കൊച്ചി: വിദേശ മലയാളിക്ക് ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗ് തട്ടിപ്പിലൂടെ നഷ്ടമായത് നാലരക്കോടി രൂപ. പെരുമ്പാവൂര്‍ സ്വദേശിയായ മലയാളിക്കാണ് നാലരക്കോടി രൂപ നഷ്ടമായത്. ഷെയര്‍ ട്രേഡിംഗില്‍ വിദഗ്ധയാണെന്നും പണം നിക്ഷേപിച്ചാല്‍ വന്‍ തുക ലാഭം കിട്ടുമെന്നും പ്രലോഭിപ്പിച്ചാണ് തട്ടിപ്പിനിരയാക്കിയത്. സംഭവത്തില്‍ എറണാകുളം റൂറല്‍ ജില്ലാ സൈബര്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

To advertise here,

തട്ടിപ്പിനിരയായ മലയാളി ദുബായിയില്‍ വെച്ച് ഒരാളെ പരിചയപ്പെടുകയായിരുന്നു. തുടര്‍ന്ന് വാട്‌സാപ്പ്, ജിമെയില്‍ തുടങ്ങിയ മാധ്യമങ്ങളിലൂടെയായിരുന്നു ഇവര്‍ ആശയവിനിമയം നടത്തിയിരുന്നത്. തട്ടിപ്പ് സംഘം പറഞ്ഞ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ആദ്യം ചെറിയൊരു തുക നിക്ഷേപിച്ചു. അതിന് വന്‍ ലാഭം തിരിച്ചുനല്‍കി. അത് വിശ്വാസത്തിന് കാരണമായി. പിന്നീട് ഓഗസ്റ്റ് 12 മുതല്‍ നവംബര്‍ 11 വരെ തട്ടിപ്പ് സംഘം പറഞ്ഞ വിവിധ അക്കൗണ്ടുകളിലേക്കായി പല പ്രാവശ്യങ്ങളിലായി നാലരക്കോടിയോളം രൂപ നിക്ഷേപിക്കുകയായിരുന്നു. 

ഇതിന്റെയൊക്കെ ലാഭം എന്ന് പറഞ്ഞ് വന്‍തുകകള്‍ അവര്‍ യുവാവിന് വേണ്ടി തയ്യാറാക്കിയ പേജില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഒടുവില്‍ തുക പിന്‍വലിക്കാന്‍ ശ്രമിച്ചു. അതിന് സാധിക്കാതെ വന്നപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയ്ക്ക് പരാതി നല്‍കുകയും എസ്.പിയുടെ മേല്‍നോട്ടത്തില്‍ റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷന്‍ ടീം അന്വേഷണമാരംഭിക്കുകയും ചെയ്യുകയായിരുന്നു. ഇയാള്‍ പണം നിക്ഷേപിച്ച അക്കൗണ്ടുകള്‍ പോലീസ് പരിശോധിച്ചു വരുകയാണ്.

സമീപകാലത്തായി ഒണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗിന്റെ മറവില്‍ നിരവധി പേര്‍ക്കാണ് പണം നഷ്ടപ്പെട്ടിട്ടുള്ളത്. വിശ്വാസം പിടിച്ചുപറ്റാന്‍ ആദ്യം നിക്ഷേപിക്കുന്ന ചെറിയ തുകകള്‍ക്ക് ലാഭം എന്ന പേരില്‍ ഒരു തുക തിരികെ തരികയും ചെയ്യും. എന്നാല്‍ വന്‍ തുകകള്‍ നിക്ഷേപിക്കുകയും പിന്നീട് പിന്‍വലിക്കാന്‍ കഴിയാതെ വരുകയും ചെയ്യുന്നതോടെയാണ് തട്ടിപ്പ് വിവരം അറിയുക.  

ഇതിനോടനുബന്ധിച്ചുള്ള മറ്റൊരു തട്ടിപ്പാണ് ബാങ്ക് അക്കൗണ്ട് വാങ്ങല്‍. യുവാക്കളെ കൊണ്ട് അക്കൗണ്ട് എടുപ്പിച്ച് ഒരു നിശ്ചിത തുകയും പിന്നീട് അക്കൗണ്ടില്‍ വരുന്ന തുകയ്ക്ക് കമ്മീഷനും അക്കൗണ്ടിന്റെ ഉടമസ്ഥന് നല്‍കും. അക്കൗണ്ടിന്റെ നിയന്ത്രണം മുഴുവന്‍ തട്ടിപ്പ് സംഘത്തിനായിരിക്കും. തട്ടിപ്പിനിരയാകുന്നവര്‍ ഈ അക്കൗണ്ടുകളിലേക്കാണ് പണം നിക്ഷേപിക്കുന്നത്. ഇങ്ങനെ അക്കൗണ്ട് എടുത്ത് നല്‍കിയ നിരവധി യുവാക്കളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് എസ്.പി വൈഭവ് സക്‌സേന പറഞ്ഞു.