പ്രയാഗ് രാജ്: 'എന്നെ തൊട്ടാൽ നിങ്ങൾ 35 കഷ്ണങ്ങളാകും; ഞാൻ അമന്റേതാണ്.' ആദ്യരാത്രിയിൽ ഏതൊരു ഭർത്താവും ഞെട്ടുന്ന വാക്കുകളാണ് നവവധു പറഞ്ഞത്. മൂർച്ചയുള്ള കത്തി പിടിച്ച് മുറിയുടെ ഒരു മൂലയിൽ നിശ്ശബ്ദയായി ഇരിക്കുകയായിരുന്ന സിത്താരയുടെ മുന്നറിയിപ്പ് കേട്ട് ഭർത്താവ് ക്യാപ്റ്റൻ നിഷാദ് ഭയചകിതനായി. ഒടുവിൽ അർധരാത്രി വീടിന്റെ മതിൽ ചാടിക്കടന്ന് അവൾ രക്ഷപ്പെടുകയും ചെയ്തു.
ഏപ്രിൽ 29-നാണ് ക്യാപ്റ്റൻ നിഷാദ് കരച്ചന ദീഹ ഗ്രാമത്തിലെ ലക്ഷ്മി നാരായൺ നിഷാദിന്റെ മകൾ സിത്താരയെ വിവാഹം കഴിക്കുന്നത്. ഏപ്രിൽ 30-ന് വധു ഭർത്താവിന്റെ വീട്ടിലെത്തി, മെയ് 2-ന് ഗംഭീരമായ സൽക്കാരവും നടന്നു. 'ഞാൻ മുറിയിൽ പ്രവേശിച്ചപ്പോൾ, അവൾ നിശ്ശബ്ദയായി, പൂർണ്ണമായും മൂടുപടമിട്ട്, ഒരു കത്തിയും പിടിച്ച് ഇരിക്കുകയായിരുന്നു,' നിഷാദ് ഓർമ്മിച്ചു.
'അവൾ എന്നോട് തുറന്നു പറഞ്ഞു - 'എന്നെ തൊടരുത്. ഞാൻ അമന്റെ സ്വത്താണ്. ശ്രമിച്ചാൽ, ഞാൻ നിങ്ങളെ 35 കഷണങ്ങളായി മുറിക്കും. ആ രാത്രി മുഴുവൻ, ഞാൻ സോഫയിൽ ഇരുന്നു, അവൾ കത്തിയും പിടിച്ച് കട്ടിലിൽ തുടർന്നു. ഉറങ്ങാൻ എനിക്ക് ധൈര്യമുണ്ടായില്ല.' നിഷാദ് ന്യൂസ് 18-നോട് പറഞ്ഞു.
ഇത് മൂന്നു രാത്രികൾ തുടർന്നു എന്ന് നിഷാദ് പറഞ്ഞു. 'അവൾ അർദ്ധരാത്രി കഴിഞ്ഞതിനു ശേഷം മാത്രമേ ഉറങ്ങുമായിരുന്നുള്ളൂ. ഉറക്കത്തിൽ അവൾ എന്നെ കുത്തുമോ എന്ന് ഭയന്ന് ഞാൻ ഉറങ്ങാതെ ഇരുന്നു. ഇത്തരം കേസുകളെക്കുറിച്ച് ഞാൻ പത്രങ്ങളിൽ വായിച്ചിട്ടുണ്ട്. ഞാൻ മറ്റൊരു തലക്കെട്ട് ആകുമെന്ന് ഞാൻ കരുതി.'
മാനസിക സമ്മർദ്ദം സഹിക്കാൻ കഴിയാതെ നിഷാദ് എല്ലാം അമ്മയുമായി പങ്കുവെച്ചു. സിത്താരയെ ചോദ്യം ചെയ്തപ്പോൾ വീട്ടിൽ ബഹളം ഉണ്ടായി. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട്, അവൾ മടിക്കാതെ സമ്മതിച്ചു, 'ഞാൻ അമനെ സ്‌നേഹിക്കുന്നു. നിർബന്ധിതയായതുകൊണ്ട് മാത്രമാണ് ഞാൻ വിവാഹം കഴിച്ചത്. എനിക്ക് അവനോടൊപ്പം ജീവിക്കണം.'
സിത്താരയുടെ മാതാപിതാക്കളെ വിവരം അറിയിച്ചപ്പോൾ മെയ് 25-ന് ഇരു കുടുംബങ്ങളും തമ്മിൽ കൂടിക്കാഴ്ച നടത്തി. 'അമനെ മറക്കാനും വിവാഹം അംഗീകരിക്കാനും അവളോട് പറഞ്ഞു,' വരന്റെ പിതാവ് രാം അസാരെ നിഷാദ് പറഞ്ഞു. രേഖാമൂലമുള്ള ഒത്തുതീർപ്പ് തയ്യാറാക്കി. എന്നാൽ സിത്താര കരാർ പാലിക്കാൻ തയ്യാറായില്ല.
മെയ് 30 രാത്രിയിലാണ് സിത്താര ഒടുവിൽ രക്ഷപ്പെടുന്നത്. പ്രധാന ഗേറ്റ് പൂട്ടിയിരുന്നതിനാൽ, പിൻഭാഗത്തെ മതിലിൽ കയറി വീട്ടിൽനിന്ന് ഓടി രക്ഷപ്പെട്ടു. അർദ്ധരാത്രിയോടെ അവൾ ഞൊണ്ടി നീങ്ങുന്നത് പിന്നീട് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞു.
ഇതോടെ പരാതി പോലീസ് സ്‌റ്റേഷനിൽ എത്തി. എന്നാൽ പോലീസ് എഫ്‌ഐആർ എടുത്തില്ല, പരസ്പര ധാരണയിൽ ഒത്തുതീർപ്പ് ഒപ്പിട്ടു ഇരുവിഭാഗവും പിരിഞ്ഞു. 'ഇതൊരു ക്രിമിനൽ സ്വഭാവമില്ലാത്ത കുടുംബ തർക്കമായാണ് സ്റ്റേഷനിൽ എത്തിയത്. 'ചെറുക്കന്റെ വീട്ടുകാർ ഒരു അപേക്ഷ നൽകുകയും എഫ്‌ഐആർ രജിസ്റ്റർ ചെയ്യരുതെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാൻ ഇരു കുടുംബങ്ങളും സമ്മതിച്ചു.' നൈനി ബ്രിഡ്ജ് പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ കിഷോർ ഗൗതം പറഞ്ഞു.
വിവാഹശേഷം സഹോദരൻ അസ്വാഭാവികമായി വിഷാദവാനായി കണ്ടപ്പോഴാണ് എന്തോ കുഴപ്പമുണ്ടെന്ന് കുടുംബത്തിന് മനസ്സിലായതെന്ന് നിഷാദിന്റെ സഹോദരി പൂനം പറഞ്ഞു. ആ ആഴ്ചകളിൽ താൻ നിരന്തരമായ ഭയത്തോടെയാണ് ജീവിച്ചതെന്ന് ക്യാപ്റ്റൻ നിഷാദിന്റെ അമ്മ ശാന്തി ദേവിയും പറഞ്ഞു.
Content Highlights: Threat to cut in 35 pieces and sleepless nights: Prayagraj groom Bride
Published: 25 Jun 2025, 02:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented