പത്തനംതിട്ട: അനാഥാലയത്തില്‍ അന്തേവാസിയായിരുന്ന യുവതി പ്രസവിച്ച സംഭവത്തില്‍ പോക്‌സോ കേസ്. പെൺകുട്ടി പ്രായപൂര്‍ത്തിയാകും മുമ്പേ ഗര്‍ഭം ധരിച്ചിരുന്നുവെന്ന പരിശോധനയിൽ തെളിഞ്ഞതിനെ തുടർന്നാണ് പോലീസ് കേസെടുത്തത്. വിഷയം പരിശോധിച്ച ശിശുക്ഷേമ സമിതിയുടെ (സിഡബ്ല്യുസി) റിപ്പോര്‍ട്ട് പരിഗണിച്ചാണ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. എന്നാൽ, ആരെയും പ്രതി ചേര്‍ത്തിട്ടില്ല.

To advertise here,

അനാഥാലയ നടത്തിപ്പുകാരില്‍ ഒരാള്‍ വിവാഹം ചെയ്ത യുവതി കുഞ്ഞിന് ജന്മം നല്‍കിയതോടെയാണ് പരാതി ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 23-നായിരുന്നു വിവാഹം. ഏഴു മാസങ്ങള്‍ക്കു ശേഷം ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിന് യുവതി കുഞ്ഞിന് ജന്മം നല്‍കി. പൂര്‍ണ വളര്‍ച്ചയെത്തിയ കുഞ്ഞിനാണ് യുവതി ജന്മം നല്‍കിയതെന്നാണ് സിഡബ്ല്യുസിയുടെ റിപ്പോര്‍ട്ടിലുള്ളത്. 

2024 ഒക്ടോബര്‍ ഒമ്പതിനാണ് പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയായത്. രണ്ടാഴ്ച കൂടി പിന്നിട്ടപ്പോഴായിരുന്നു വിവാഹം. ഈ കാലയളവ് കണക്കാക്കുമ്പോള്‍ 18 വയസ് പൂര്‍ത്തിയാകുന്നതിന് മുമ്പ് പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നുവെന്നാണ് കണക്കാക്കുന്നത്. അങ്ങനെയെങ്കില്‍ അനാഥാലയത്തില്‍ കഴിഞ്ഞുവന്ന പെണ്‍കുട്ടി ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടുവെന്ന ഗുരുതര സാഹചര്യം കൂടി വെളിപ്പെടുന്നുണ്ട്. ഇപ്പോള്‍ നിരവധി പെണ്‍കുട്ടികള്‍ താമസിക്കുന്ന കേന്ദ്രം നല്‍കുന്ന സുരക്ഷ കൂടി ഇവിടെ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. സിഡബ്ല്യുസി റിപ്പോര്‍ട്ട് കണക്കിലെടുത്ത് പോലീസ് യുവതിയെ പരിശോധിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി. ഇതുകൂടി അടിസ്ഥാനപ്പെടുത്തിയാണ് പോക്‌സോ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിരിക്കുന്നത്.

അതേസമയം പ്രായപൂര്‍ത്തിയായ ശേഷമുണ്ടായ ബന്ധത്തിലാണ് തങ്ങള്‍ക്ക് കുട്ടി ജനിച്ചതെന്നാണ് യുവതിയുടെ മൊഴി. ഏഴാം മാസത്തിലാണ് കുഞ്ഞ് ജനിച്ചതെന്നും യുവതി വിശദീകരിക്കുന്നു. കുഞ്ഞിന്റെ ശാരീരിക വളര്‍ച്ച, പിറന്ന ദിവസം എന്നിവ വെച്ച് ഗര്‍ഭധാരണത്തിന്റെ കാലയളവ് ശാസ്ത്രീയമായി കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.