നിലമ്പൂർ : മതിയായ രേഖകളില്ലാതെ ആഡംബര കാറിൽ ഒളിപ്പിച്ചുകടത്തിയ 1.56 കോടി രൂപയുടെ കുഴൽപ്പണം നിലമ്പൂർ പോലീസ് പിടികൂടി. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. കൊടുവള്ളി മാനിപുരം സ്വദേശികളായ കരുവാരക്കോട് മുഹമ്മദ് സാലിഹ് (37), വാഴപൊയിൽ ഷബീർ അലി (38) എന്നിവരെയാണ് ഇൻസ്‌പെക്ടർ പി. വിഷ്ണുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

To advertise here,

ചൊവ്വാഴ്‌ച രാവിലെ ഒൻപതുമണിയോടെ നിലമ്പൂർ പോലീസ്‌സ്റ്റേഷനു മുൻപിൽ നടത്തിയ വാഹനപരിശോധനയിലാണ് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയത്. ബെംഗളൂരുവിൽനിന്നു വന്ന കാറിലെ രഹസ്യ അറകളിലാണ് പണം സൂക്ഷിച്ചിരുന്നത്.

ജില്ല വഴി വ്യാപകമായി കുഴൽപ്പണം കടത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.

പണത്തിന്റെ ഉറവിടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും കസ്റ്റഡിയിലെടുത്ത പണവും കാറും കോടതിയിൽ ഹാജരാക്കുമെന്നും പോലീസ്‌ അറിയിച്ചു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും ആദായനികുതി വകുപ്പിനും റിപ്പോർട്ടും നൽകും. എ.എസ്.ഐ. അൻവർ സാദത്ത്, റെനി ഫിലിപ്പ്, റിയാസ്, ജിനാസ് ബക്കർ, വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് പണം പിടികൂടിയത്.

പണം സൂക്ഷിച്ചത് പിന്നിലെ ലൈറ്റ്സെറ്റിനുള്ളിൽ

കാറിനു പിന്നിലെ ലൈറ്റ്‌സെറ്റിനുള്ളിലാണ് പണം സൂക്ഷിച്ചത്. പുറമെനിന്ന് സെറ്റ് ഊരിയെടുത്ത് പണം നിക്ഷേപിച്ചശേഷം ലൈറ്റിലേക്കുള്ള കണക്‌ഷൻ നഷ്ടപ്പെടാതിരിക്കാൻ തുണി വെച്ചിരുന്നു. എല്ലാം 500 രൂപയുടെ കറൻസികളായിരുന്നു. പിന്നിലെ സീറ്റിനടിയിൽ വേറേയും രഹസ്യ അറയുണ്ടെങ്കിലും അതിൽ പണമില്ലായിരുന്നു. പണം കണ്ടെത്തിയ ശേഷം പോലീസ് ലൈറ്റ്‌സെറ്റ് തിരികെ സ്ഥാപിച്ചു.