പൂന്തുറ: കടം നൽകിയ പണം തിരികെ നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി യുവാവിനെ മർദിച്ചവശനാക്കി പണവും സ്വർണമാലയും എ.ടി.എം കാർഡും കവർന്ന കേസിൽ മൂന്ന് പ്രതികളെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. പൂന്തുറ കോളനി സ്വദേശി ഫൈസലിനാണ് ക്രൂരമർദനമേറ്റത്.

To advertise here,

ബീമാപള്ളി ജവഹർ പള്ളി സ്വദേശികളായ ഷാനവാസ്, അർഷാദ്, മൂസ എന്നിവരെയാണ് പൂന്തുറ പോലീസിന്റെ പ്രത്യേക സംഘം പിടികൂടിയത്. ഈ കേസിലെ ഒന്നാം പ്രതിയായ ഫിറോസ് ഒളിവിലാണ്.

കഴിഞ്ഞ ജനുവരി 14-നാണ് കേസിനാസ്പദമായ സംഭവം. ഫൈസലിൽനിന്ന് ഒന്നാം പ്രതിയായ ഫിറോസ് ഒരു ലക്ഷം രൂപ കടമായി വാങ്ങിയിരുന്നു. ഇതിൽ 50,000 രൂപ നേരത്തെ തിരിച്ചുകൊടുത്തിരുന്നുവെങ്കിലും ബാക്കിയുള്ള 50,000 രൂപ കൂടി നൽകാമെന്ന് പറഞ്ഞ് ഫൈസലിനെ പൂന്തുറ കീഴേക്കടപ്പുറത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അവിടെ എത്തിയ ഫൈസലിനെ പ്രതികൾ നാലുപേരും ചേർന്ന് തടഞ്ഞുവെക്കുകയും ധരിച്ചിരുന്ന ഷർട്ട് ഊരിയെടുത്ത് അതുകൊണ്ട് തന്നെ കൈകാലുകൾ കെട്ടിയിടുകയും ചെയ്തു. തുടർന്ന് കല്ല്, മരപ്പട്ടിക, ഓലമടൽ എന്നിവ ഉപയോഗിച്ച് ഫൈസലിനെ അതിക്രൂരമായി മർദിച്ചു.

മർദനത്തെത്തുടർന്ന് ഫൈസലിന്റെ ഇരു കാലുകളിലെയും എല്ലുകൾക്ക് പൊട്ടലേറ്റിട്ടുണ്ട്. പ്രതികൾ കല്ലുകൊണ്ട് മുഖത്തും തോളത്തും ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. മർദനത്തിന് പിന്നാലെ ഫൈസലിന്റെ കൈവശമുണ്ടായിരുന്ന 12,000 രൂപയും, കഴുത്തിലുണ്ടായിരുന്ന ഒന്നര പവന്റെ സ്വർണ്ണമാലയും എ.ടി.എം കാർഡും പ്രതികൾ കവർന്നു. കൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ പിടികൂടാൻ പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.

പൂന്തുറ എസ്.എച്ച്.ഒ രാധാകൃഷ്ണ പിള്ള, എസ്.ഐ. എസ്. അജു, സീനിയർ സി.പി.ഒ. ഗിരീശൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ ഒളിസങ്കേതത്തിൽ നിന്ന് പിടികൂടിയത്. അറസ്റ്റിലായ മൂന്ന് പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒളിവിലുള്ള ഒന്നാം പ്രതി ഫിറോസിനായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.