ഇരിങ്ങാലക്കുട: ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ 1,34,50,000 രൂപ തട്ടിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ കോഴിക്കോട് വിമാനത്താവളത്തിൽ പോലീസ് അറസ്റ്റുചെയ്തു. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കോഴിക്കോട് പുതുപ്പാടി കൈതപ്പൊയ്യിൽ സ്വദേശി മലഞ്ഞവീട്ടിൽ സയ്യിദ് സഫ്വാനെ(23)യാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്.
കാളറം കിഴുത്താണി സ്വദേശിയാണ് തട്ടിപ്പിനിരയായത്. ഇക്കണോമിക് ടൈംസ് പത്രത്തിൽ പ്രസിദ്ധീകരിച്ച ഷെയർ ട്രേഡിങ് പരസ്യം കണ്ട് ആകൃഷ്ടനായ പരാതിക്കാരനെ പ്രതികൾ വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാക്കിയാണ് തട്ടിപ്പിനു തുടക്കമിട്ടത്.
വെബ്സൈറ്റ് ലിങ്കും നിർദേശങ്ങളും ഗ്രൂപ്പ് അഡ്മിൻമാർ പലദിവസങ്ങളിലായി പരാതിക്കാരന് അയച്ചുനൽകി. 2024 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 31 വരെ തന്റെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പ്രതികളുടെ അക്കൗണ്ടുകളിലേക്ക് 1,34,50,000 രൂപ അയച്ചുനൽകിയെന്ന് പരാതിക്കാരൻ പറയുന്നു. എന്നാൽ, നിക്ഷേപിച്ച തുകയോ ട്രേഡിങ്ങിൽനിന്നുള്ള ലാഭവിഹിതമോ തിരികെ നൽകിയില്ല.
20 ലക്ഷം രൂപ വയനാട് വെത്തിരി സ്വദേശിയായ ഏഴാംപ്രതി ഷനൂഥ് എന്നയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചുവാങ്ങി. ഷനൂഥിനെ കഴിഞ്ഞ വർഷം ജൂണിൽ അറസ്റ്റുചെയ്തിരുന്നു. പ്രതിയെ ചോദ്യംചെയ്തപ്പോൾ ഇയാളുടെ ബന്ധുവായ സയ്യിദ് സഫ്വാന്റെ നിർദേശപ്രകാരം 20 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിലേക്ക് ട്രാൻസ്‌ഫർ ചെയ്തെന്ന് വ്യക്തമായി.
സഫ്വാനെ കേസിൽ പ്രതിചേർത്ത് കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. പത്താംപ്രതിയാണ് സഫ്വാൻ. പ്രതി സമർപ്പിച്ച ജാമ്യാപേക്ഷ തൃശ്ശൂർ ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. അന്വേഷണോദ്യോഗസ്ഥന്റെ മുമ്പാകെ 10 ദിവസത്തിനകം ഹാജരാകണമെന്നും അല്ലാത്തപക്ഷം പ്രതിയെ അറസ്റ്റുചെയ്യാമെന്നും കോടതി ഉത്തരവിട്ടിരുന്നു.
കോഴിക്കോട് വിമാനത്താവളം വഴി ദുബായിലേക്ക് കടക്കാൻ ശ്രമിക്കവേയാണ് സഫ്വാനെ അധികൃതർ തടഞ്ഞുവെച്ച് വിവരം ജില്ലാ പോലീസ് മേധാവിയെ അറിയിച്ചത്. അന്വേഷണസംഘം വിമാനത്താവളത്തിൽ ചെന്ന് പ്രതിയെ അറസ്റ്റുചെയ്തു. കേസിൽ ഇതുവരെ 10 പ്രതികളെ പിടികൂടി.
തൃശ്ശൂർ റൂറൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. എ. അഷറഫ്, ജി.എസ്.ഐ. പി.എസ്. സുജിത്ത്കുമാർ, ജി.എ.എസ്.ഐ. എ.കെ. മനോജ്, സി.പി.ഒ. പവിത്രൻ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Content Highlights: Accused arrested at Kozhikode airport while trying to flee to Dubai., Victim lost Rs 1,34,50,000 in an online share trading scam., Fraud initiated through a fake advertisement in the Economic Times and WhatsApp groups., Total of 10 accused arrested in the case so far by Thrissur Rural Police.
Published: 11 Aug 2026, 08:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented