ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ നടുറോഡില്‍ സ്ത്രീക്കുനേരേ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. പ്രതിയായ മുഹമ്മദ് ആദിലിനെയാണ് യുപി പോലീസ് ഏറ്റുമുട്ടലിലൂടെ കീഴ്‌പ്പെടുത്തിയത്. ഏറ്റുമുട്ടലിനിടെ കാലിന് വെടിയേറ്റ ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

To advertise here,

കഴിഞ്ഞദിവസമാണ് മൊറാദാബാദില്‍ നടന്നുപോവുകയായിരുന്ന സ്ത്രീക്ക് നേരേ ലൈംഗികാതിക്രമമുണ്ടായത്. ബുര്‍ഖ ധരിച്ച സ്ത്രീയെ പിന്നിലൂടെയെത്തിയ യുവാവ് കടന്നുപിടിക്കുകയായിരുന്നു. പിന്നാലെ ഇയാള്‍ ഓടിരക്ഷപ്പെടുകയുംചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിനിടെയാണ് പോലീസിന്റെ പട്രോളിങ്ങിനിടെ പ്രതി പിടിയിലായത്. 

പോലീസ് പരിശോധനയ്ക്കിടെ ബൈക്കില്‍ അമിതവേഗത്തിലെത്തിയ പ്രതി കൈകാണിച്ചിട്ടും നിര്‍ത്താതെപോയി. ഇതോടെ പോലീസ് ഇയാളെ പിന്തുടര്‍ന്നു. ഇതിനിടെ ബൈക്ക് ചെളിയില്‍ തെന്നിവീണെങ്കിലും പ്രതി അവിടെനിന്നും എഴുന്നേറ്റ് ഓടിരക്ഷപ്പെടാന്‍ശ്രമിച്ചു. പോലീസ് സംഘവും ഇയാളുടെ പിന്നാലെയോടി. എന്നാല്‍, ഇതിനിടെ പ്രതി കൈയിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് പോലീസിന് നേരേ വെടിയുതിര്‍ത്തെന്നും ഇതോടെ പോലീസ് സംഘവും തിരിച്ചടിച്ചെന്നുമാണ് മൊറാദാബാദ് എസ്പിയുടെ വിശദീകരണം.

ഏറ്റുമുട്ടലിനിടെ കാലിന് വെടിയേറ്റ ആദിലിനെ പോലീസുകാരെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് ചോദ്യംചെയ്യലിലാണ് സ്ത്രീയോട് അപമര്യാദയായി പെരുമാറിയത് താനാണെന്ന് ഇയാള്‍ സമ്മതിച്ചത്. ഈ കേസില്‍ അറസ്റ്റ് ചെയ്യാനെത്തിയതെന്ന് കരുതിയാണ് പോലീസിനെ കണ്ടപ്പോള്‍ രക്ഷപ്പെടാന്‍ശ്രമിച്ചതെന്നും ഇയാള്‍ മൊഴിനല്‍കി.