
കൊച്ചി: കളമശ്ശേരി പോളിടെക്‌നിക് കേളേജിലെ പെരിയാര്‍ മെന്‍സ് ഹോസ്റ്റലിലെ മിന്നല്‍ പരിശോധനയില്‍ വന്‍ കഞ്ചാവ് ശേഖരം പിടികൂടിയ സംഭവത്തില്‍ രണ്ടുപേര്‍ കൂടി കസ്റ്റഡിയില്‍. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചുനല്‍കിയെന്ന് കരുതുന്ന ആലുവ സ്വദേശിയായ ആഷികും ഒപ്പമുണ്ടായിരുന്ന മറ്റൊരാളുമാണ് പിടിയിലായത്. പോളിടെക്‌നിക്കില്‍നിന്ന് സെമസ്റ്റര്‍ ഔട്ടായ വിദ്യാര്‍ഥിയാണ് ആഷിക്.
ശനിയാഴ്ച രാത്രിയാണ് പോലീസ് ആഷിക്കിനെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ ചോദ്യംചെയ്തുവരികയാണ്. വ്യാഴാഴ്ച വൈകീട്ട് ആറുമണിക്ക് ശേഷമാണ് കഞ്ചാവ് എത്തിച്ചതെന്നാണ് കരുതുന്നത്. ആഷിക്കിന് എവിടെനിന്നാണ് ലഹരി ലഭിച്ചതെന്ന് പോലീസ് അന്വേഷിക്കും. സെമസ്റ്റര്‍ ഔട്ടായ ശേഷവും ഇയാള്‍ നിരന്തരം ഹോസ്റ്റലില്‍ എത്തിയിരുന്നുവെന്നാണ് വിവരം.
ഇയാള്‍ ലഹരിവിതരണക്കാരനാണോ, സ്ഥിരമായി ഹോസ്റ്റലില്‍ കഞ്ചാവ് എത്തിക്കുന്ന ആളാണോ, എവിടെനിന്ന് കഞ്ചാവ് ലഭിച്ചു എന്നീ കാര്യങ്ങളിലാണ് പോലീസ് അന്വേഷണം നടത്തുക. പൂര്‍വവിദ്യാര്‍ഥിയാണ് കഞ്ചാവ് എത്തിച്ചത് എന്ന വിവരം നേരത്തേ പോലീസിന് ലഭിച്ചിരുന്നു. ഇയാളെക്കുറിച്ച് സൂചന ലഭിച്ചതായും ഉടന്‍ അയാളിലേക്ക് എത്താന്‍ കഴിയുമെന്നും കഴിഞ്ഞദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.
ഹോസ്റ്റലിലെ വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ ഒരുങ്ങുകയാണ് പോലീസ്. ഏതെല്ലാം അക്കൗണ്ടുകളിലേക്ക് പണം വന്നെന്നും പോയെന്നുമുള്ള അന്വേഷമാണ് നടത്തുക. ഇതിലൂടെ ലഹരി വില്‍പ്പന നടത്തുന്നവരിലേക്ക് എത്താന്‍ സാധിക്കുമെന്നാണ് പോലീസ് കരുതുന്നത്.
ഹോളി ആഘോഷത്തോട് അനുബന്ധിച്ച് 500 രൂപ മുതലാണ് ലഹരിവില്‍പ്പന നടത്തിയതെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ബാങ്ക് അക്കൗണ്ടുകളില്‍ പരിശോധന നടത്തുന്നത്. ഇതിന് പുറമേ ഫോണ്‍ രേഖകളും പരിശോധിക്കും. കേസില്‍ സംശയമുള്ള ആളുകളെ വിശദമായി പരിശോധിക്കും. അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടയച്ച വിദ്യാര്‍ഥികളെ ആവശ്യമെങ്കില്‍ വീണ്ടും വിളിച്ചുവരുത്തി ചോദ്യംചെയ്‌തേക്കും.
കളമശ്ശേരി പോളിടെക്‌നിക് കോളേജിലെ പെരിയാല്‍ മെന്‍സ് ഹോസ്റ്റലില്‍നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ രണ്ടുകേസുകളാണ് രജിസ്റ്റര്‍ചെയ്തത്. കൊല്ലം കുളത്തൂപ്പുഴ ആകാശ് (21), ആലപ്പുഴ കാര്‍ത്തികപ്പിള്ളി സ്വദേശി ആദിത്യന്‍ (20), കൊല്ലം കരുനാഗപ്പള്ളി സ്വദേശി ആര്‍. അഭിരാജ് (21) എന്നിവരാണ് അറസ്റ്റിലായത്. ഹോളി ആഘോഷത്തിന് വിദ്യാര്‍ഥികള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ എത്തിച്ചതാണ് കഞ്ചാവെന്നാണ് പോലീസ് അറിയിച്ചത്.
ആകാശിന്റെ മുറിയില്‍നിന്ന് 1.909 കിലോഗ്രാമും കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്‌ഐ നേതാവുമായ അഭിരാജിന്റേയും ആദിത്യന്റേയും മുറിയില്‍നിന്ന് 9.7 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. കഞ്ചാവിന്റെ അളവ് ഒരു കിലോഗ്രാമതില്‍ താഴെ ആയതിനാല്‍ അഭിരാജിനേയും ആദിത്യനേയും സ്‌റ്റേഷന്‍ ജാമ്യത്തില്‍വിട്ടിരുന്നു.
Content Highlights: Police arrest another person in connection with cannabis seizure at Kalamassery Polytechnic College
Published: 15 Mar 2025, 08:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented