ചേര്‍ത്തല: ബിന്ദു പത്മനാഭന്‍ വധക്കേസില്‍ പ്രതി സെബാസ്റ്റ്യനെ പള്ളിപ്പുറത്തെ വീട്ടിലെത്തിച്ച് തെളിവെടുത്തു. ശനിയാഴ്ച രാവിലെ ആലപ്പുഴയിലെ ക്രൈംബ്രാഞ്ച് സംഘമാണ് സെബാസ്റ്റ്യനെ പള്ളിപ്പുറത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.

To advertise here,

ബിന്ദു പത്മനാഭന്റെ തിരോധാനക്കേസ് കൊലപാതകക്കേസായി മാറ്റിക്കൊണ്ട് നേരത്തേ ക്രൈം ബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിന്നാലെ, സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടുനല്‍കുകയും ചെയ്തു. സെബാസ്റ്റ്യനെ ചോദ്യംചെയ്ത അന്വേഷണസംഘം തുടര്‍നടപടികളുടെ ഭാഗമായാണ് തെളിവെടുപ്പ് നടത്തുന്നത്.

 

വീട്ടുകാരുമായി അകന്നുകഴിയുന്ന ബിന്ദു പത്മനാഭനെ 2006-ലാണ് കാണാതാകുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം സഹോദരന്‍ നല്‍കിയ പരാതിയിലാണ് തിരോധാനക്കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. അന്വേഷണത്തില്‍ ബിന്ദുവിന്റെ സ്വത്തുക്കള്‍ സെബാസ്റ്റിയനും കൂട്ടരും വ്യാജരേഖയുണ്ടാക്കി വിറ്റതായി പോലീസ് കണ്ടെത്തി. ജെയ്‌നമ്മ, തിരോധാനക്കേസില്‍ അറസ്റ്റിലായ സെബാസ്റ്റ്യന്‍ ചോദ്യം ചെയ്യലിനിടെ ബിന്ദുവിനെ കൊലപ്പെടുത്തിയതായി വെളിപ്പെടുത്തിയിരുന്നു.

ഇതിനെ തുടര്‍ന്നാണ് ബിന്ദു പത്മനാഭന്‍ വധക്കേസായി തിരോധാനക്കേസ് മാറുന്നത്. ബിന്ദുവിനെ കൊന്ന് വീടിന്റെ സമീപത്ത് കുഴിച്ചിടുകയും മാസങ്ങള്‍ക്ക് ശേഷം അസ്ഥികള്‍ കത്തിക്കുകയും ചെയ്തതായാണ് സെബാസ്റ്റ്യന്റെ മൊഴിയെന്ന് പോലീസ് പറയുന്നു. മറ്റ് തെളിവുകള്‍ പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. തെളിവുകള്‍ വീണ്ടെടുക്കുക എന്നത് അന്വേഷണസംഘത്തിന് വലിയ വെല്ലുവിളിയാണ്.

ബിന്ദു പത്മനാഭൻ കേസിൽ ആദ്യഘട്ട അന്വേഷണം നടത്തിയ പോലീസിനെതിരേ രൂക്ഷ വിമർശനമുയർന്നിരുന്നു. അന്വേഷണം അട്ടിമറിച്ച് സെബാസ്റ്റ്യനു രക്ഷപ്പെടാൻ അവസരമൊരുക്കിയതായാണ് വിമർശനം. ഇതാണ് ജെയ്‌നമ്മ കൊലപാതകത്തിനടക്കം സാഹചര്യമൊരുക്കിയതെന്ന ആക്ഷേപങ്ങളും ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ  സെബാസ്റ്റ്യനെക്കുറിച്ചുള്ള സമഗ്ര അന്വേഷണത്തിനു തന്നെയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ജെയ്‌നമ്മ, ബിന്ദു പദ്മനാഭൻ കേസുകൾ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.