ന്യൂഡൽഹി: സഹപ്രവർത്തകനൊപ്പം വിനോദസഞ്ചാരകേന്ദ്രത്തിലെത്തിയ 23-കാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ഗുരുഗ്രാമിലെ ലെപ്പേഡ് ട്രയിലിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച സ്‌കോർപിയോ എസ്‌യുവിയുടെ ചക്രം ചെളിയിൽ പുതഞ്ഞതിന് പിന്നാലെ യുവതിയെ രക്ഷപ്പെടുത്താൻ കഴിഞ്ഞു. സംഭവത്തിൽ, ഈ പ്രദേശത്ത് ഭക്ഷണവിൽപന നടത്തിവന്നിരുന്ന ഗൗരവ് ഭാട്ടി (25)യെ പോലീസ് അറസ്റ്റ് ചെയ്തു.
സഹപ്രവർത്തകനൊപ്പം ശനിയാഴ്ച രാത്രിയാണ് യുവതി എത്തിയതെന്ന് പോലീസ് പറഞ്ഞു. പുലർച്ചെ ഒന്നരയോടെ വിനോദസഞ്ചാരകേന്ദ്രത്തിലെത്തുകയും രണ്ടുമണിക്കൂറോളം അവിടെ ചെലവഴിക്കുകയും ചെയ്തു. കാറിനുള്ളിൽ ഇരിക്കുകയായിരുന്ന ഇവരെ, ഗൗരവ് ശല്യപ്പെടുത്തുകയായിരുന്നു. യുവതിയും സഹപ്രവർത്തകനും ഇതിനെ എതിർത്തതോടെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി. അതിനിടെ ഗൗരവ്, യുവതിയുടെ ഫോൺ തട്ടിയെടുത്ത് സ്‌കോർപിയോയുടെ സമീപത്തേക്ക് ഓടി. ഫോൺ തിരികെ വാങ്ങാൻ യുവതിയും ഇയാളുടെ പിന്നാലെ പോയി. യുവതി വാഹനത്തിന് അടുത്തെത്തിയതോടെ അവരെ വാഹനത്തിനുള്ളിലേക്ക് ഗൗരവ് തള്ളിയിടുകയും വാഹനം ഓടിച്ചുപോകുകയുമായിരുന്നു.
ഇതോടെ, യുവതിയുടെ സഹപ്രവർത്തകൻ പോലീസിൽ വിവരം അറിയിച്ചു. യുവതിയുടെ മൊബൈൽ ഫോണിന്റെ ലൊക്കേഷൻ അടിസ്ഥാനമാക്കി വാഹനം കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചു. സംഭവസ്ഥലത്തുനിന്ന് ഏറെദൂരം പോയെങ്കിലും പന്ദല ഗ്രാമത്തിലെ മൺപാതയിലൂടെ പോകവേ, സ്‌കോർപിയോയുടെ ചക്രം മണ്ണിൽ പുതഞ്ഞു. യുവതി സഹായം അഭ്യർഥിച്ച് നിലവിളിച്ചതോടെ വാഹനത്തിൽ പുറത്തിറങ്ങി ഗൗരവ് കടന്നുകളഞ്ഞു. പിന്നാലെ സ്ഥലത്തെത്തിയ പോലീസ് യുവതിയെ രക്ഷിച്ചു.
സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള വാഹനം ഉപയോഗിച്ചാണ് ഗൗരവ് യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. യുവതിയെയും വാഹനത്തെയും ഉപേക്ഷിച്ച് കടന്നുകളഞ്ഞെങ്കിലും മണിക്കൂറുകൾക്കകം ഗൗരവിനെ പോലീസ് പിടികൂടി. പിന്നാലെ തെളിവെടുപ്പിന് കൊണ്ടുവന്ന സമയത്ത് ഗൗരവ് പോലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാനും ശ്രമിച്ചു. ശ്രമത്തിനിടെ വീണ ഗൗരവിന്റെ കാലിന് ഒടിവ് സംഭവിക്കുകയും മുഖത്ത് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Content Highlights: woman abducted rescued after tyre of vehicle used for crime got stuck in muddy path
Published: 27 Jan 2026, 12:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented