മുട്ടം (ഇടുക്കി): സ്വത്ത് മോഹിച്ച് മാതൃസഹോദരിയെ മർദിച്ചും തീവെച്ചും കൊന്ന കേസിൽ പ്രതിക്ക് 31 വർഷം തടവും, 1,50,000 രൂപ പിഴയും ശിക്ഷ. ഊളാനിയിൽ വീട്ടിൽ സരോജിനി(72)യെ കൊലപ്പെടുത്തിയ കേസിൽ വെള്ളത്തൂവൽ വരകിൽ വീട്ടിൽ സുനിൽകുമാറി(56)നെയാണ് ശിക്ഷിച്ചത്. മൂന്നാം അഡീഷണൽ ജില്ലാ കോടതി ജഡ്ജി എസ്.എസ്. സീനയാണ് ശിക്ഷ വിധിച്ചത്.

To advertise here,

ഇയാളുടെ അമ്മയുടെ അനുജത്തിയായിരുന്നു കൊല്ലപ്പെട്ട സരോജിനി. ഇവർ വിവാഹബന്ധം വേർപെടുത്തി ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. മക്കളില്ലാത്ത ഇവരുടെ സ്വത്തുക്കൾ കൈവശപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ സുനിൽകുമാർ 2013 മുതൽ ഇവരെ സംരക്ഷിച്ചു. മുട്ടം വില്ലേജിൽ സരോജിനിക്ക് സ്വത്തുക്കളുണ്ടായിരുന്നു. ഇത് തനിക്കുമാത്രം കിട്ടുമെന്നാണ് ഇയാൾ കരുതിയത്. എന്നാൽ, സരോജിനി അവരുടെ രണ്ട് സഹോദരിമാരുടെ ഒമ്പത് മക്കൾക്കുമായി ഇത് നൽകുന്നതിന് വിൽപ്പത്രം തയ്യാറാക്കി. ഇതറിഞ്ഞപ്പോഴാണ് സുനിൽകുമാർ കൊലപാതകം നടത്തിയത്.

തീവെച്ചും മർദിച്ചുമാണ് സരോജിനിയെ കൊന്നത്. വീടിന് തീപിടിച്ചാണ് മരണമെന്ന് വരുത്താനും ശ്രമിച്ചു. എന്നാൽ സംശയംതോന്നി, പോലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകം തെളിഞ്ഞു. മണ്ണെണ്ണയും പെട്രോളും നേരത്തെ വാങ്ങി കരുതിവെച്ചതിന് തെളിവുകളും കിട്ടി.

2021 മാർച്ച് 30-ന് രാത്രി 10.30 മണിയോടെയാണ് കൊലപാതകം നടത്തിയത്. ഗ്യാസ് അടുപ്പിൽനിന്ന് തീ പിടിച്ചതാണെന്ന് വരുത്താനായി ഗ്യാസ് സ്റ്റൗവിന്റെ റെഗുലേറ്റർ തുറന്നുവിട്ടു. തടികൊണ്ടുള്ള വീട്ടുപകരണങ്ങളിലും ഭിത്തി അലമാരയിലും മണ്ണെണ്ണ ഒഴിച്ച് തീയിട്ടു.

പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ജോണി അലക്‌സ് ഹാജരായി. മുട്ടം എസ്എച്ച്ഒ വി. ശിവകുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. എസ്‌ഐമാരായ കെ.ആർ.സുജിത്കുമാർ, അനിൽകുമാർ എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു.