ലഖ്‌നൗ: പിലിഭിത്തിൽ ലോറി ഡ്രൈവറെ ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തിയശേഷം വാഹനം കത്തിച്ച കേസിൽ സ്ത്രീ അറസ്റ്റിൽ. റാംപുർ ജില്ലയിലെ ബിലാസ്പുർ സ്വദേശിയും ഉത്തരാഖണ്ഡിലെ രുദ്രപുരിൽ താമസക്കാരിയുമായ അമൻദീപ് കൗർ(40)ആണ് പോലീസ് പിടിയിലായത്. പിലിഭിത്തിലെ ഗോമതി ഗുരുദ്വാരയ്ക്ക് സമീപത്തുനിന്നാണ് പോലീസ് അമൻദീപിനെ കസ്റ്റഡിയിലെടുത്തത്.

To advertise here,

ജൂലായ് 10-നാണ് പുരാൻപുർ കോട്‌വാലി പരിധിയിൽ കത്തിനശിച്ച ലോറിക്കുള്ളിൽ ഡ്രൈവറായ ബൽവീന്ദർ സിങ്ങിന്റെ മൃതദേഹം കണ്ടെത്തിയത്. ഇരുവരും തമ്മിലുണ്ടായ ബന്ധത്തിലെ വിള്ളലാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. അമൻദീപും ബൽവീന്ദറും കഴിഞ്ഞ രണ്ടുമൂന്നു വർഷമായി അടുപ്പത്തിലായിരുന്നു. എന്നാൽ, അമൻദീപ് ഈ ബന്ധം അവസാനിപ്പിക്കാൻ ആഗ്രഹിച്ചു.

ബന്ധത്തിൽനിന്ന് പിന്മാറാൻ ശ്രമിച്ചതോടെ, അമൻദീപിന്റെ സ്വകാര്യ ചിത്രങ്ങളും ദൃശ്യങ്ങളും കുടുംബത്തിന് കാണിച്ചുകൊടുക്കുമെന്നും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ബൽവീന്ദർ ഭീഷണിപ്പെടുത്തി. ഇതിൽ പ്രകോപിതനായി കൊലപ്പെടുത്തുകയായിരുന്നെന്ന് അമൻദീപ് പോലീസിനോട് സമ്മതിച്ചു.

ലോറിക്കകത്തുവെച്ചാണ് ബൽവീന്ദറിനെ ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തിയത്. തുടർന്ന് അപകടമരണമാണെന്ന് വരുത്തിത്തീർക്കാനും തെളിവുകൾ നശിപ്പിക്കാനുമായി ലോറിയിൽ ഡീസലൊഴിച്ച് തീക്കൊളുത്തി. കൃത്യത്തിന് ഉപയോഗിച്ച ഇരുമ്പുവടിയും പ്ലാസ്റ്റിക് കാനും പോലീസ് കണ്ടെടുത്തു. ബൽവീന്ദറിന്റെ സഹോദരന്റെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചത്.