തിരുവനന്തപുരം: കൊലക്കേസില്‍ വിധി പറയുന്നദിവസം മദ്യപിക്കാനായി കോടതിയില്‍നിന്ന് മുങ്ങിയ പ്രതിക്ക് ഒടുവില്‍ ശിക്ഷ വിധിച്ചു. പോത്തന്‍കോട് കൊയ്ത്തൂര്‍കോണം മോഹനപുരം സ്വദേശി പൊമ്മു എന്ന ബൈജുവിനെയാണ് കൊലക്കേസില്‍ 17 വര്‍ഷവും ആറുമാസവും കഠിനതടവിന് കോടതി ശിക്ഷിച്ചത്. 54,000 രൂപ പിഴയും ചുമത്തി. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.വിഷ്ണുവാണ് ശിക്ഷ വിധിച്ചത്.
കൊയ്ത്തൂര്‍കോണം സ്വദേശി ഇബ്രാഹിമി(64)നെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ബൈജു. കഴിഞ്ഞദിവസം കേസില്‍ വിധി പറയാനിരിക്കെയാണ് ഇയാള്‍ കോടതിയില്‍നിന്ന് മുങ്ങിയത്. രാവിലെ കേസ് പരിഗണിച്ചപ്പോള്‍ പ്രതി ഹാജരായിരുന്നില്ല. അമ്പലത്തില്‍ തേങ്ങ ഉടയ്ക്കാന്‍ പോയിരിക്കുകയാണെന്നാണ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. എന്നാല്‍, കേസ് വീണ്ടും രണ്ടുതവണ പരിഗണിച്ചപ്പോഴും പ്രതി കോടതിയില്‍ എത്തിയില്ല. ഇതോടെ പ്രതിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് മംഗലപുരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് മദ്യപിച്ച് ലക്കുകെട്ട നിലയില്‍ ഇയാളെ വീട്ടില്‍നിന്ന് പിടികൂടിയത്.
കേസില്‍ വിധി കേള്‍ക്കാന്‍നില്‍ക്കാതെ കോടതിയില്‍നിന്ന് മുങ്ങിയ ബൈജു നേരേ മദ്യപിക്കാനാണ് പോയത്. എന്തായാലും ശിക്ഷിക്കും, അതിനാല്‍ ഇന്നത്തെ ദിവസം മദ്യപിച്ച് ആഘോഷിക്കാമെന്ന് കരുതിയെന്നായിരുന്നു പോലീസ് പിടികൂടിയപ്പോള്‍ ഇയാളുടെ പ്രതികരണം.
2022 ജൂണ്‍ 17-നാണ് പ്രതി ബൈജു ഇബ്രാഹിമിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. മദ്യലഹരിയിലായിരുന്ന പ്രതി കൊയ്ത്തൂര്‍കോണത്ത് ഒരു കടയില്‍ സാധനം വാങ്ങാന്‍ എത്തിയപ്പോഴാണ് സംഭവം. കടയുടമയായ യുവതിയോടു സാധനം വാങ്ങിയതിന്റെ പണം നല്‍കാതെ തര്‍ക്കിച്ചു. ഇതിനിടെ സാധനം വാങ്ങാന്‍ എത്തിയ ഇബ്രാഹിം വിഷയത്തില്‍ ഇടപെട്ട് സംസാരിച്ചത് പ്രതിയെ പ്രകോപിതനാക്കി. കൈയിലുണ്ടായിരുന്ന വെട്ടുകത്തി എടുത്ത് ഇബ്രാഹിമിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ അടുത്ത ദിവസം ഇബ്രാഹിം മരണപ്പെട്ടു. കേസില്‍ പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.സലാഹുദ്ദീന്‍ ഹാജരായി.
Content Highlights: murder case accused gets 17 years imprisonment
Published: 30 Nov 2023, 03:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented