
പാറശ്ശാല: ലൈഫ് ഭവന പദ്ധതിയിൽ മൂന്നാംഘട്ടം പണം അനുവദിക്കുന്നതിന് ഗുണഭോക്താവിൽനിന്ന് കൈക്കൂലി വാങ്ങവേ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പിടിയിൽ. കാരോട് പഞ്ചായത്തിലെ എ സർക്കിൾ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറായ കൊല്ലം അയത്തിൽ സ്വദേശി സന്ദീപ് ടി.എസ്.(49)നെയാണ് വിജിലൻസ് സംഘം പിടികൂടിയത്.
കഴിഞ്ഞ രണ്ടുവർഷക്കാലമായി കാരോട് പഞ്ചായത്തിലെ എ സർക്കിളിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറായി ജോലി ചെയ്തുവരികയാണ് സന്ദീപ്. പരാതിക്കാരന് മൂന്നാം ഗഡു പണം അനുവദിക്കുന്നതിനായി സന്ദീപ് 2500 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരന് ആദ്യ ഗഡുവായ 40,000 രൂപ അനുവദിച്ച സമയം സന്ദീപ് പരാതിക്കാരനിൽനിന്ന് 500 രൂപയും രണ്ടാംഗഡുവായി ഒരു ലക്ഷം രൂപ കൈമാറിയപ്പോൾ ആയിരം രൂപയും കൈക്കൂലിയായി ചോദിച്ചുവാങ്ങിയിരുന്നു. മൂന്നാം ഗഡുവായ രണ്ട് ലക്ഷം രൂപ അനുവദിക്കുന്നതിന് കാലതാമസമുണ്ടായപ്പോൾ പരാതിക്കാരൻ ഓഫീസിലെത്തി അന്വേഷിച്ചപ്പോഴാണ് 2500 രൂപ കൈക്കൂലിയായി ഇയാൾ ആവശ്യപ്പെട്ടത്.
ആദ്യ രണ്ട് ഗഡുവിലും പണം നൽകിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണ് ഗുണഭോക്താവ് പരാതിയുമായി വിജിലൻസ് സംഘത്തെ സമീപിച്ചത്. വിജിലൻസ് സംഘം രണ്ടാഴ്ചയോളം ഇയാളെ നിരീക്ഷിച്ചശേഷം തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടുകൂടി പ്രത്യേകം അടയാളപ്പെടുത്തിയ 2,500 രൂപ പരാതിക്കാരന് നൽകി വില്ലേജ് എക്സ്റ്റൻഷൻ ഓഫീസിലേക്ക് അയക്കുകയായിരുന്നു. ഓഫീസിനുള്ളിൽവെച്ച് പരാതിക്കാരനിൽനിന്ന് പണം കൈപ്പറ്റിയ ഉടനെ മഫ്തിയിലെത്തിയ വിജിലൻസ് സംഘം സന്ദീപിനെ പിടികൂടി. സന്ദീപിൽനിന്ന് പ്രത്യേകം അടയാളപ്പെടുത്തി വിജിലൻസ് സംഘം കൈമാറിയ നോട്ടുകൾ കണ്ടെടുത്തു. തുടർന്ന് ഫിനോഫ്ത്താലിൻ പുരട്ടിയ നോട്ട് വാങ്ങിയ സന്ദീപിന്റെ കൈപ്പത്തി സോഡിയം കാർബണേറ്റ് കലർത്തിയ വെള്ളത്തിൽ മുക്കിയതോടെ വെള്ളത്തിന് നിറംമാറ്റം സംഭവിച്ചു. തുടർന്ന് വിജിലൻസ് സംഘം സന്ദീപിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ രണ്ടുവർഷക്കാലമായി കാരോട് പഞ്ചായത്തിൽ ജോലി ചെയ്യുന്ന സന്ദീപ് ലൈഫ് ഭവന പദ്ധതിയിലെ ഗുണഭോക്താക്കളിൽനിന്ന് വ്യാപകമായി കൈക്കൂലി വാങ്ങിയിരുന്നതായി സ്ഥലത്ത് തടിച്ചുകൂടിയ പ്രദേശവാസികൾ ആരോപിച്ചു. കൈക്കൂലി നൽകിയില്ലെങ്കിൽ ഓരോ ഘട്ടത്തിലും കൈമാറേണ്ട പണം തടഞ്ഞുവെച്ച് ഗുണഭോക്താക്കളെ സമ്മർദത്തിലാക്കുന്നത് പതിവാണെന്നാണ് ഗുണഭോക്താക്കൾ പരാതിപ്പെടുന്നത്. 2016-17 കാലഘട്ടത്തിൽ കൊല്ലം ജില്ലയിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറായിരിക്കേ കൈക്കൂലി വാങ്ങവേ സന്ദീപിനെ വിജിലൻസ് സംഘം പിടികൂടിയിരുന്നു. തുടർന്ന് സസ്പെൻഷനിലായിരുന്ന സന്ദീപ് സസ്പെൻഷൻ കാലാവധിക്കുശേഷം തിരികെ ജോലിയിൽ പ്രവേശിച്ചു. കൊല്ലം വിജിലൻസ് കോടതിയിൽ ആദ്യ കേസ് നടക്കവേയാണ് ഇപ്പോൾ വീണ്ടും കൈക്കൂലി വാങ്ങവേ ഇയാൾ പിടിയിലാകുന്നത്. വിജിലൻസ് ഡിവൈ.എസ്.പി ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ സി.ഐമാരായ സിജു കെ.എൽ. നായർ, അനൂപ് ആർ. ചന്ദ്രൻ, ബിജോയ് എസ്., അരുൺകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് സന്ദീപിനെ പിടികൂടിയത്.
Published: 11 May 2026, 09:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented