പന്തീരാങ്കാവ് (കോഴിക്കോട്): ദേശീയപാതയിൽ പന്തീരാങ്കാവ് ടോൾപ്ലാസയിൽ സ്വകാര്യ ക്യുആർ കോഡ് ഉപയോഗിച്ച് ജീവനക്കാർ നടത്തിയത് ലക്ഷങ്ങളുടെ തട്ടിപ്പ്. തട്ടിപ്പിൽ പങ്കാളിയായ ടോൾപ്ലാസ ജീവനക്കാരൻ മധ്യപ്രദേശ് സ്വദേശി നവീൻ സിങ് ബദോരിയയെ (24) പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തു.

To advertise here,

ഉത്തർ പ്രദേശ് സ്വദേശികളായ തട്ടിപ്പിന്റെ സൂത്രധാരൻ കമ്പനി ഷിഫ്റ്റ് ഇൻ ചാർജ് വിപിൻ രാജ്പുത്ത് (23), സഹജീവനക്കാരായ ഉമാശങ്കർ (40), ഹരിമോഹൻ (19), മോണ്ടി രാജ്പുത് (21), ശിവം (21) എന്നിവരെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. ഇവരെല്ലാം ഒളിവിലാണ്.

ടോൾപ്ലാസയിൽ ടോൾ പിരിക്കാൻ കരാറെടുത്ത കമ്പനിയുടെ ക്യുആർ കോഡിന് പകരം മുഖ്യപ്രതി വിപിൻ രാജ്പുത്ത് നൽകിയ ക്യുആർ കോഡിലേക്ക് പണം സ്വീകരിച്ചാണ് ജീവനക്കാർ ലക്ഷങ്ങൾ തട്ടിയത്. സെപ്റ്റംബർ രണ്ടു മുതൽ ഒക്ടോബർ അഞ്ചുവരെയുള്ള കാലയളവിൽ ഏഴുലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് ടോൾപ്ലാസ കമ്പനിയായ സ്‌കൈലാർക്ക് ഇൻഫ്രാ എൻജിനിയറിങ് പ്രൈവറ്റ് ലിമിറ്റഡ് മാനേജർ അമിത് കുമാർ ശർമ പന്തീരാങ്കാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

ടോൾപ്ലാസയിലൂടെ കടന്നുപോയ ഒരു കുടുംബം ഫാസ്റ്റ് ടാഗിൽ പണം അടയ്ക്കാൻ കഴിയാതെ വന്നതോടെ ക്യുആർ കോഡിനെ ആശ്രയിച്ചതോടെയാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്. പണം സ്വകാര്യ അക്കൗണ്ടിലേക്കാണ് പോയത് എന്ന് മനസ്സിലാക്കിയതോടെ വാഹന ഉടമ രാജ് മാർഗ് യാത്ര പോർട്ടൽ വഴി പരാതി നൽകുകയായിരുന്നു.തുടർന്ന് ടോൾപ്ലാസ അധികൃതർ സിസിടിവി പരിശോധിച്ചപ്പോൾ ജീവനക്കാർ തട്ടിപ്പ് നടത്തുന്നതിന്റെ കൂടുതൽ തെളിവുകൾ കണ്ടെത്താനായത്.