ ഒന്നരവര്‍ഷത്തിനുശേഷം ഇന്റര്‍പോളിന്റെ സഹായത്തോടെ പിടികൂടി. മൂവാറ്റുപുഴ രണ്ടാര്‍ക്കര സ്വദേശിയായ കാഞ്ഞൂര്‍ പുത്തന്‍പുരയില്‍ വീട്ടില്‍ സുഹൈലി(27)നെയാണ് പിടികൂടിയത്. 2022-ലായിരുന്നു കേസിനാസ്പദമായ സംഭവം.

To advertise here,

സുഹൈല്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. 2023-ല്‍ പോലീസ് കേസ് അന്വേഷണം പൂര്‍ത്തിയാക്കി, മൂവാറ്റുപുഴ പോക്‌സോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പിന്നീട് കോടതി പ്രതിക്കെതിരേ ഓപ്പണ്‍ എന്‍ഡഡ് വാറന്റ് പുറപ്പെടുവിച്ചു. ഇതേത്തുടര്‍ന്ന് ലുക്ക്- ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ഇന്റര്‍പോളിന്റെ സഹായത്തോടെ അബുദാബിയിലെത്തി പിടികൂടുകയുമായിരുന്നു.

ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്തിലാണ് നടപടിക്രമങ്ങള്‍ നടന്നത്. മൂവാറ്റുപുഴ സർക്കിൾ ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസ്, എസ്‌ഐമാരായ എം.പി. ദിലീപ് കുമാര്‍, എം.എം. ഉബൈസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ധനേഷ് ബി. നായര്‍ എന്നിവരാണ് പ്രതിയെ വിദേശത്തുനിന്ന് കസ്റ്റഡിയിലെടുത്ത് വിമാനംമാര്‍ഗ്ഗം നാട്ടിലെത്തിച്ചത്.