കോട്ടയം: ഹോട്ടലിൽ മുറി ബുക്ക് ചെയ്യുന്നവരെയും റേഷൻ കാർഡ് ഉടമകളെയും ലക്ഷ്യമിട്ട് സൈബർ തട്ടിപ്പ് സംഘം. ഉപഭോക്താക്കളുടെ മൊബൈൽ നമ്പർ ഹാക്ക്‌ ചെയ്താണ്‌ പണം തട്ടുന്നത്‌. മൊബൈൽ ഫോണിലേക്ക്‌ വരുന്ന എസ്‌.എം.എസ്‌. ലിങ്ക്‌ തുറക്കുകയോ ഒ.ടി.പി. നമ്പർ അറിയിക്കുകയോ ചെയ്താൽ അക്കൗണ്ടിലെ പണം നഷ്ടമാകും. റേഷൻ ഉപഭോക്താക്കളുടെ ഫോൺവിവരം ചോർന്നതിലും ദുരൂഹതയുണ്ട്.

To advertise here,

ഹോട്ടൽ തട്ടിപ്പ്‌ ഇങ്ങനെ

ഹോട്ടലിൽ മുൻകൂട്ടി മുറി ബുക്ക്‌ ചെയ്യുന്നവരുടെ മൊബൈൽഫോണിലേക്ക്‌ സന്ദേശമയച്ചാണ്‌ തട്ടിപ്പ്‌. ബുക്കിങ്ങിനായി ‘ഹോട്ട്‌ സോഫ്‌റ്റ്’ തുടങ്ങിയ സോഫ്‌റ്റ്‌വേറുകളുണ്ട്. മുറി ബുക്ക്‌ ചെയ്യുമ്പോൾ വ്യക്‌തിഗത വിവരം ഇതിലേക്കും സേവാകും. സൈബർ തട്ടിപ്പ്‌ സംഘങ്ങൾ സോഫ്‌റ്റ്‍വേറിൽ നുഴഞ്ഞുകയറി ഈ ഡേറ്റ മോഷ്ടിച്ചാണ്‌ തട്ടിപ്പ്‌ നടത്തുന്നതെന്ന്‌ ഹോട്ടലുടമകൾ പറയുന്നു.

മുറി ബുക്ക്‌ ചെയ്യുന്നവർക്ക് ബുക്കിങ്‌ ആയിട്ടില്ലെന്ന്‌ വാട്‌സാപ്പ് സന്ദേശം അയക്കും. ബുക്കിങ്‌ പൂർത്തിയാക്കാൻ വീണ്ടും പണമടയ്ക്കേണ്ട ആവശ്യമില്ലെന്നും ഒ.ടി.പി. നമ്പർ കൈമാറിയാൽ മതിയെന്നും അറിയിക്കും. ഉപഭോക്‌താവ്‌ ഈ ഒ.ടി.പി. നമ്പർ അറിയിക്കുന്നതോടെ ബാങ്ക്‌ അക്കൗണ്ടിലെ പണം നഷ്ടപ്പെടും. കോട്ടയത്തെ ഒരു ഹോട്ടലിൽ മുറി ബുക്ക്‌ ചെയ്‌തവരുടെ മൊബൈലിലേക്ക്‌ ബുക്കിങ്ങാകണമെങ്കിൽ ലിങ്കിൽ ക്ലിക്ക്‌ ചെയ്യണമെന്നാണ്‌ സന്ദേശം വന്നത്‌. ഇവർ ഹോട്ടലുമായി ബന്ധപ്പെട്ടതോടെ തട്ടിപ്പാണെന്ന്‌ തിരിച്ചറിഞ്ഞു.

വെള്ളിയാഴ്ച മുതൽ പേരും വിലാസവും മാത്രമാണ്‌ സോഫ്‌റ്റ്‌വേറിൽ രേഖപ്പെടുത്തുന്നതെന്നും ഫോൺ നമ്പർ രജിസ്‌റ്ററിൽ മാത്രം രേഖപ്പെടുത്തുകയാണെന്നും ഹോട്ടലുടമ അറിയിച്ചു.

റേഷൻ വാങ്ങുന്നവർക്കും കെണി

റേഷൻ ഉപഭോക്‌താക്കളുടെ മൊബൈൽ ഫോണിലേക്ക്‌ റേഷൻ കാർഡ്‌ ഇ-കെ.വൈ.സി. റദ്ദായെന്നും കരിമ്പട്ടികയിൽപ്പെടുത്തിയെന്നുമാണ്‌ സന്ദേശം വരുന്നത്‌. കാർഡ്‌ അപ്‌ഡേറ്റ്‌ ചെയ്യാൻ ലിങ്കും അയക്കും. വ്യാജസന്ദേശം വ്യാപകമായതോടെ ഭക്ഷ്യവകുപ്പ് ജാഗ്രതാ നിർദേശംനൽകി. ഇതുസംബന്ധിച്ച് ആഭ്യന്തരവകുപ്പ് മന്ത്രിക്ക്‌ പരാതി നൽകിയിട്ടുണ്ടെന്ന് ഓൾ കേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്‌സ്‌ അസോസിയേഷൻ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ജോൺസൺ വിളവിനാൽ പറഞ്ഞു. ‌