
മീററ്റ്: കോടതിയില്‍ തനിക്ക് സര്‍ക്കാര്‍ വക്കീലിന്റെ സേവനം വേണമെന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ യുവതി. മര്‍ച്ചന്റ് നേവി ഓഫീസറായ സൗരഭ് രാജ്പുതിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയും സൗരഭിന്റെ ഭാര്യയുമായ മുസ്‌കാന്‍ റസ്‌തോഗിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കുടുംബം തനിക്കെതിരാണെന്നും അതിനാല്‍ അവര്‍തന്നെ സഹായിക്കില്ലെന്നും മുസ്‌കാന്‍ പറഞ്ഞതായാണ് റിപ്പോർട്ട്..
കേസിലെ പ്രതികളായ മുസ്‌കാനും കാമുകന്‍ സഹില്‍ ശുക്ലയും മീററ്റ് ജില്ലാ ജയിലിലാണ് ഇപ്പോഴുള്ളത്. ജയിലിലെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള വ്യത്യസ്ത ബ്ലോക്കുകളിലാണ് ഇരുവരേയും പാര്‍പ്പിച്ചിട്ടുള്ളത്. സീനിയര്‍ ജയില്‍ സൂപ്രണ്ടായ വിരേഷ് രാജ് ശര്‍മ്മയോടാണ് മുസ്‌കാന്‍ സര്‍ക്കാര്‍ വക്കീല്‍ വേണമെന്ന ആവശ്യം ഉന്നയിച്ചത്.
Also Read
'കഴിഞ്ഞ ദിവസം മുസ്‌കാന്‍ എന്നെ കാണണമെന്ന് ആവശ്യപ്പെട്ടു. കുടുംബം തനിക്കെതിരാണെന്നും അതിനാല്‍ അവര്‍ കേസില്‍ നിയമസഹായം നല്‍കില്ലെന്നും മുസ്‌കാന്‍ പറഞ്ഞു. അതിനാല്‍ പ്രതിഭാഗം അഭിഭാഷകനായി സര്‍ക്കാര്‍ വക്കീല്‍ വേണമെന്നും അവള്‍ ആവശ്യപ്പെട്ടു. ഇത് അവരുടെ അവകാശമാണ്. അതിനാല്‍ ഞങ്ങള്‍ ഇക്കാര്യം കോടതിയെ അറിയിക്കും.' -വിരേഷ് രാജ് ശര്‍മ്മ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.
മാര്‍ച്ച് നാലിനാണ് സൗരഭിനെ മുസ്‌കാനും സഹിലും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ഭക്ഷണത്തില്‍ ഉറക്കഗുളിക ചേര്‍ത്ത് നല്‍കിയതിനെ തുടര്‍ന്ന് മയങ്ങിയ സൗരഭിനെ കത്തികൊണ്ട് കുത്തിയാണ് കൊന്നത്. പിന്നീട് ശരീരം കഷണങ്ങളാക്കി വെട്ടിനുറുക്കിയ ശേഷം ഒരു വീപ്പയ്ക്കുള്ളിലാക്കി സിമന്റ് ഇട്ട് അടയ്ക്കുകയും ചെയ്തു എന്നാണ് പോലീസ് പറയുന്നത്.
മകളുടെ പിറന്നാൾ ആഘോഷിക്കാനെത്തി, വെട്ടിനുറുക്കി വീപ്പയ്ക്കുള്ളിൽ മൂടി
2016-ൽ ആയിരുന്നു സൗരഭ് രജ്പുത്തും മുസ്‌കാന്‍ റസ്തോഗിയും പ്രണയിച്ച് വിവാഹിതരായത്. ഭാര്യയോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിച്ച സൗരഭ്, മർച്ചന്റ് നേവിയിലെ ജോലി ഉപേക്ഷിച്ചു. പ്രണയ വിവാഹവും ജോലി ഉപേക്ഷിച്ചതും സൗരഭിന്റെ കുടുംബത്തിന് ഇഷ്ടപ്പെട്ടില്ല. ഇത് തർക്കങ്ങൾക്ക് കാരണമായതോടെ സൗരഭും മുസ്‌കാനും ഒരു വാടകവീട്ടിലേക്ക് താമസം മാറി.
2019-ൽ ഇവർക്ക് ഒരു മകളും ജനിച്ചു. എന്നാൽ മുസ്‌കാന്‍ സുഹൃത്തായ സാഹിലുമായി പ്രണയത്തിലാണെന്ന് സൗരഭ് പിന്നീട് മനസ്സിലാക്കി. വിവാഹമോചനത്തെ കുറിച്ച് ആലോചിച്ചെങ്കിലും മകളുടെ ഭാവി ഓർത്ത് തീരുമാനത്തിൽനിന്ന് സൗരഭ് പിന്നോട്ടുപോയി. വീണ്ടും മർച്ചന്റ് നേവിയിൽ ചേരാനും അദ്ദേഹം തീരുമാനിച്ചു. 2023-ൽ ജോലിക്കായി അദ്ദേഹം രാജ്യംവിട്ടു.
ഫെബ്രുവരി 28-നായിരുന്നു ഇവരുടെ മകളുടെ ആറാം പിറന്നാൾ. മകളുടെ ജന്മദിനം ആഘോഷിക്കാനായി ഫെബ്രുവരി 24-ന് സൗരഭ് വീട്ടിലേക്കെത്തി. ഈ സമയം മുസ്‌കാനും സാഹിലും സൗരഭിനെ കൊല്ലാൻ പദ്ധതിയിട്ടിരുന്നു. മാർച്ച് നാലിന് മുസ്‌കാന്‍ സൗരഭിന്റെ ഭക്ഷണത്തിൽ ഉറക്കഗുളികകൾ കലർത്തി. സൗരഭ് മയങ്ങി കഴിഞ്ഞപ്പോൾ സാഹിലിനൊപ്പം ചേർന്ന് കത്തി ഉപയോഗിച്ച് സൗരഭിനെ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ശരീരം 15 കഷണങ്ങളാക്കി വെട്ടിനുറുക്കിയ ശേഷം ഒരു വീപ്പയ്ക്കുള്ളിലാക്കി. ഇതിനുമുകളിൽ സിമന്റ് ഇട്ട് അടയ്ക്കുകയും ചെയ്തു.
എന്നാൽ, സൗരഭിനെ പരിചയക്കാർ അന്വേഷിച്ചപ്പോൾ സ്ഥലത്തില്ലെന്നായിരുന്നു ഭാര്യയുടെ മറുപടി. മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനും സംശയം ഉണ്ടാകാതിരിക്കാനും സൗരഭിന്റെ ഫോണുമായി മുസ്‌കാനും സാഹിലും ഉത്തരാഖണ്ഡിലെ കൗസാനിയിലേക്ക് പോയി. സൗരഭിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വഴി ഫോട്ടോകൾ അപ്‌ലോഡ് ചെയ്യാനും തുടങ്ങി. എന്നാൽ ദിവസങ്ങളോളം ഫോൺ കോളുകൾ ചെയ്തിട്ടും സൗരഭ് പ്രതികരിക്കാഞ്ഞതോടെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് മുസ്‌കാനെയും സാഹിലിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ക്രൂരമായ കൊലപാതകം ഇരുവരും സമ്മതിച്ചു. സൗരഭിന്റെ ശരീരഭാഗങ്ങൾ അടങ്ങിയ ഡ്രം പോലീസ് കണ്ടെത്തി. സിമന്റിട്ട് ഉറപ്പിച്ചതിനാൽ ഡ്രിൽ മെഷീൻ ഉപയോഗിച്ച് ഡ്രം പൊളിച്ചാണ് ശരീരഭാഗങ്ങൾ പുറത്തെടുത്തത്. കൊല്ലപ്പെട്ട് 14 ദിവസത്തിന് ശേഷമായിരുന്നു സൗരഭിന്റെ മൃതദേഹം കണ്ടെടുത്തത്.
മകളെ തൂക്കിലേറ്റണമെന്ന് മുസ്കാന്റെ മാതാപിതാക്കൾ
മുസ്‌കാനും സാഹിലും മയക്കുമരുന്നിന് അടിമകളായിരുന്നുവെന്നും അവരുടെ കൂടിക്കാഴ്ചകൾ തടസ്സപ്പെടുമെന്ന സ്ഥിതി വന്നതോടെയാണ് സൗരഭിനെ കൊലപ്പെടുത്തിയത് എന്ന് പിതാവ് പറഞ്ഞു. ലഹരിമരുന്ന് ഉപയോഗം സൗരഭ് തടയുമെന്ന് സാഹിൽ ഭയപ്പെട്ടിരുന്നതായി മുസ്‌കാൻ തങ്ങളോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
'സൗരഭ് എപ്പോഴും മുസ്‌കാനെ പിന്തുണച്ചിരുന്നു. സൗരഭ് ലണ്ടനിലേക്ക് പോയപ്പോൾ മുസ്‌കാനെ തങ്ങളോടൊപ്പം താമസിപ്പിക്കാമെന്നു സൗരഭിനോട് പറഞ്ഞിരുന്നു. എന്നാൽ നിയന്ത്രണങ്ങള്‍ ഇഷ്ടമില്ലാതിരുന്നതിനാൽ അവൾ അതിന് തയ്യാറായില്ല. സൗരഭ് ലണ്ടനിലേക്ക് പോയശേഷം മകളുടെ ഭാരം ഏകദേശം 10 കിലോയോളം കുറഞ്ഞു. സൗരഭ് ഇല്ലാത്തതിൽ അവൾ അസ്വസ്ഥയാണെന്നാണ് ഞങ്ങൾ കരുതിയത്. എന്നാൽ, സാഹിൽ അവളെ മയക്കുമരുന്ന് ഉപയോഗിക്കാൻ നിർബന്ധിക്കുകയായിരുന്നുവെന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല', മാതാവ് കവിത റസ്‌തോഗി പ്രതികരിച്ചു.
'സൗരഭിന് നീതി ലഭിക്കണം. ഞങ്ങളുടെ മകളായിരുന്നു പ്രശ്നം. അവളാണ് സൗരഭിനെ അവന്റെ കുടുംബത്തിൽനിന്ന് വേർപെടുത്തിയത്. ഇപ്പോൾ അവൾ ഇത് ചെയ്തിരിക്കുന്നു. അവളെ തൂക്കിലേറ്റണം. അവൾക്ക് ജീവിക്കാനുള്ള അവകാശം നഷ്ടപ്പെട്ടു.' ദമ്പതികൾ കണ്ണീരോടെ ആവശ്യപ്പെട്ടു.
Content Highlights: ‘Family upset with me’: Meerut murder accused Muskan Rastogi requests for govt defense counsel
Published: 23 Mar 2025, 04:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented