പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിലും മങ്കടയിലും പോലീസ് നടത്തിയ പരിശോധനയിൽ എം.ഡി.എം.എ.യുമായി യുവതിയടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് കോട്ടപ്പുറം സ്വദേശി വേങ്ങശ്ശേരി സിദ്ദീഖ് (44), പുത്തനങ്ങാടി സ്വദേശി തങ്കേത്തിൽ ആഷിഫ് (31), കായംകുളം സ്വദേശിനി തങ്ങൾവീട്ടിൽ കിഴക്കേത്ത് ലുബ്നാസ് (25) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

To advertise here,

മങ്കട സ്റ്റേഷൻപരിധിയിൽ ഏറാംതോട് സ്വദേശി ആൽപാറ വീട്ടിൽ ഷിബിയെ(31) വീട്ടിൽ നടത്തിയ പരിശോധനയിലും എം.ഡി.എം.എ. സഹിതം അറസ്റ്റ് ചെയ്തു.

ജില്ലയിൽ സിന്തറ്റിക് ലഹരിവസ്തുക്കളുടെ ഉപയോഗവും വില്പനയും തടയുന്നതിന്‍റെ ഭാഗമായി മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദേശപ്രകാരം പെരിന്തൽമണ്ണ ഡിവൈ.എസ്.പി. എ. പ്രേംജിത്ത്, നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. എൻ.ഒ. സിബി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പെരിന്തൽമണ്ണ, മങ്കട ഭാഗങ്ങളിൽ പരിശോധന ശക്തമാക്കിയിരുന്നു.

പെരിന്തൽമണ്ണ ടൗണിൽ ഫ്ലാറ്റിൽനിന്ന് നാലു ഗ്രാം എം.ഡി.എം.എ.യുമായാണ് യുവതിയടക്കം മൂന്നുപേരെ പിടികൂടിയത്.

1.120 ഗ്രാം എം.ഡി.എം.എ.യാണ് ഷിബിയുടെ ഏറാംതോടുള്ള വീട്ടിൽനിന്ന് കണ്ടടുത്തത്.

ബെംഗളൂരു കേന്ദ്രീകരിച്ച് ജില്ലയിൽ പല ഭാഗങ്ങളിലേക്കും ഏജൻറുമാർ മുഖേന സിന്തറ്റിക് ലഹരിമരുന്ന് കടത്തുന്ന സംഘത്തിലെ ചില കണ്ണികളെക്കുറിച്ച് പോലീസ് സംഘത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു.

രാത്രിയിൽ പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തുടർന്നും പരിശോധന ശക്തമാക്കുമെന്ന് ഡിവൈ.എസ്.പി. എ. പ്രേംജിത്ത് അറിയിച്ചു.