നെടുങ്കണ്ടം (ഇടുക്കി): നെടുങ്കണ്ടത്തെ ഇരട്ടക്കൊലപാതകത്തിൽ പോലീസിന്റെ ചോദ്യംചെയ്യലിൽ കുറ്റസമ്മതം നടത്തി പ്രതി സജി (43). അമ്മയേയും സഹോദരനേയും കൊന്ന് കുഴിച്ചുമൂടിയത് താൻ തന്നെയാണെന്ന് ഇയാൾ സമ്മതിച്ചു. പ്രതിയെ ചോദ്യംചെയ്യുന്നത് തുടരുകയാണ്. കൊലപാതകത്തിന്റെ കാരണവും എപ്പോഴാണ് കൊല നടത്തിയതെന്നതും അടക്കമുള്ള വിവരങ്ങൾ ലഭ്യമാകാനുണ്ട്.

To advertise here,

സജിയുടെ മാതാവ് മേരിക്കുട്ടിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽനിന്ന് രണ്ട് മൃതദേഹാവശിഷ്ടങ്ങൾ തിങ്കളാഴ്ച കണ്ടെടുത്തിരുന്നു. ഇത് മേരിക്കുട്ടിയുടെയും (70) മറ്റൊരു മകനായ റെജി (54)യുടേതുമാണെന്നാണ് സംശയം. ഇവരെ കാണാതായതായി നേരത്തെ പരാതിയുണ്ടായിരുന്നു.

കേസിൽ സജിയെ തുടക്കംമുതൽ പോലീസിന് സംശയമുണ്ടായിരുന്നു. കഴിഞ്ഞദിവസം വീട്ടിൽ പരിശോധനയ്ക്കെത്തിയ പോലീസിനെ കണ്ട് സജി ഓടിപ്പോവുകയായിരുന്നു. തുടർന്ന് ഇയാൾക്കുവേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഒടുവിൽ ചൊവ്വാഴ്ച 12 മണിയോടുകൂടിയാണ് സജിയെ വീടിനു സമീപത്തുവെച്ച് പിടികൂടിയത്.

തോട്ടുവക്കടയിലെ വീടിന് പിന്നിലെ മലയിൽ ഒളിവിൽ കഴിയുകയായിരുന്നു സജി. നാട്ടുകാർ തിരച്ചിൽ നടത്തുന്നതിനിടെ പ്രതി സമീപത്തുള്ള കടയിലേക്ക് ഇറങ്ങിവരികയായിരുന്നു. തെറ്റുപറ്റിപ്പോയി താൻ കീഴടങ്ങുകയാണെന്ന് സജി നാട്ടുകാരോട് പറഞ്ഞു. പിന്നീട് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി ഇയാളെ പിടികൂടുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ ഇവരുടെ വീടിന് സമീപത്തെ പറമ്പിൽ ഒരു പുരുഷന്റെ കാലിന്റെ ഭാഗം മണ്ണിനടിയിൽനിന്ന് പുറത്തേക്കുനിൽക്കുന്നത് നാട്ടുകാരാണ് കണ്ടത്. ഉടനെ പോലീസിൽ അറിയിച്ചു. തുടർന്ന് ഫൊറൻസിക് സംഘത്തിന്റെ നേതൃത്വത്തിൽ മണ്ണുമാറ്റി പരിശോധന തുടങ്ങി. ഉച്ചയ്ക്ക് 1.45-ഓടെ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. മൃതദേഹങ്ങൾ ഒരേകുഴിയിൽ ആയിരുന്നു. വേഗം ജീർണിക്കുന്നതിനും ദുർഗന്ധം പുറത്തേക്ക് വരാതിരിക്കുന്നതിനുമായി കുഴിയിൽ കുമ്മായം വിതറിയിരുന്നു.