
ആലത്തൂര്‍: നെന്മാറ പോത്തുണ്ടി തിരുത്തമ്പാടത്ത് സുധാകരനെയും അമ്മ ലക്ഷ്മിയെയും അയല്‍വാസി ചെന്താമര വെട്ടിക്കൊല്ലുന്നത് തൊട്ടടുത്തുനിന്ന് കണ്ടയാളെ അന്വേഷണസംഘം കണ്ടെത്തി. സംഭവസമയത്ത് തൊടിയില്‍ ആടുമേച്ചിരുന്നയാളാണ് ഇതെന്നാണ് സൂചന. പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇയാളെ തിരിച്ചറിഞ്ഞു.
സുധാകരനെയും അമ്മയെയും ചെന്താമര വെട്ടിവീഴ്ത്തുമ്പോള്‍ അന്‍പതുമീറ്റര്‍മാത്രം അകലെയായി ദൃക്സാക്ഷി ഉണ്ടായിരുന്നതായാണ് പോലീസിന്റെ സ്ഥിരീകരണം. സംഭവം കണ്ട് ഭയചകിതനായ ഇയാള്‍ സ്ഥലത്തുനിന്ന് ഓടിപ്പോയി. വീട്ടിലെത്തി മാതാപിതാക്കളോട് വിവരംപറഞ്ഞു. പേടിമൂലം പനിബാധിച്ച് കുറച്ചുദിവസം കിടപ്പിലായിരുന്നു. പിന്നീട് ബന്ധുവിനൊപ്പം ജോലിക്കുപോയി. യുവാവിനെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമത്തിലാണ് പോലീസ്.
രഹസ്യമൊഴി രേഖപ്പെടുത്തല്‍ തുടങ്ങി
ഇരട്ടക്കൊലപാതകക്കേസില്‍ എട്ട് സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തല്‍ ആരംഭിച്ചു. രണ്ടുപേരുടെമൊഴി രേഖപ്പെടുത്തി. രണ്ടുപേരുടെവീതം അടുത്ത ദിവസങ്ങളില്‍ മൊഴി രേഖപ്പെടുത്തല്‍ പൂര്‍ത്തിയാക്കും. നൂറോളം സാക്ഷികളുള്ളതില്‍ എട്ടുപേരുടേത് മാത്രമാണ് രഹസ്യമൊഴിയായി രേഖപ്പെടുത്തുക. വിചാരണസമയത്ത് സാക്ഷികള്‍ കൂറുമാറുന്നതിനും മൊഴിമാറ്റുന്നതിനുമുള്ള സാധ്യത പരിഗണിച്ചാണിത്.
ശാസ്ത്രീയ പരിശോധനാഫലം ലഭിച്ചു
സുധാകരനും അമ്മയും കൊല്ലപ്പെട്ട കേസില്‍ പോലീസ് അയച്ച സാമ്പിളുകളുടെ ഫൊറന്‍സിക് പരിശോധനാഫലം ലഭിച്ചു. ഇവ കോടതിയില്‍ നേരിട്ടുനല്‍കും. കുറ്റപത്രം തയ്യാറാക്കുന്നതിന്റെ അവസാനഘട്ടത്തിലാണ് അന്വേഷണസംഘം.
ജനുവരി 27-നാണ് ഇരട്ടക്കൊലപാതകം നടന്നത്. 60 ദിവസത്തിനകം കുറ്റപത്രം നല്‍കുമെന്ന് അന്വേഷണോദ്യോഗസ്ഥനായ ആലത്തൂര്‍ ഡിവൈ.എസ്.പി. എന്‍. മുരളീധരന് പറഞ്ഞിരുന്നു. ആലത്തൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കുന്നതോടെ കേസ് സെഷന്‍സ് കോടതിയിലേക്ക് വിചാരണയ്ക്കായി മാറ്റും.
Content Highlights: palakkad nemmara double murder case
Published: 04 Mar 2025, 07:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented