പാൽഘർ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ പ്രമുഖ വ്യവസായിയായ മോഹൻ സിങ് ലക്ഷ്മൺ സിങ് പാർമറിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ മുഖ്യസൂത്രധാരനടക്കം ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. 32 കോടി രൂപയുടെ സാമ്പത്തിക ബാധ്യത ഒഴിവാക്കാനും പാർമറുടെ കമ്പനിയുടെ നിയന്ത്രണം പിടിച്ചെടുക്കാനുമാണ് പ്രതികൾ കൊലപാതകത്തിന് പദ്ധതിയിട്ടതെന്ന് പോലീസ് വെളിപ്പെടുത്തി.
വാശിയിലെ ഡയമണ്ട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന പാർമറിന്റെ കമ്പനിയുടെ പങ്കാളിയായ സാഗർ ഗിരീഷ് ഭാനുശാലിയാണ് ഗൂഢാലോചന മുഖ്യസൂത്രധാരനെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഓഹരി വിപണിയിലുണ്ടായ കനത്ത നഷ്ടത്തെത്തുടർന്ന് വലിയ കടബാധ്യതയിലായ ഭാനുശാലി, പാർമറിൽ നിന്ന് ഏകദേശം 32 കോടി രൂപ കടമായി വാങ്ങിയിരുന്നു. പാർമറിനെ കൊലപ്പെടുത്തിയാൽ ഈ തുക തിരികെ നൽകേണ്ടി വരില്ലെന്നും കമ്പനിയുടെ പൂർണ്ണ നിയന്ത്രണം ലഭിക്കുമെന്നും പ്രതി കരുതിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ജൂലായ് 24-ന് രാത്രി വസായ് ഈസ്റ്റിലെ കമ്പനി പരിസരത്ത് വെച്ചാണ് പാമറിന് നേരെ ആക്രമണമുണ്ടായത്. ഓഫീസിൽ നിന്നും പുറത്തിറങ്ങിയ സമയം ബൈക്കിലെത്തിയ രണ്ട് പേർ അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. അദ്ദേഹത്തിന് തോളിൽ ഗുരുതരമായി പരിക്കേറ്റു. ആദ്യ റൗണ്ട് വെടിവെച്ചതിന് ശേഷം പ്രതിയുടെ തോക്ക് കേടായതിനേത്തുടർന്ന് പാർമറെ തോക്കിന്റെ പിന്നറ്റം കൊണ്ട് അടിച്ച ശേഷം അക്രമികൾ കടന്നുകളഞ്ഞു.
സുജിത് ദേവേന്ദ്രഭായ് പാണ്ഡെ, അനൂപ് വീരേന്ദ്ര പ്രജാപതി എന്നിവരാണ് വെടിവെപ്പ് നടത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങൾ, ഫോൺ വിളികളുടെ വിവരങ്ങൾ, മറ്റ് സാങ്കേതിക തെളിവുകൾ എന്നിവ വിശകലനം ചെയ്താണ് പോലീസ് പ്രതികളിലേക്ക് എത്തിയത്. ആക്രമണത്തിന് ഉപയോഗിച്ച ബൈക്കിൽ വ്യാജ നമ്പർ പ്ലേറ്റാണ് ഘടിപ്പിച്ചിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് പ്രത്യേക പോലീസ് സംഘം ഉത്തർപ്രദേശിലെത്തി പ്രതികളെ പിടികൂടുകയായിരുന്നു.
Published: 01 Aug 2026, 03:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented