പൊയിനാച്ചി (കാസർകോട്): പ്രവാസിയുടെ വീട്ടുമുറ്റത്ത്‌ അഴിച്ചുവെച്ചിരുന്ന എസി നാടോടിസ്ത്രീകൾ കടത്തിക്കൊണ്ടുപോയി ആക്രിക്കടയിൽ വിറ്റു. ദുബായിയിലിരുന്ന് സംഭവം സിസിടിവിയിൽ കണ്ട പ്രവാസി വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ എസി കണ്ടെത്തി നാടോടിസ്ത്രീകളെ പിടികൂടിയെങ്കിലും പരാതി ഇല്ലാത്തതിനാൽ പോലീസ് താക്കീത് നൽകി വിട്ടയച്ചു.

To advertise here,

വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം മാങ്ങാട് കൂളിക്കുന്നിലെ വീട്ടിലാണ് സംഭവം. പ്രവാസി കുടുംബസമേതം ദുബായിയിലാണ്. വീട്ടിലെ ജോലിക്കാരൻ സംഭവസമയം പുറത്തുപോയിരുന്നു. മൂന്ന് നാടോടിസ്ത്രീകളാണ് വീട്ടിലെത്തിയത്. ആളുകൾ ആരുമില്ലെന്ന് മനസ്സിലാക്കിയ ഇവർ വീട്ടുപരിസരം അരിച്ചുപെറുക്കി. ഇതിനിടെ നിലത്തുകണ്ട എസിയുമായി കടന്നുകളയുകയായിരുന്നു.

വീട്ടിൽ പുതിയ സ്‌പിളിറ്റ് എസി അടുത്തിടെ വാങ്ങിയപ്പോൾ പഴയത് ഊരിവെച്ചതായിരുന്നു. രണ്ട് സ്ത്രീകൾ എസി താങ്ങിപ്പിടിച്ച് പുറത്തുപോകുന്നത് സിസിടിവിയിൽ കണ്ട പ്രവാസി വിവരം ഉടൻ ജോലിക്കാരനെ അറിയിച്ചു. ചട്ടഞ്ചാലിൽ പോയിരുന്ന അയാൾ തിരിച്ചെത്തുമ്പോഴേക്കും നാടോടികൾ സ്ഥലംവിട്ടിരുന്നു.

പിന്നീട് നടത്തിയ അന്വേഷണത്തിൽ എസി കളനാട്ട് പാഴ്വസ്തുക്കൾ വാങ്ങുന്ന കടയിൽ 5200 രൂപക്ക് വിറ്റതായി വ്യക്തമായി. കടക്കാരന് നാടോടികളെ പരിചയമുള്ളതിനാൽ പൂച്ചക്കാട്ടെ ക്വാർട്ടേഴ്സിലാണ് ഇവർ താമസിക്കുന്നതെന്ന് സൂചന ലഭിച്ചു. ശനിയാഴ്ച മേൽപ്പറമ്പ് പോലീസ് സംഘത്തെ കൈയോടെ പൊക്കി.

കളനാട്ടെ കടയിൽ വിറ്റ എസിയും കിട്ടി. വീട്ടുകാർ വിറ്റതാണ് എസിയെന്നാണ് നാടോടികൾ കടക്കാരനോട് പറഞ്ഞിരുന്നത്. പരാതിയുമായി വീട്ടുകാർ മുന്നോട്ട് പോകാത്ത സാഹചര്യത്തിൽ എസി തിരിച്ചുകൊടുത്ത് നാടോടികളെ താക്കീത് നൽകി വിട്ടയച്ചതായി മേൽപ്പറമ്പ് പോലീസ് പറഞ്ഞു.