നെടുമങ്ങാട്: രണ്ടാനച്ഛന്റെയും അമ്മയുടെയും അതിക്രൂരമായ പീഡനങ്ങൾക്കൊടുവിലാണ് പനവൂരിൽ ഒന്നരവയസ്സുകാരൻ അർഷിതിന് ജീവൻ നഷ്ടമായതെന്ന് പോലീസ് റിപ്പോർട്ട്. രണ്ടാനച്ഛൻ അഷ്‌കറും അമ്മ അഖിലയും ചേർന്ന് കഴിഞ്ഞ ഒരുമാസം കുഞ്ഞിനെ നിരന്തരമായി ഉപദ്രവിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഇരുവരെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത പോലീസിനോട് വെളിപ്പെടുത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പനവൂർ കരിക്കുഴി നെല്ലിക്കുന്ന് അർച്ചിതം വീട്ടിൽ ഒന്നര വയസ്സുകാരൻ അർഷിത് മരിച്ചത്.

To advertise here,

അഖിലയുടെ കുഞ്ഞ് തനിക്ക് ബാധ്യതയാകുമെന്ന് കരുതിയാണ് കുഞ്ഞിനെ കൊന്നതെന്ന് രണ്ടാനച്ഛൻ അഷ്‌കർ ചോദ്യംചെയ്യലിൽ പോലീസിനോട് സമ്മതിച്ചു. ഒരു മാസത്തിനിടെ നാൽപ്പതിലധികം തവണയാണ് അഷ്‌കറും അഖിലയും ചേർന്ന് പിഞ്ചുകുഞ്ഞിനെ മർദിച്ചത്. പലപ്പോഴും ആഹാരവും നൽകിയിരുന്നില്ല. മർദനത്തിനിടെയുണ്ടായ മുറിവുകൾക്ക് കൃത്യമായ ചികിത്സയും നൽകിയില്ല. കുഞ്ഞിന്റെ ശരീരത്തിൽ 51 മുറിവുകളുണ്ടായിരുന്നതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഏഴു വാരിയെല്ലുകൾക്ക് പൊട്ടലുമുണ്ട്.

രണ്ടാഴ്ച മുൻപ്‌ അർഷിതിന്റെ രണ്ടു കൈകളും അഷ്‌കർ അടിച്ചൊടിച്ചു. കുഞ്ഞ് നിർത്താതെ കരഞ്ഞതോടെ എട്ടുദിവസത്തിനുശേഷം ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്ലാസ്റ്റർ ഇട്ടു. അപ്പോഴും അർഷിതിന്റെ ശരീരത്തിൽ അടിയേറ്റ പാടുകളുണ്ടായിരുന്നു. എന്നാൽ, ഡോക്ടർമാർ ഈ അസ്വാഭാവികത പോലീസിനെ അറിയിച്ചില്ല. ജനനേന്ദ്രിയത്തിൽ പൊള്ളലേൽപ്പിച്ചതായും പോലീസിനോട് സമ്മതിച്ചു.

ചോദ്യംചെയ്യലിന്റെ ആദ്യഘട്ടത്തിൽ അഖില ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. തനിക്കൊന്നുമറിയില്ലെന്നും താൻ നൃത്തപരിപാടിയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലായിരുന്നുവെന്നുമാണ് പോലീസിനോട് പറഞ്ഞത്. എന്നാൽ, ഇരുവരെയും പ്രത്യേകം ചോദ്യംചെയ്തതോടെ കൊലപാതകത്തിലെ പങ്ക് അഖിലയും സമ്മതിക്കുകയായിരുന്നു. അഖിലയുടെ ആദ്യഭർത്താവ് അഖിലിന്റെ കുടുംബത്തിന് കുഞ്ഞിനെ കൈമാറാമെന്ന് സമ്മതിച്ചതിന് പിന്നാലെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.

സംഭവത്തിൽ അഷ്‌കറിന്റെ ബന്ധുക്കൾക്കുള്ള പങ്കും അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. വാടകവീട്ടിൽ ഇവരോടൊപ്പം അഷ്‌കറിന്റെ അമ്മയും സഹോദരിയും താമസിച്ചിരുന്നു. നെടുമങ്ങാട് ഡിവൈ.എസ്.പി. ബൈജുകുമാറിനാണ് അന്വേഷണച്ചുമതല.