
മുക്കം: മുക്കത്ത് 2.8 കിലോഗ്രാം എം.ഡി.എം.എ. പിടികൂടിയ കേസിലെ മുഖ്യപ്രതി, വഡോദരയിൽ ട്രെയിനിൽനിന്ന് ചാടിരക്ഷപ്പെട്ടപ്പോൾ അന്വേഷണസംഘം നേരിട്ടത് ഒട്ടേറെ വെല്ലുവിളികൾ. സാമ്പത്തികസഹായം ഉൾപ്പെടെ നൽകാൻ പത്തോളം സംസ്ഥാനങ്ങളിൽ മുഹമ്മദ് ഹനീഫയ്ക്കുണ്ടായിരുന്ന ബന്ധം ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങി ഒട്ടേറെ ഭാഷകളിലുള്ള പ്രാവീണ്യം, മുൻപ് കാലിവ്യാപാരത്തിനായി രാജ്യത്തുടനീളം സഞ്ചരിച്ച അനുഭവങ്ങൾ എന്നിവയെല്ലാം ദിവസങ്ങളോളം കാണാമറയത്തുതുടരാൻ പ്രതിക്ക് സഹായകമായി.
പ്രതിസന്ധികളെ ലക്ഷ്യത്തിലേക്കുള്ള ഊർജമാക്കി പോലീസ് നടത്തിയ പഴുതടച്ച അന്വേഷണമാണ്, ലഹരിക്കേസിൽ രക്ഷപ്പെട്ട പ്രതിയെ പത്താംനാളിൽ വലയിലാക്കിയത്. രാവും പകലുമില്ലാതെ പത്തുദിവസത്തിനിടെ അഞ്ചു സംസ്ഥാനങ്ങളിലൂടെയാണ് അന്വേഷണസംഘം പ്രതിയുടെ പിന്നാലെ ഓടിയത്. തെളിവെടുപ്പിനായി കഴിഞ്ഞ 23-ന് രാജധാനി എക്‌സ്പ്രസിൽ ഡൽഹിയിലേക്ക് കൊണ്ടുപോകവേ, വഡോദര സ്റ്റേഷന് സമീപത്തുനിന്നാണ് പോലീസിന്റെ കണ്ണുവെട്ടിച്ച് മുഹമ്മദ് ഹനീഫ രക്ഷപ്പെടുന്നത്. വഡോദര റെയിൽവേ സ്റ്റേഷനിലും സി.സി.ടി.വി. കേന്ദ്രീകരിച്ചും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി. ക്യാമറകളിൽ പെടാതിരിക്കാൻ രണ്ട് ട്രെയിനുകൾക്ക് നടുവിലൂടെ, ട്രാക്കിലൂടെ നടന്നാണ് പ്രതി രക്ഷപ്പെട്ടത്.
ഏറെദൂരം ട്രാക്കിലൂടെ നടന്നശേഷം ഇടറോഡിലൂടെ സഞ്ചരിച്ചാണ് ഹനീഫ അഹമ്മദാബാദ് എക്‌സ്പ്രസ് ഹൈവേയിലേക്കെത്തിയത്.
നിർണായകമായത് പഴയ ഫോൺനമ്പർ
ഡൽഹിയിൽനിന്ന് കേരളത്തിലേക്ക് വലിയ അളവിൽ എം.ഡി.എം.എ. എത്തിച്ചിരുന്ന മുഹമ്മദ് ഹനീഫ കഴിഞ്ഞ ആറുമാസമായി ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. രണ്ടുവർഷത്തിനിടെ ഇയാൾ 12 സിംകാർഡുകളാണ് ഉപയോഗിച്ചിരുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെ ഈ നമ്പറുകൾ പിന്തുടർന്നാണ് ഏപ്രിൽ രണ്ടിന് മുഹമ്മദ് ഹനീഫയെ പോലീസ് പിടികൂടിയത്.
വഡോദരയിൽനിന്ന് അഹമ്മദാബാദിലും അവിടെനിന്ന് സഹീറാബാദിലുമെത്തിയ ഹനീഫ പണ്ട് താനുപയോഗിച്ച സിംകാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുത്ത് ഉപയോഗിച്ചതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. നാട്ടിലെ സുഹൃത്തിൽനിന്ന് തന്റെ ആധാർകാർഡിന്റെ പകർപ്പ് തരപ്പെടുത്തിയ ഹനീഫ പുതിയഫോണിൽ സിംകാർഡ് ഇട്ടതോടെ സൈബർസെൽ പ്രതിയുടെ ലൊക്കേഷൻ തിരിച്ചറിഞ്ഞു.
ഫോൺ പിന്തുടർന്ന് അന്വേഷണസംഘം
സഹീറാബാദിലെത്തുമ്പോഴേക്കും ഹനീഫ ഹൈദരാബാദിലേക്കും പിന്നീട് ബെംഗളൂരുവിലേക്കും കടന്നു. സഹീറാബാദിലെ ഹനീഫയുടെ സുഹൃത്തിനെ ചോദ്യംചെയ്തതിൽനിന്നാണ് പ്രതിയുടെ നീക്കങ്ങൾ അന്വേഷണസംഘം മനസ്സിലാക്കിയത്.
ഹൈദരാബാദിൽനിന്നും ബെംഗളൂരുവിൽനിന്നും പുതിയ ഫോണും സിംകാർഡും വാങ്ങി പ്രതി നാട്ടിലേക്ക് ബന്ധപ്പെട്ടതായി വടകര സൈബർ സെൽ വിഭാഗം കണ്ടെത്തിയിരുന്നു.
ഏറ്റവുമൊടുവിൽ നാട്ടിലേക്ക് വിളിച്ച നമ്പർ ബെംഗളൂരു-ഡൽഹി ട്രെയിനിൽ ആക്ടിവേറ്റാണെന്ന് തിരിച്ചറിഞ്ഞ അന്വേഷണസംഘം മുഹമ്മദ് ഹനീഫയെ കൽബുർഗിയിൽവെച്ച് പിടികൂടുകയായിരുന്നു.
അന്വേഷണസംഘത്തിൽ ഇവർ
കോഴിക്കോട് റൂറൽ എസ്.പി. ടി. ഫറാഷിന്റെയും താമരശ്ശേരി ഡിവൈ.എസ്.പി. കെ. വിനോദ് കുമാറിന്റെയും നിർദേശപ്രകാരമായിരുന്നു അന്വേഷണസംഘത്തിന്റെ നീക്കങ്ങൾ.
ഡാൻസാഫ് അംഗങ്ങളായ എസ്.ഐ. രാജീവ് ബാബു, എ.എസ്.ഐ. വി.വി. ഷാജി, എസ്.സി.പി.ഒ. ടി.കെ. ഷോഭിത്ത് എന്നിവരാണ് വഡോദരയിലേക്ക് പോയത്.
എസ്.ഐ. മനോജ് രാമത്ത്, എ.എസ്.ഐ. വി.സി. ബിനീഷ്, എസ്.സി.പി.ഒ. പി.പി. ജിനീഷ്, സൈബർസെൽ അംഗങ്ങളായ എ.എസ്.ഐ. കെ. ശ്രീജിത്ത്, എസ്.സി.പി.ഒ. എം.കെ. സുരേഷ്, ഇ. അരുൺരാജ്, മുക്കം സ്റ്റേഷനിലെ എ.എസ്.ഐ. റഫീക്ക്, അബ്ദുൾ റഷീദ്, കോഴിക്കോട് സിറ്റി ക്രൈംസ്‌ക്വാഡ് എസ്.ഐ. ഒ. മോഹൻദാസ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
പ്രതി റിമാൻഡിൽ
ബുധനാഴ്ച വൈകീട്ടോടെ വടകര എൻ.ഡി.പി.എസ്. കോടതിയിൽ ഹാജരാക്കിയ മുഹമ്മദ് ഹനീഫയെ റിമാൻഡ് ചെയ്തു. കോഴിക്കോട് സബ് ജയിലിലേക്കാണ് കൊണ്ടുപോയത്.
ഹൈദരാബാദിൽനിന്ന് ബസ് മാർഗമാണ് അന്വേഷണസംഘം പ്രതിയെ നാട്ടിലെത്തിച്ചത്.
ബുധനാഴ്ച രാവിലെ 11.15-ന് താമരശ്ശേരി പഴയ ബസ് സ്റ്റാൻഡിലെത്തിച്ച പ്രതിയെ താമരശ്ശേരി പോലീസിന്റെ ജീപ്പിൽ ഡിവൈ.എസ്.പി. ഓഫീസിലെത്തിച്ചു. മൊഴിയെടുപ്പിനും വൈദ്യപരിശോധനയ്ക്കും ശേഷം വടകര എൻ.ഡി.പി.എസ്. കോടതിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
Content Highlights: Muhammed Haneefa was arrested after a 10-day manhunt across five states., The suspect escaped from police custody near Vadodara railway station., Cyber cell tracking of a duplicate SIM card proved crucial in the investigation., The accused was caught in Kalaburagi while traveling on a Bengaluru-Delhi train., The operation was led by Kozhikode Rural Police and DANSAF squad.
Published: 04 Jun 2026, 07:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented