തിരുവനന്തപുരം: പോത്തൻകോട് ജങ്‌ഷനുസമീപം നന്നാട്ടുകാവ് റോഡിൽ മേലേമുക്കിൽ നിർത്തിയിട്ടിരുന്ന കാറിൽ കയറ്റിക്കൊണ്ടിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘമാണ് രണ്ടായിരത്തിലധികം കിലോ തൂക്കംവരുന്ന 46 ചാക്കുകൾ പിടികൂടിയത്. ഒരുകോടി രൂപയിൽ അധികം വിപണിയിൽ മൂല്യമുള്ള ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തതെന്ന് അധികൃതർ പറയുന്നു.

To advertise here,

വെമ്പായം കന്യാകുളങ്ങര മേലെപാക്കാൻ വിളാകത്ത് വീട്ടിൽ ഷംനാദിനെ ഡാൻസാഫ് സംഘം പിടികൂടി പോത്തൻകോട് പോലീസിനു കൈമാറി. ലഹരിവസ്തുക്കൾ മലപ്പുറത്തുനിന്ന്‌ എത്തിച്ച ലോറി കിളിമാനൂരിൽനിന്നും പുകയില ഉത്പന്നങ്ങളുമായി പോലീസ് കസ്റ്റഡിയിൽ എടുത്തു. ലോറി ഡ്രൈവർ മലപ്പുറം കൊണ്ടോട്ടി തുറക്കൽ കൊളപ്പുള്ളി വീട്ടിൽ അബ്ദുൽ അസീസിനെയും ഡാൻസാഫ്‌ സംഘം പിടികൂടി കിളിമാനൂർ പോലീസിൽ ഏൽപ്പിച്ച് കേസ് രജിസ്റ്റർ ചെയ്തു.

ഓപ്പറേഷൻ തൂഫാൻ വഴി റൂറൽ ജില്ലാ പോലീസ് മേധാവി ബി.കെ. പ്രശാന്തൻ കാണിക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ്‌ സംഘം പോത്തൻകോട്ടും കിളിമാനൂരും ഒരേസമയത്ത് ഞായറാഴ്ച പുലർച്ചെ നടത്തിയ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ആറ്റിങ്ങൽ, മംഗലപുരം, വെഞ്ഞാറമൂട്, പോത്തൻകോട്, നെടുമങ്ങാട് മേഖലകളിൽ ചെറുകിട വ്യാപാരികൾക്ക് ലഹരിവസ്തുക്കൾ എത്തിച്ചിരുന്നത് ഇപ്പോൾ പിടിയിലായ ഷംനാദ് ആയിരുന്നു.

നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. റോബർട്ട്‌ ജോണി, പോത്തൻകോട് പോലീസ് ഇൻസ്‌പെക്ടർ സുനിൽ ഗോപി, ഡാൻസാഫ്‌ സബ് ഇൻസ്‌പെക്ടർമാരായ എഫ്. ഫയാസ്, ബി. ദിലീപ് സി.പി.ഒ.മാരായ റിയാസ്, ബിനു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കോടികൾ വിലയുള്ള നിരോധിത ലഹരിവസ്തുക്കളും വാഹനങ്ങളുമായി ഇവരെ പിടികൂടിയത്.