തിരുവനന്തപുരം: ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കാപ്പാ കേസ് പ്രതിക്ക് നേരെ വെടിയുതിര്‍ത്ത് പൊലീസ്. തിരുവനന്തപുരം ആര്യങ്കോടാണ് സംഭവം. എസ്എച്ച്ഒയെ വെട്ടാന്‍ ശ്രമിച്ചപ്പോള്‍ പ്രതിരോധമെന്ന നിലയിലാണ് പ്രതി കൈരി കിരണിനെതിരെ പൊലീസ് വെടിയുതിര്‍ത്തത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

To advertise here,

കാപ്പാ കേസില്‍ നാടുകടത്തിയ പ്രതിയാണ് കൈരി കിരണ്‍. കാപ്പ ലംഘിച്ച് കൈരി കിരണ്‍ വീട്ടിലെത്തി എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യാനെത്തിയത്.കരുതല്‍ തടങ്കലിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ആയിരുന്നു വെട്ടുകത്തി ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ആക്രമിച്ചത്.

ഈ സാഹചര്യത്തിലാണ് എസ്എച്ച്ഒ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് പ്രതിയെ വെടിവച്ചത്. എന്നാല്‍ ഈ സമയത്ത് ഓടിമാറിയതിനാല്‍ വെടിയേറ്റില്ല. പിന്നാലെ പ്രതി സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയും ചെയ്തു.