മുക്കം: ഒറ്റനോട്ടത്തിൽ മനസ്സിലാകാതിരിക്കാൻ മുടിമുറിച്ച് രൂപംമാറി. കൈക്ക് പരിക്കേറ്റെന്ന വ്യാജേന കൈവിലങ്ങ് തുണികൊണ്ട് മറച്ച് ലോറിയിലും തീവണ്ടിയിലുമായി കിലോമീറ്ററുകൾ നീണ്ട യാത്ര... കൈയിൽ ഒരുരൂപപോലുമില്ലാതെ, പോലീസിന്റെ കണ്ണുവെട്ടിച്ച് ട്രെയിനിൽനിന്ന് രക്ഷപ്പെട്ടശേഷം വാങ്ങിയത് മൂന്ന് മൊബൈൽഫോണുകളും മൂന്ന് സിംകാർഡുകളും. പക്ഷേ, തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ ട്രെയിനിൽനിന്ന് രക്ഷപ്പെട്ട മുഹമ്മദ് ഹനീഫ പത്താംനാൾ മറ്റൊരു ട്രെയിനിൽവെച്ച് പോലീസിന്റെ പിടിയിലുമായി.

To advertise here,

പിടിയിലാകുന്നത്

മുക്കത്ത് രണ്ടിടങ്ങളിൽനിന്നായി മൂന്നുകിലോയോളം എം.ഡി.എം.എ.യുമായി പിടിയിലായ മുക്കം പൂളപ്പൊയിൽ സ്വദേശി മുഹമ്മദ് ഹനീഫയാണ് അഞ്ച് സംസ്ഥാനങ്ങളിലൂടെ പോലീസിനെ വട്ടംകറക്കി, ഒടുവിൽ പത്താംനാൾ പിടിയിലായത്. ബെംഗളൂരുവിൽനിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ കർണാടക-മഹാരാഷ്ട്ര അതിർത്തിയായ കൽബുർഗിയിൽനിന്ന് ചൊവ്വാഴ്ച പുലർച്ചെയാണ് ഇയാൾ നാടകീയമായി വലയിലായത്.

എടുത്ത് ചാട്ടം

കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് മുഹമ്മദ് ഹനീഫയും ബേപ്പൂർ സ്വദേശി റെയ്ഹാനത്തും രണ്ടിടങ്ങളിൽനിന്നായി 2.8 കിലോഗ്രാം എം.ഡി.എം.എ.യുമായി പിടിയിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡൽഹിയിൽനിന്നാണ് ഇരുവരും വൻതോതിൽ എം.ഡി.എം.എ. എത്തിച്ചിരുന്നതെന്ന് അന്വേഷണസംഘം കണ്ടെത്തി. ഈ പശ്ചാത്തലത്തിലാണ് തെളിവെടുപ്പിനായി കഴിഞ്ഞ 23-ന് രാജധാനി എക്സ്പ്രസിൽ മുക്കം ഇൻസ്പെക്ടർ ഉൾപ്പെടെ ആറുപേരടങ്ങിയ അന്വേഷണസംഘം പ്രതിയെ തെളിവെടുപ്പിനായി ഡൽഹിയിലേക്ക് കൊണ്ടുപോയത്.

ട്രെയിൻ വഡോദര സ്റ്റേഷനിൽ എത്താനായപ്പോൾ ഇയാൾ ബാത്ത്റൂമിൽ പോകാനുണ്ടെന്ന് പറഞ്ഞ്, പോലീസുകാരെ തട്ടിയിട്ട് തൊട്ടടുത്ത കമ്പാർട്ട്മെൻറിലേക്ക് ഓടി. പോലീസ് പിന്തുടർന്നെങ്കിലും ട്രെയിൻ വഡോദര സ്റ്റേഷനിൽ നിർത്തിയപ്പോൾ പ്ലാറ്റ്ഫോമിൽ ഇറങ്ങി ഓടിരക്ഷപ്പെട്ടു.

ഒളിവുജീവിതം

റെയിൽവേ ട്രാക്കിലൂടെ ഏറെദൂരം നടന്ന പ്രതി അഹമ്മദാബാദ് എക്സ്പ്രസ് ഹൈവേയിൽ കയറി. കൈവിലങ്ങിന് മുകളിലൂടെ തുണിചുറ്റിയ മുഹമ്മദ് ഹനീഫ അതുവഴിവന്ന ലോറിയിൽ കയറിയാണ് അഹമ്മദാബാദിലെത്തുന്നത്. അജ്ഞാതർ ആക്രമിച്ച് പരിക്കേൽപ്പിച്ചെന്നും ബാഗും പണവും അപഹരിച്ചെന്നും പറഞ്ഞ് ലോറിഡ്രൈവറെ തെറ്റിദ്ധരിപ്പിച്ച ഹനീഫ 500 രൂപ ഡ്രൈവറിൽനിന്ന് കൈക്കലാക്കി.

അഹമ്മദാബാദിലെത്തിയ പ്രതി ഹൈദരാബാദിലേക്ക് പോകാൻ ട്രാവൽ ഏജൻസിയിലെത്തി ബസിൽ സീറ്റ് ബുക്ക് ചെയ്തു. നാട്ടിലെ സുഹൃത്തിനെ ബന്ധപ്പെട്ട് ട്രാവൽ ഏജൻസി ഉടമയുടെ അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴി പണം അയപ്പിച്ചു. പന്തികേടുതോന്നിയ ഹനീഫ പിന്നീട് ട്രാവൽ ഏജൻസിയിലെത്തി ടിക്കറ്റ് റദ്ദാക്കി പണം തിരികെവാങ്ങി സഹീറാബാദിലേക്ക് പോയി. പോത്തുവ്യാപാരവുമായി ബന്ധപ്പെട്ട് സഹീറാബാദിൽ ഏറെ സൗഹൃദവലയമുള്ള ഹനീഫ ഇവിടെനിന്നാണ് പുതിയ ഫോണും സിംകാർഡുമെടുക്കുന്നത്. രണ്ടുദിവസം അവിടെ ഒളിവിൽക്കഴിഞ്ഞ ഹനീഫ പിന്നീട് ഹൈദരാബാദിലും ബെംഗളൂരുവിലുമെത്തി ഒളിവിൽ തുടർന്നു. ഇതിനിടെ രണ്ടുതവണകൂടി ഇയാൾ ഫോണും സിംകാർഡും മാറ്റി.

വലയിലായത്

ബന്ധുക്കളും സുഹൃത്തുക്കളുമുൾപ്പെടെ എൺപതോളംപേരുടെ ഫോൺകോളുകൾ നിരീക്ഷിച്ച അന്വേഷണസംഘം പ്രതിയുടെ റൂട്ട് മാപ്പ് മനസ്സിലാക്കി. ഏറ്റവുമൊടുവിൽ നാട്ടിലേക്ക് വിളിച്ച നമ്പർ ബെംഗളൂരു-ഡൽഹി ട്രെയിനിൽ ആക്ടിവേറ്റാണെന്ന് തിരിച്ചറിഞ്ഞ അന്വേഷണസംഘം മുഹമ്മദ് ഹനീഫ ട്രെയിനിലുണ്ടെന്ന് ഉറപ്പിച്ചു. ഈ സമയം ഹൈദരാബാദിലായിരുന്ന അന്വേഷണസംഘം തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ കാറിൽ കൽബുർഗിയിലേക്ക് തിരിച്ചു. പുലർച്ചെ അഞ്ചുമണിയോടെ കൽബുർഗി റെയിൽവേ സ്റ്റേഷനിലെത്തിയ ഇവർ ട്രെയിനിൽ കയറി ഏറെനേരം തിരഞ്ഞ്, പ്രതിയെ പിടികൂടുകയായിരുന്നു.

ഇന്ന് നാട്ടിലെത്തിക്കും

പോലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട സംഭവത്തിൽ പ്രതിക്കെതിരേ വഡോദര പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർചെയ്തിട്ടുണ്ട്. പ്രതിയെ ഹൈദരാബാദിലെത്തിച്ച് വൈദ്യപരിശോധന നടത്തിയ അന്വേഷണസംഘം ചൊവ്വാഴ്ച വൈകീട്ട് ബസ് മാർഗം കോഴിക്കോട്ടേക്ക് തിരിച്ചു. ബുധനാഴ്ച ഉച്ചയോടെ നാട്ടിലെത്തിച്ച് വടകര എൻ.ഡി.പി.എസ്. കോടതിയിൽ ഹാജരാക്കും.