
ലഖ്നൗ: മീററ്റിൽ മർച്ചന്റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും ചേർന്ന് അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹതകൾ തുടരുന്നു. പ്രതികളിലൊരാളായ മുസ്കാൻ റസ്തോഗിയുടെ ബോളിവുഡ് മോഹങ്ങളും സാമ്പത്തിക ഇടപാടുകളുമെല്ലാം പോലീസ് അന്വേഷിക്കുകയാണ്. സൗരഭ് രജ്പുത്തിനെ കൊലപ്പെടുത്തുകയും വെട്ടിനുറുക്കുകയും ചെയ്ത ശേഷം ഇദ്ദേഹത്തിന്റെ തലയും കൈകളും മറ്റൊരു പ്രതിയായ സാഹിൽ സ്വന്തം മുറിയിലേക്ക് കൊണ്ടുവന്ന് ദുർമന്ത്രവാദം നടത്തിയെന്നാണ് പോലീസ് പുറത്തുവിട്ടിരിക്കുന്ന ഏറ്റവും പുതിയ വിവരം.
സൗരഭ് രജ്പുത്തിന്റെ അതിക്രൂര കൊലപാതകവുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുതിയ വിവരങ്ങളാണ് അന്വേഷണസംഘത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സാഹിൽ ദുർമന്ത്രവാദം ചെയ്യാറുണ്ട് എന്ന് സൂചിപ്പിക്കുന്ന വിചിത്രമായ ചിത്രങ്ങളും ദുരൂഹതയുണർത്തുന്ന ചിഹ്നങ്ങളുമെല്ലാം ഇയാളുടെ മുറിയിൽ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. പോലീസ് എത്തുന്ന സമയത്ത് മുറിയിൽ ബിയർ ബോട്ടിലുകൾ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. സൗരഭിന്റെ തലയുൾപ്പെടെയുള്ള ശരീരഭാഗങ്ങൾ ദുർമന്ത്രവാദത്തിനുപയോഗിച്ച ശേഷം അവ തിരികെ മുസ്കാന്റെ വീട്ടിലെത്തിച്ചത്. ശേഷമാണ് ഇവ വീപ്പയിലിട്ട് സിമന്റ് നിറച്ചതെന്നും പോലീസ് സംശയിക്കുന്നു.
Also Read
സാഹിൽ മയക്കുമരുന്നിനടിമയും അതീന്ദ്രിയ ശക്തികളെ വിശ്വസിക്കുന്നയാളുമായിരുന്നെന്ന് പോലീസ് പറഞ്ഞു. അധികം ആരോടും സംസാരിക്കാത്ത പ്രകൃതക്കാരനുമാണിയാൾ. വീടിനുള്ളിലായിരുന്നു അധികനേരവും ചെലവഴിച്ചിരുന്നത്. സാഹിലിന്റെ അമ്മ വളരെ നേരത്തേ മരിച്ചുപോയിരുന്നു. അച്ഛൻ നോയിഡയിലാണ് താമസിക്കുന്നത്. സാഹിലിന്റെ അന്ധവിശ്വാസത്തെ മുസ്കാൻ മുതലെടുത്തിരുന്നതായും പോലീസ് പറയുന്നു. ഒരു വ്യാജ സ്നാപ്ചാറ്റ് അക്കൗണ്ട് ഉണ്ടാക്കി സാഹിലിന്റെ മരിച്ചുപോയ അമ്മയാണെന്ന വ്യാജേന ഇയാളുമായി സംസാരിക്കാറുണ്ടായിരുന്നുവെന്നും പോലീസ് അറിയിച്ചു.
കൈനിറയെ പണവുമായാണ് സൗരഭ് ലണ്ടനിൽനിന്ന് തിരിച്ചെത്തിയതെന്ന് ഇദ്ദേഹത്തിന്റെ സഹോദരൻ ബബ്ലു പറഞ്ഞു. ബോളിവുഡ് സിനിമയിൽ നായികയാവാൻ വേണ്ടി മുസ്കാൻ പലതവണ വീടുവിട്ടിട്ടുണ്ടെന്നും ഇത് ദമ്പതികൾ തമ്മിലുള്ള കലഹത്തിന് കാരണമായിട്ടുണ്ടെന്നും ബബ്ലു വിശദീകരിച്ചു. 2021-ൽ ഇരുവരും വിവാഹമോചനത്തിന് തയ്യാറെടുത്തിരുന്നു. എന്നാൽ സൗരഭിന്റെ കുടുംബം ഇതിന് സമ്മതിച്ചിരുന്നില്ല. സൗരഭിന്റെ പണമുപയോഗിച്ചാണ് മുസ്കാൻ വസ്തുവും പുതിയ ഐഫോണും വാങ്ങിയത്. പാസ്പോർട്ട് പുതുക്കുന്നതിനാണ് സൗരഭ് തിരിച്ചുവന്നത്. സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന മുസ്കാന്റെ കുടുംബവും സൗരഭിനെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയിൽ പങ്കാളികളായിട്ടുണ്ടെന്നും ബബ്ലു ആരോപിച്ചു.
സാമ്പത്തിക പ്രശ്നങ്ങളും മുസ്കാനും സാഹിലുമായുള്ള പ്രണയവുമാണ് സൗരഭിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികാന്വേഷണം വിരൽചൂണ്ടുന്നതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ആയുഷ് വിക്രം പ്രതികരിച്ചു. 12-ാംതരം മാത്രം വിദ്യാഭ്യാസമുള്ള സൗരഭിന്റെ ലണ്ടനിലെ ജോലിയേക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. മുസ്കാന്റെയും അമ്മയുടെയും അക്കൗണ്ടുകളിലേക്ക് സൗരഭ് മാറ്റിയ 6,00,000 രൂപ ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകളും പോലീസ് പരിശോധിച്ചുവരികയാണ്. രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത്. കുറ്റപത്രം സമർപ്പിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.
Content Highlights: Merchant Navy Officer Murder: Police uncover occult rituals and financial dealings
Published: 21 Mar 2025, 03:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented