ന്യൂഡല്‍ഹി: 13,000 കോടി രൂപയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ പ്രതിയായ ഇന്ത്യന്‍ രത്‌നവ്യാപാരി മെഹുല്‍ ചോക്‌സി ബെല്‍ജിയത്തില്‍ പിടിയിലായത് സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ക്കിടെ. കാന്‍സര്‍ ബാധിതനായതിനാല്‍ ചികിത്സയ്ക്കായി സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് പോകാനായിരുന്നു ചോക്‌സിയുടെ പദ്ധതി. ഇതിനായുള്ള നടപടിക്രമങ്ങളും ഏതാണ്ട് പൂര്‍ത്തിയായിരുന്നു. എന്നാല്‍, രാജ്യംവിടുന്നതിന് മുന്‍പാണ് ബെല്‍ജിയത്തിലെ ആന്റ്വര്‍പ്പില്‍നിന്ന് മെഹുല്‍ ചോക്‌സിയെ അധികൃതര്‍ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ട്. 

To advertise here,

വായ്പ തട്ടിപ്പ് കേസില്‍ പ്രതിയായ മെഹുല്‍ ചോക്‌സിക്കെതിരേ ഇന്ത്യയിലെ അന്വേഷണ ഏജന്‍സികളുടെ ആവശ്യപ്രകാരം ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ഏതാനുംനാളുകള്‍ക്ക് മുമ്പ് ഇന്റര്‍പോള്‍ നോട്ടീസ് പിന്‍വലിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. തുടര്‍ന്ന് ചോക്‌സിയെ പിടികൂടി ഇന്ത്യയിലെത്തിക്കാനായി ഇന്ത്യന്‍ ഏജന്‍സികള്‍ ശ്രമങ്ങള്‍ നടത്തിവരികയായിരുന്നുവെന്നും ഇതിനിടെയാണ് ഇന്ത്യന്‍ ഏജന്‍സികളുടെ അപേക്ഷയില്‍ ചോക്‌സിയെ ബെല്‍ജിയത്തില്‍നിന്ന് കസ്റ്റഡിയിലെടുത്തതെന്നുമാണ് വിവരം.

നിലവില്‍ ചോക്‌സിയെ എത്രയുംപെട്ടെന്ന് ഇന്ത്യയിലെത്തിക്കാനാണ് സിബിഐയുടെ ശ്രമം. ചോക്‌സിയെ വിട്ടുകിട്ടാനുള്ള നടപടിക്രമങ്ങളും ഇന്ത്യന്‍ ഏജന്‍സികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെഭാഗമായി മുംബൈയിലെ പ്രത്യേക കോടതി ചോക്‌സിക്കെതിരേ 2018-ലും 2021-ലും പുറപ്പെടുവിച്ച അറസ്റ്റ് വാറന്റുകളടക്കം ഇന്ത്യ ബെല്‍ജിയത്തിന് കൈമാറിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 

പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് കോടികള്‍ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ 2018-ലാണ് മെഹുല്‍ ചോക്‌സിയും ബന്ധുവായ നീരവ് മോദിയും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ സിബിഐയും ഇഡിയും കേസെടുത്തത്. എന്നാല്‍, അതേവര്‍ഷം തന്നെ മെഹുല്‍ ചോക്‌സി ഇന്ത്യയില്‍നിന്ന് മുങ്ങി. ആദ്യം അമേരിക്കയിലേക്കും അവിടെനിന്ന് ആന്റിഗ്വയിലേക്കുമാണ് ചോക്‌സി പറന്നത്.

നിക്ഷേപങ്ങളിലൂടെ ചോക്‌സിക്ക് ആന്റിഗ്വയിലെ പൗരത്വം ലഭിച്ചു. ഇതിനിടെ കാന്‍സര്‍ ചികിത്സയ്ക്കായി ചോക്‌സിയും ഭാര്യയും ബെല്‍ജിയത്തിലേക്ക് പോയി. പിന്നീട് ആന്റിഗ്വയില്‍ തിരികെ എത്തിയെങ്കിലും കഴിഞ്ഞവര്‍ഷം മുതല്‍ ഇരുവരും ബെല്‍ജിയത്തില്‍ വീണ്ടും താമസമാക്കി. അടുത്തിടെ മെഹുല്‍ ചോക്‌സിയും ഭാര്യ പ്രീതി ചോക്‌സിയും ബെല്‍ജിയത്തിലെ എഫ് റെസിഡന്‍സി കാര്‍ഡുകള്‍ നേടിയിരുന്നതായാണ് വിവരം. പ്രീതി ചോക്‌സിക്ക് ബെല്‍ജിയം പൗരത്വമുള്ളതിനാല്‍ മെഹുല്‍ ചോക്‌സിക്ക് എഫ് റെസിഡന്‍സി കാര്‍ഡ് എളുപ്പത്തില്‍ ലഭിച്ചു.

അതേസമയം, ഇന്ത്യന്‍, ആന്റ്വിഗന്‍ പൗരത്വം ഉപേക്ഷിക്കാതെ ബെല്‍ജിയം സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചാണ് മെഹുല്‍ ചോക്‌സി റെസിഡന്‍സി കാര്‍ഡ് നേടിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ മെഹുല്‍ ചോക്‌സി തന്റെ എഫ് റെസിഡന്‍സി കാര്‍ഡ് എഫ് പ്ലസ് റെസിഡന്‍സി കാര്‍ഡിലേക്ക് ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഇക്കാര്യം ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ അറിഞ്ഞതോടെയാണ് ചോക്‌സിയെ പിടികൂടാനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലായത്. എഫ് പ്ലസ് റെസിഡന്‍സി കാര്‍ഡ് ലഭിച്ചാല്‍ ബെല്‍ജിയത്തില്‍നിന്ന് ചോക്‌സിയെ വിട്ടുകിട്ടാന്‍ കൂടുതല്‍ പ്രയാസമാകും. ഇതോടെ ഇന്ത്യന്‍ ഏജന്‍സികള്‍ വിവരങ്ങള്‍ കൈമാറുകയും ബെല്‍ജിയം അധികൃതര്‍ റെസിഡന്‍സി കാര്‍ ഉയര്‍ത്താനുള്ള നീക്കങ്ങള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കുകയുമായിരുന്നു. 

നേരത്തെ ആന്റിഗ്വയില്‍നിന്ന് ക്യൂബയിലേക്കുള്ള യാത്രയ്ക്കിടെ ഡൊമിനിക്കയില്‍ ചോക്‌സി അറസ്റ്റിലായിരുന്നു. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനാണ് ചോക്‌സിയെ അന്ന് ഡൊമിനിക്കന്‍ അധികൃതര്‍ പിടികൂടിയത്. കാമുകിയുമായുള്ള ഉല്ലാസയാത്രയ്ക്കിടെയാണ് ചോക്‌സി ഡൊമിനിക്കയില്‍ പിടിയിലായതെന്നും റിപ്പോര്‍ട്ടുകളുണ്ടായി.

അതേസമയം, ആന്റ്വിഗന്‍ പൗരത്വമുള്ളതിനാല്‍ ചോക്‌സിയെ ഇന്ത്യയ്ക്ക് വിട്ടുനല്‍കാനാകില്ലെന്ന് ആന്റ്വിഗന്‍ അധികൃതര്‍ അറിയിച്ചിരുന്നു. ഇതിനിടെ, ചോക്‌സിയെ തിരികെ എത്തിക്കാനായി ഇന്ത്യയില്‍നിന്നുള്ള വിമാനം ഡൊമിനിക്കയില്‍ എത്തിയെങ്കിലും നിരാശയോടെ തിരികെ മടങ്ങുകയായിരുന്നു. അതേസമയം, ചോക്‌സിയെ ഡൊമിനിക്കയിലേക്ക് തട്ടിക്കൊണ്ടുപോയതാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകരുടെ ആരോപണം.